'കരീന സ്വയം പിന്മാറിയതല്ല... ഒഴിവായിപ്പോകാൻ രാകേഷ് റോഷൻ നിർബന്ധിച്ചിരുന്നു'; വെളിപ്പെടുത്തി അമീഷ പട്ടേൽ!
ഹൃത്വിക് ചിത്രം കഹോ നാ പ്യാര്‍ ഹെയിലൂടെ ബോളിവുഡിലെത്തിയ നടിയാണ് നാല്‍പത്തിയേഴുകാരിയായ അമീഷ പാട്ടേൽ. സൗന്ദര്യവും കഴിവുമാണ് ആദ്യത്തെ സിനിമയിലൂടെ തന്നെ ബോളിവുഡിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ അമീഷയെ സഹായിച്ചത്. തുറന്ന് പറച്ചിലുകൾ നടത്താൻ ഒട്ടും മടിയില്ലാത്ത നടി കൂടിയാണ് അമീഷ.
2000ത്തിന്റെ തുടക്കത്തിൽ സമകാലികരായിരുന്ന കരീന കപൂർ, ഇഷ ഡിയോൾ, ഹൃത്വിക് റോഷൻ, അഭിഷേക് ബച്ചൻ തുടങ്ങിയവർക്ക് തന്നോട് അസൂയയായിരുന്നുവെന്ന് അമീഷ അടുത്തിടെ വെളിപ്പെടുത്തിയത് വൈറലായിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സമകാലികരായ താരങ്ങൾ തന്നിൽ നിന്നും സിനിമകൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് നടി ആരോപിച്ചത്.
തൊണ്ണൂറുകളിൽ ജീവിച്ചവർ ഏറ്റവും കൂടുതൽ ആഘോഷിച്ച സിനിമകളിൽ ഒന്നാണ് കഹോ നാ പ്യാര്‍ ഹെ. ചിത്രത്തിലെ ഓരോ രംഗങ്ങളും ഇന്നും പ്രേക്ഷകർക്ക് കാണാപാഠമാണ്. ഐതിഹാസിക സിനിമയിലേക്ക് ആദ്യം നായികയായി തിരഞ്ഞെടുത്തത് അമീഷയെയായിരുന്നില്ലെന്ന് പലർക്കും അറിയില്ല. ആദ്യം നായികയായി തെരഞ്ഞെടുത്തത് കരീന കപൂർ ഖാനെയായിരുന്നു.

രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രത്തോട് കരീന കപൂർ നോ പറഞ്ഞ് പിന്മാറുകയായിരുന്നുവെന്നും താരം നായികയായിരുന്നുവെങ്കിൽ കരീനയുടെ ആദ്യ ചിത്രം കഹോ നാ പ്യാര്‍ ഹെ ആകുമായിരുന്നുവെന്ന കഥ ബോളിവുഡിൽ വളരെ നാളുകളായി പ്രചരിക്കുന്നുണ്ട്. പിന്നീട് റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരീന അഭിനയത്തിലേക്ക് ചുവടുവെച്ചത്.
അതേസമയം കഹോ നാ പ്യാർ ഹെയിൽ കടൽത്തീരത്ത് നിന്നുള്ള ഒരു സീനുണ്ട്. ആ സീൻ നീക്കം ചെയ്യാത്തതിനാൽ സൂക്ഷിച്ച് നോക്കിയാൽ കരീനയെ കാണാം. അടുത്തിടെ അമീഷ പട്ടേൽ ഈ സിനിമയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തൽ നടത്തി. കരീന ചിത്രത്തിൽ നിന്ന് പിന്മാറിയതല്ലെന്നും നിർബന്ധം മൂലം പിന്മാറേണ്ടി വന്നതാണെന്നും അമീഷ പറയുന്നു.
കരീനയും സംവിധായകൻ രാകേഷ് റോഷനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതിനാലാണ് കരീനയോട് സിനിമയിൽ നിന്ന് പുറത്തുപോകാൻ രാകേഷ് റോഷൻ ആവശ്യപ്പെട്ടതെന്നാണ് അമീഷ പട്ടേൽ പറയുന്നത്. ഇക്കാര്യം രാകേഷ് റോഷൻ തന്നോട് പറഞ്ഞതായും താരം പങ്കുവെച്ചു.
കരീനയോട് സിനിമയിൽ നിന്നും പിന്മാറി പോകാൻ രാകേഷ് ആവശ്യപ്പെട്ടപ്പോൾ സിനിമയുടെ സെറ്റ് നേരത്തെ തന്നെ തയ്യാറാക്കിയിരുന്നതിനാൽ ഹൃത്വിക്കിന്റെ അമ്മയടക്കമുള്ളവർ കരീനയുടെ പിന്മാറ്റത്തിൽ അമ്പരന്നുവെന്നും ഏറ്റവും പ്രധാനമായി ഇത് ഹൃത്വിക്കിന്റെ ആദ്യ ചിത്രമായിരുന്നുവെന്നും അതിനാൽ എല്ലാവരും ഇതേക്കുറിച്ച് സമ്മർദ്ദത്തിലായിയെന്നും അമീഷ പറയുന്നു.

'യഥാർത്ഥത്തിൽ കരീന പിന്മാറിയതല്ല. രാകേഷ് റോഷൻ എന്നോട് പറഞ്ഞതിൽ നിന്ന് അവർ തമ്മിൽ അഭിപ്രായവ്യത്യാസമുള്ളതിനാൽ സിനിമ ഉപേക്ഷിക്കാൻ അദ്ദേഹം കരീനയോട് ആവശ്യപ്പെടുകയായിരുന്നു. ഹൃത്വിക്ക് റോഷന്റെ അമ്മ പിങ്കി ആന്റി പറഞ്ഞത് ഇങ്ങനെയായിരുന്നു.... ഞങ്ങൾ ഞെട്ടിപ്പോയി.'
'സെറ്റ് തയ്യാറായി കഴിഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ എങ്ങനെ നായിക വേഷം ചെയ്യാൻ നടിയെ കണ്ടെത്തും?. സെറ്റ് കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് നിർമിച്ചത്. അവ പൊളിച്ചുമാറ്റേണ്ടിവരുമെന്ന് സംശയിച്ചു. കൂടാതെ ഹൃത്വിക്കിന്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു... എല്ലാവരും ശരിക്കും സമ്മർദ്ദത്തിലായി', എന്നാണെന്നും അമീഷ പറയുന്നു. പിന്നീട് താൻ എങ്ങനെ നായികയായി എന്നതും അമീഷ വെളിപ്പെടുത്തി.
'സ്റ്റോക്ക് മാർക്കറ്റിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു വിവാഹ ചടങ്ങിൽ വെച്ച് രാകേഷ് റോഷൻ എന്നെ കണ്ടിരുന്നു. പിന്നീട് അദ്ദേഹം എന്നേയും അമ്മയേയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. അവിടെ വെച്ചാണ് സിനിമ വാഗ്ദാനം ചെയ്തത്. കല്യാണത്തിന് എന്നെ കണ്ട ശേഷം രാകേഷ് അങ്കിൾ രാത്രി മുഴുവൻ ഉറങ്ങിയില്ല. എനിക്ക് എന്റെ സോണിയയെ ലഭിച്ചുവെന്ന് ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പിങ്കി ആന്റി പിന്നീട് പറഞ്ഞിരുന്നുവെന്നും', അമീഷ വിശദമാക്കി.


Click it and Unblock the Notifications











