'ഞാൻ എപ്പോഴും അവനെ ഓർത്ത് അഭിമാനിച്ചിരുന്നു... ഒരിക്കൽ പോലും അവൻ മോശമായി പെരുമാറിയിട്ടില്ല'; അങ്കിത!
2020 ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടങ്ങളുണ്ടാക്കിയ വർഷമായിരുന്നു. ഋഷി കപൂർ, വാജിദ് ഖാൻ, ഇർഫാൻ ഖാൻ, ചിരഞ്ജീവി സർജ, സുശാന്ത് സിങ് രജ്പുത്ത് തുടങ്ങിയ താരങ്ങളുടെ വേർപാടുണ്ടായത് 2020ലാണ്. എല്ലാം ഞെട്ടിച്ച വേർപാടുകളായിരുന്നു. പ്രതീക്ഷിക്കാത്ത വാർത്തകളായിരുന്നു. അതിൽ സുശാന്ത് വിട്ടുപിരിഞ്ഞ വാർത്ത സിനിമാപ്രേക്ഷകർക്ക് ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒന്നായിരുന്നു. സീരിയലുകളിലൂടെ സിനിമയിലെത്തി തന്റേതായ സ്ഥാനം സുശാന്ത് നേടിയെടുത്തു.
സുശാന്ത് വെള്ളിത്തിരയിൽ അവതരിപ്പിച്ച വേഷങ്ങളെല്ലാം ഒരു സാധാരണ ഇന്ത്യൻ യുവാവിന്റെ തനി പകർന്നാട്ടങ്ങളായിരുന്നു. യാതൊരു കുടുംബ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു സാദാ മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് വന്ന് ബോളിവുഡിൽ വലിയ ഉയരങ്ങൾ താണ്ടിയവനായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയെല്ലാം നമ്മൾ നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടിട്ടുണ്ട്.

അതൊക്കെ കൊണ്ടാണ് സുശാന്തിന്റെ വേർപാട് ബോളിവുഡ് സിനിമകളുടെ സ്ഥിരം പ്രേക്ഷകർ അല്ലാത്തവരെ പോലും വേദനിപ്പിച്ചത്. അന്തരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും സുശാന്തിന്റെ മരണകാരണം ഇന്നും അവ്യക്തമാണ്. ബാന്ദ്രയിലെ തന്റെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
താരത്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയെന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മുന്‍ കാമുകിയായിരുന്നു സീരിയല്‍-സിനിമാ താരം അങ്കിത ലോഖണ്ഡെ. ഒന്നിച്ച് സീരിയലുകളില്‍ അഭിനയിച്ചിരുന്ന അങ്കിതയും സുശാന്തും പവിത്ര് റിശ്ത എന്ന സീരിയലിന്റെ സെറ്റില്‍ വെച്ചാണ് പ്രണയത്തിലായത്.
ഇരുവരും ഭാര്യാഭര്‍ത്തക്കന്‍മാരായാണ് സീരിയലില്‍ വേഷമിട്ടത്. സുശാന്തുമായി വേർപിരിഞ്ഞശേഷം താരം വിവാഹിതയായി. ഇപ്പോൾ അങ്കിത ബിഗ് ബോസ് 17 എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഷോയിലെ ഗെയിമിന്റെ പ്ലാനും നിലപാടും കൊണ്ട് അങ്കിത ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടുന്നുണ്ട്. അതുമാത്രമല്ല കഴിഞ്ഞ ദിവസം അങ്കിത സുശാന്ത് സിങിനെ കുറിച്ച് സഹമത്സരാർത്ഥികളോട് സംസാരിച്ചിരുന്നു.
പതിവായി സുശാന്തിനെ കുറിച്ച് അങ്കിത ഹൗസിനുള്ളിൽ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സുശാന്തിനെ കുറിച്ച് അങ്കിത പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താൻ എപ്പോഴും സുശാന്തിനെ ഓർത്ത് അഭിമാനിച്ചിരുന്നുവെന്നും ഒരിക്കൽ പോലും സുശാന്ത് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് അങ്കിത പറയുന്നത്.

കരിയറിലെ ഏറ്റവും താഴ്ന്ന ഘട്ടങ്ങളിലൂടെ സുശാന്ത് സഞ്ചരിച്ചപ്പോഴെല്ലാം താൻ അദ്ദേഹത്തോടൊപ്പം നിൽക്കുകയും മനോവീര്യം ഉയർത്തുകയും ചെയ്തിരുന്നുവെന്നും അങ്കിത പറയുന്നു. സുശാന്തിന്റെ ധോണി ദി അൺടോൾഡ് സ്റ്റോറിയുടെ ചിത്രീകരണ വേളയിൽ താൻ ഒപ്പമുണ്ടായിരുന്നുവെന്നും അങ്കിത വെളിപ്പെടുത്തി. 'ധോണി ദി അൺടോൾഡ് സ്റ്റോറിയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഞാനും റാഞ്ചിയിൽ പോയിരുന്നു. ഞങ്ങൾ എം എസ് ധോണിയുടെ വീട്ടിലും പോയിരുന്നു.'
'അവിടെ ഞങ്ങൾ ഒരുപാട് സമയം ചിലവഴിച്ചു. എല്ലാം നല്ലതിന് സംഭവിക്കുന്നു. സുശാന്ത് സന്തോഷവാനായിരുന്നു. ഞാൻ എപ്പോഴും അവനെക്കുറിച്ച് അഭിമാനിച്ചിരുന്നു. അവൻ ഒരിക്കലും എന്നോട് മോശമായി പെരുമാറിയിട്ടില്ല. പക്ഷെ ആ ഒരു മാസത്തിനുള്ളിൽ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി പിരിഞ്ഞു.'
'എനിക്ക് എപ്പോഴും സുശാന്തിൽ വിശ്വാസമുണ്ടായിരുന്നു. പലരും അവനെ കളിയാക്കുമായിരുന്നു. പക്ഷെ ഞാൻ അവനോട് എപ്പോഴും പറയുമായിരുന്നു... നീ വിജയിക്കുമെന്ന്. ഞങ്ങൾ പരസ്പരം ശക്തമായി നിന്നിരുന്നു. അവൻ വളരെ കഴിവുള്ളവനും കഠിനാധ്വാനിയും', ആയിരുന്നു എന്നാണ് അങ്കിത പറഞ്ഞത്. അതേസമയം ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിനെ കുറിച്ചും കഴിഞ്ഞ ദിവസം അങ്കിത സംസാരിച്ചിരുന്നു.
'സുശാന്ത് പെട്ടെന്നാണ് അപ്രത്യക്ഷനായത്. അവന്‍ വിജയിച്ചുകൊണ്ടിരുന്നതിനാല്‍ മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്തുകൊണ്ടാണ് എന്നെ ബ്രേക്കപ്പ് ചെയ്യുന്നത് എന്നതിന് ഒരു മറുപടിയും സുശാന്ത് തന്നിട്ടില്ല', എന്നാണ് അങ്കിത പറഞ്ഞത്.


Click it and Unblock the Notifications











