തഴയപ്പെട്ടവർ ഇന്ന് ഒടിടിയിലെ താരങ്ങൾ; ഈ താരങ്ങളുടെ കരിയറിലെ കുതിച്ച് ചാട്ടത്തിന് പിന്നിൽ
ബിഗ് സ്ക്രീനിലെ താരങ്ങളെക്കാൾ ഡിമാന്റാണ് ഇന്ന് ഒടിടി താരങ്ങൾക്ക്. മുൻനിര നടീ നടൻമാർ വരെ ഒടിടിയോട് ഇന്ന് മുഖം തിരിക്കുന്നില്ല.
അഭിനേതാക്കളെ സംബന്ധിച്ച് അഭിനയിക്കാനുള്ള കഴിവിനൊപ്പം വേണ്ടത് അത് പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണ്.
നല്ല കഴിവുള്ള നടീ നടൻമാർ അർഹമായ അവസരങ്ങൾ ലഭിക്കാതെ ഇൻഡസ്ട്രിയിൽ തഴയപ്പെടുന്നത് പതിവ് കാഴ്ചയാണ്. അന്നും ഇന്നും നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടാറുമുണ്ട്.
സിനിമാ ലോകത്ത് ഭാഗ്യം ഒരു വലിയ ഘടകമാണെന്ന് പറയുന്നതിന് കാരണവും ഇതാണ്. കരിയറിലെ ഏത് ഘട്ടത്തിലാണ് മികച്ച അവസരം ഒരു അഭിനേതാവിന് ലഭിക്കുകയെന്ന് പറയാൻ പറ്റില്ല.
60ാം വയസ്സിൽ മിഷേൽ യൂ എന്ന നടി മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം നേടിയത് ഇതിന് ഉദാഹരണമാണ്.
ഇന്ത്യയിൽ ഒടിടിയുടെ കുത്തൊഴുക്കോടെ സംഭവിച്ചിരിക്കുന്ന നല്ല മാറ്റമെന്തെന്നാൽ മികച്ച അഭിനേതാക്കൾക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം വന്നിരിക്കുന്നു എന്നതാണ്.
തിയറ്റർ വ്യവസായത്തിനപ്പുറം ഒരു ആക്ടറെ കൂടുതൽ മികച്ച രീതിയിൽ ഉപയോഗിക്കാൻ ഒടിടി കണ്ടന്റുകൾക്ക് കഴിയുന്നു. ഇത്തരത്തിൽ ഒടിടി സീരീസുകളിലൂടെയും സിനിമകളിലൂടെയും ജനശ്രദ്ധ നേടിയ ഇന്ത്യൻ താരങ്ങളെ പരിചയപ്പെടാം.
ദിൽ ദഡ്കനേ ദോ, വഖ്ത് തുടങ്ങിയ സിനിമകളിലൂടെ കഴിവ് തെളിയിച്ച നടിയാണ് ഷെഫാലി ഷാ. എന്നാൽ സിനിമകളിൽ അർഹമായ അവസരങ്ങൾ വളരെ കുറച്ച് മാത്രമേ ഷെഫാലിക്ക് ലഭിച്ചുള്ളൂ.
നെറ്റ്ഫ്ലിക്സിലെ ഡെൽഹി ക്രെെം എന്ന സീരീസിലൂടെയാണ് ഷെഫാലിയുടെ കരിയർ മാറി മറിയുന്നത്. വൻ പ്രശംസ ഷെഫാലിക്ക് ഈ സീരിസിലൂടെ ലഭിച്ചു.

വർത്ഥിക ചതുർവേദി എന്ന കഥാപാത്രത്തെയാണ് ഷെഫാലി ഈ സിനിമയിൽ അവതരിപ്പിച്ചത്. ഡെൽഹി ക്രെെമിന് ശേഷം ഷെഫാലിക്ക് സിനിമകളിലും കൈ നിറയെ അവസരങ്ങൾ ലഭിച്ചു.
ആമസോൺ പ്രെെമിലെ തന്നെ മിർസാപൂർ എന്ന സീരീസിലൂടെയാണ് രശിക ദുഗൽ ജനപ്രീതി നേടുന്നത്. ഡെൽഹി ക്രെെമിലും ഒരു പ്രധാന വേഷം രശിക ചെയ്തു. ഇന്ന് ഒടിടി പ്രൊജക്ടുകളിലെ സ്ഥിര സാന്നിധ്യമാണ് രശിക.

മുൻ വിശ്വസുന്ദരിയായ സുസ്മിത സെന്നിനെ കരിയറിന്റെ തുടക്ക കാലത്ത് ബോളിവുഡ് വേണ്ട വിധത്തിൽ ഉപയോഗിച്ചിരുന്നില്ല. കരിയറിൽ ഇടക്കാലത്ത് വലിയ ഇടവേളയും സുസ്മിതയ്ക്ക് വന്നു.
ആര്യ എന്ന ഹോട്സ്റ്റാർ സീരീസിലൂടെയാണ് വൻ തിരിച്ചു വരവ് സുസ്മിത നടത്തിയത്. സീരീസിലെ കേന്ദ്ര കഥാപാത്രം സുസ്മിതയായിരുന്നു.
നടിയുടെ കരിയറിലെ ഐക്കണിക് കഥാപാത്രമായി ആര്യ സറീൻ എന്ന കഥാപാത്രം മാറി. സീരിസിന്റെ അടുത്ത സീസൺ അണിയറയിൽ ഒരുങ്ങുകയാണ്.
ഒടിടിയിലൂടെ ഇന്ത്യയിൽ നിന്നും ഉയർന്ന് വന്ന താരങ്ങളിൽ ആദ്യം വന്നത് രാധിക ആപ്തെയാണ്. ഒടിടി പ്രൊജക്ടുകളിലാണ് കരിയറിലെ മികച്ച പെർഫോമൻസ് രാധിക ആപ്തെ കാഴ്ച വെച്ചത്. സേക്രെഡ് ഗെയിംസ് എന്ന സീരീസ് നടിക്ക് വൻ പ്രശംസ നേടിക്കൊടുത്തു.

ഗ്യാംങ്സ് ഓഫ് വാസെയ്പൂർ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെച്ച പങ്കജ് ത്രിപാതിക്ക് പിന്നീട് നല്ല അവസരങ്ങൾ അധികം ലഭിച്ചില്ല. മിർസാപൂർ സീരീസിൽ ചെയ്ത വേഷം നടന്റെ കരിയറിലെ നാഴികക്കല്ലായി.

വൻ ആരാധക വൃന്ദം ഈ സീരീസിലൂടെ ഇദ്ദേഹത്തിന് ലഭിച്ചു. ലുഡൊ, മിമി തുടങ്ങിയ ഇദ്ദേഹത്തിന്റെ വർക്കുകളും റിലീസായത് ഒടിടിയിലിലാണ്.
സമാനമായി നിരവധി താരങ്ങൾക്ക് നല്ല അവസരങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിക്കുന്നു. അഭിനേതാക്കൾക്ക് പുറമെ എഴുത്തുകാർക്കും സംവിധായകർക്കും ഒടിടി ആശ്രയമാവുന്നു.


Click it and Unblock the Notifications











