വിവാഹം രഹസ്യമാക്കി വെച്ചത് നാല് വര്‍ഷം, വീട്ടുകാരെ പോലും അറിയിച്ചില്ല, വെളിപ്പെടുത്തി നടി
ഹാസ്യ വേഷങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് നടി അര്‍ച്ചന പുരന്‍ സിങ്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായും അര്‍ച്ചന എത്തിയിരുന്നു. കപില്‍ ശര്‍മ്മ ഷോ പോലുളള ജനപ്രിയ പരിപാടികളിലെല്ലാം ജഡ്ജായി നടി പങ്കെടുത്തു. അതേസമയം തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം അര്‍ച്ചന പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം വിവാഹിതയായ വിവരം മറച്ചുവെച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്.

ഗായിക നേഹ കക്കറും ഭര്‍ത്താവും അതിഥികളായി പങ്കെടുത്ത കപില്‍ ശര്‍മ്മ ഷോയുടെ എപ്പിസോഡിലാണ് നടി ഇക്കാര്യം പറഞ്ഞത്. നടന്‍ പര്‍മീത് സേതിയാണ് അര്‍ച്ചനയെ വിവാഹം കഴിച്ചത്. അര്‍ച്ചന അഭിനേത്രിയായതുകൊണ്ട് ഇവരുടെ വിവാഹത്തിന് പര്‍മീതിന്റെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. എന്നാല്‍ തന്‌റെ ജീവിതപങ്കാളിയായി അര്‍ച്ചന തന്നെ വേണമെന്ന് പര്‍മീതിന് നിര്‍ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ഒരു പൂജാരിയെ കണ്ട ശേഷം രഹസ്യമായി വിവാഹം കഴിച്ചു.
ആ സമയത്ത് സെയ്ഫ് അലി ഖാന്റെ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അര്‍ച്ചന. രണ്ട് പേരും വീണ്ടും സിനിമാ തിരക്കുകളില്‍ ആയതോടെ വിവാഹകാര്യം മറച്ചുവെച്ചു. തുടര്‍ന്ന് നാല് വര്‍ഷത്തോളമാണ് വിവാഹിതരായെന്ന കാര്യം മാതാപിതാക്കളോട് പറയാതിരുന്നതെന്ന് അര്‍ച്ചന പറഞ്ഞു. ഇന്നത്തെ പോലെ അന്ന് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതുകൊണ്ടാണ് അതിന് സാധിച്ചതെന്നും നടി പറഞ്ഞു. 1992ലായിരുന്നു അര്‍ച്ചനയും പര്‍മീതും വിവാഹിതരായത്. ആര്യമന്‍, ആയുഷ്മന്‍ എന്നിങ്ങനെയാണ് താരദമ്പതികളുടെ മക്കളുടെ പേര്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ 28ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
Recommended Video
1982ല്‍ പുറത്തിറങ്ങിയ നിക്കാഹ് എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ച്ചന ബോളിവുഡിലെത്തിയത്. തുടര്‍ന്ന് അറുപതിലധികം സിനിമകളിലാണ് നടി അഭിനയിച്ചത്. സൂപ്പര്‍താരങ്ങളുടെയെല്ലാം ചിത്രങ്ങളില്‍ അര്‍ച്ചന ചെയ്ത കോമഡി റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമകള്‍ക്കൊപ്പം മിനിസ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം. നിരവധി ഷോകളില്‍ അവതാരകയായും മല്‍സരാര്‍ത്ഥിയായും വിധികര്‍ത്താവായും നടി പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മുതലാണ് കപില്‍ ശര്‍മ്മ ഷോയില്‍ നവജ്യോത് സിങ് സിദ്ധുവിന് പകരം അര്‍ച്ചന എത്തിയത്. കോമഡി റോളുകള്‍ക്ക് പുറമെ ഐറ്റം ഡാന്‍സുകളിലും ഗ്ലാമറസ് റോളുകളിലും അര്‍ച്ചന അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











