'ദീപിക പദുകോൺ അമ്മയാകാൻ പോകുന്നു...'; സെപ്റ്റംബറിൽ തനിക്കും രൺവീറിനും കുഞ്ഞ് പിറക്കുമെന്ന് ദീപിക!
ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിങും ദീപിക പദുകോണും. സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ദീപിക പദുക്കോണും രൺവീർ സിങും പ്രണയത്തിലാകുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. സ്വഭാവത്തിൽ തീർത്തും വ്യത്യസ്തരാണ് ദീപികയും രൺവീറും. ഈ വ്യത്യാസം തന്നെയാണ് രൺവീർ-ദീപിക പ്രണയ ജോഡികളെ ജനപ്രിയമാക്കുന്നതും.
വിവാഹിതരായി അഞ്ച് വർഷം പിന്നിട്ടിട്ടും ഇരുവർക്കും കുഞ്ഞുങ്ങളില്ല. ആലിയയും രൺബീർ കപൂറുമെല്ലാം മാതാപിതാക്കളായപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചത് ദീപികയ്ക്കും രൺവീറിനും കുഞ്ഞ് പിറന്നുവെന്ന വാർത്തയാണ്. അത് പക്ഷെ ഇതുവരെ ഇരുവരുടെയും ആരാധകർക്ക് സാധിച്ചിട്ടില്ല. കാരണം രണ്ടുപേരും കഴിഞ്ഞ അഞ്ച് വർഷങ്ങളായി കരിയർ കെട്ടിപടുക്കുന്ന തിരക്കിലായിരുന്നു.

എന്നാൽ ഇപ്പോഴിതാ രണ്ടുപേരും മാതാപിതാക്കളാകാൻ ഒരുങ്ങുകയാണ്. ഈ വർഷം സെപ്റ്റംബറോടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി വരുമെന്ന സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ് പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ ദീപിക പദുകോൺ. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് തനിക്കും രൺവീറിനും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ദീപിക പദുകോൺ ആരാധകരെ അറിയിച്ചത്.
കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാർത്തയായതുകൊണ്ട് തന്നെ പ്രഗ്നൻസി അനൗൺസ് ചെയ്തുള്ള ദീപികയുടെ പോസ്റ്റ് അതിവേഗത്തിൽ വൈറലായി. ഇപ്പോൾ ദീപികയുടെയും രൺവീറിന്റെയും സോഷ്യൽമീഡിയ പോസ്റ്റിലേക്ക് ആശംസകളുടെ ഒഴുക്കാണ്. സെലിബ്രിറ്റികൾ അടക്കം താരദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തി.
ഇരുപത്തൊന്ന് മിനിറ്റിനുള്ളിൽ അഞ്ച് ലക്ഷത്തിന് മുകളിൽ ലൈക്കും പന്ത്രാണ്ടായിരത്തിന് മുകളിൽ കമന്റുകളും ദീപികയുടെ പ്രഗ്നൻസി അനൗൺസ്മെന്റ് പോസ്റ്റിന് ലഭിച്ചു. പ്രസവം ഈ വർഷം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് മാത്രമാണ് ദീപിക അറിയിച്ചിരിക്കുന്നത്. ഇപ്പോൾ താരം രണ്ട് മാസം ഗർഭിണിയായിരിക്കുമെന്ന് മാസങ്ങൾ കണക്കുകൂടി ചിലർ കമന്റ് ചെയ്തിട്ടുമുണ്ട്.
ഇന്ന് കണ്ടതിൽ ഏറ്റവും സന്തോഷം പകർന്ന വാർത്തയിതാണെന്നും അഭിനന്ദിക്കാൻ വാക്കുകളിലെന്നുമാണ് താര ജോഡിയുടെ ആരാധകർ കുറിക്കുന്നത്. സെപ്റ്റംബർ മുതൽ ദീപികയ്ക്ക് രണ്ട് കുഞ്ഞുങ്ങളെ മാനേജ് ചെയ്യേണ്ടി വരുമെന്ന് രൺവീറിനെ കളിയാക്കി കമന്റ് ചെയ്തവരും നിരവധിയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ദീപിക ഗർഭിണിയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

മാത്രമല്ല എപ്പോഴും ഗ്ലാമർ വേഷങ്ങളിൽ പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ള ദീപിക അടുത്തിടെയായി വയറ് മറച്ചുള്ള വസ്ത്രങ്ങൾ മാത്രമാണ് ധരിക്കാറുള്ളത്. താരം ഗര്‍ഭിണിയാണെന്ന് ദി വീക്കാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബാഫ്റ്റ പുരസ്‌കാര ചടങ്ങില്‍ എത്തിയപ്പോള്‍ തന്റെ വയര്‍ മനപൂര്‍വ്വം മറച്ചുപിടിക്കുന്ന ദീപികയുടെ ദൃശ്യങ്ങളും അടുത്തിടെ വൈറലായിരുന്നു. അടുത്തിടെ അമ്മയാകാൻ ആഗ്രഹമില്ലേയെന്ന നിരന്തരമായി കേൾക്കുന്ന ചോദ്യത്തോട് ദീപിക മറുപടി നൽകിയതും വൈറലായിരുന്നു. തീർച്ചയായും അമ്മയാകാൻ ആഗ്രഹമുണ്ട്.
രൺവീറും ഞാനും കുട്ടികളെ സ്‌നേഹിക്കുന്നു. ഞങ്ങൾ സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുള്ള ആളുകൾ അവർ ഇപ്പോൾ കാണുമ്പോഴും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് പറയാറുണ്ട്. ഞാൻ വളർന്നുവന്ന രീതിയുടെ ഗുണമാണ് അത്.
എന്റെ കുടുംബമാണ് അതിന് കാരണം. രൺവീറും ഞാനും ഞങ്ങളുടെ കുട്ടികളിലും അതേ മൂല്യങ്ങൾ വളർത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ദീപിക പറഞ്ഞത്. 2023ൽ ഷാരൂഖ് ഖാന്റെ പത്താൻ, ജവാൻ എന്നീ ചിത്രങ്ങളാണ് ദീപിക പദുക്കോണിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം. സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിന്റെ ഫൈറ്റർ എന്ന ചിത്രത്തിലാണ് ദീപിക അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഹൃത്വിക് റോഷനൊപ്പമാണ് ദീപിക ഫൈറ്ററിൽ പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications