അർദ്ധരാത്രിയിലാണ് വേര്‍പിരിയാമെന്ന മെസേജ് വരുന്നത്! കാരണമറിയാതെ വേദനിച്ചു; ഭർത്താവിന്റെ തമാശയെ പറ്റി ജെനീലിയ
ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സെന്ന് അറിയപ്പെടുന്നവരാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. 2012 ല്‍ വിവാഹിതരായ താരങ്ങള്‍ ഇപ്പോള്‍ വിവാഹിതരായ ദമ്പതിമാരെ പോലെയാണ് ജീവിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഒരുമിച്ച് രസകരമായ റീല്‍സുമായി എത്താറുണ്ട്. ഇത്തരം വീഡിയോസ് വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്.
അതേ സമയം റിതേഷ് ഒരിക്കല്‍ തന്നെ പറ്റിച്ചതിനെ പറ്റി ജെനിലീയ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് അര്‍ദ്ധരാത്രിയില്‍ റിതേഷ് തനിക്കൊരു ബ്രേക്കപ്പ് മെസേജ് അയച്ചുവെന്നും ശേഷം തനിക്കുണ്ടായ വേദനയെ കുറിച്ചും നടി വെളിപ്പെടുത്തിയത്.

വിവാഹിതരായി ദശാബ്ദത്തിലേറെയായ ദമ്പതികള്‍ ഇപ്പോഴും ബോളിവുഡിലെ ജനപ്രിയ ദമ്പതിമാരായി നിറഞ്ഞ് നില്‍ക്കുകയാണ്. പലപ്പോഴും റീല്‍സ് വീഡിയോയില്‍ പരസ്പരം കളിയാക്കിയും തമാശനിറഞ്ഞതുമായ കണ്ടെന്റുകളുമായിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ജീവിതത്തെ അത്രയും സന്തോഷകരമായി കൊണ്ട് പോകാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ടെന്ന് അതില്‍ നിന്നും വ്യക്തമാവും.
എന്നിരുന്നാലും റിതേഷ് എപ്പോഴെങ്കിലും തമാശ കളിക്കുകയോ പറ്റിക്കുയോ ചെയ്തിട്ടുണ്ടോന്നാണ് അഭിമുഖത്തില്‍ അവതാരക ജെനീലിയയോട് ചോദിച്ചത്. തങ്ങള്‍ ഡേറ്റിംഗിലായിരുന്നപ്പോള്‍ അത്തരമൊരു സംഭവം നടന്നിരുന്നുവെന്നാണ് നടി പറഞ്ഞത്. ഞങ്ങള്‍ പരസ്പരം ഡേറ്റിംഗിലായിരുന്നപ്പോള്‍ ഒരു ഏപ്രില്‍ ഫൂള്‍ ദിനത്തിലായിരുന്നു സംഭവം.
ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ റിതേഷ് എനിക്കൊരു മെസേജ് അയച്ചു. 'നമ്മള്‍ക്ക് എല്ലാം അവസാനിപ്പിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. എന്നിട്ട് പുള്ളി ഉറങ്ങാന്‍ പോയി. റിതേഷ് വളരെ വൈകിയാണ് ഉറങ്ങാറ്, ഞാന്‍ നേരത്തെ ഉറങ്ങുകയും ചെയ്യും. രാത്രി ഏകദേശം 1 മണിക്കാണ് അദ്ദേഹം എനിക്ക് മെസേജ് അയച്ചത്. എന്നിട്ട് ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ 2:30 ന് ഞാനത് വായിച്ചു.
വേര്‍പിരിയാന്‍ മാത്രം എന്താ പ്രശ്‌നമെന്ന് ആലോചിച്ച് ഞാനാകെ വിഷാദത്തിലായി പോയി. എന്ത് തെറ്റാണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായില്ലെന്നും രാവിലെ 9 മണി വരെ ഞാന്‍ സംഭവിച്ചതെന്താണെന്ന് മനസിലാകാതെ ആകെ നിരാശയിലായി പോയെന്നും ശ്രേയ ഗോധാവത്തുമായുള്ള അഭിമുഖത്തില്‍ ജെനീലിയ കൂട്ടിച്ചേര്‍ത്തു.
താന്‍ രാത്രിയില്‍ എന്താണ് ചെയ്തന്ന് പോലും ഓര്‍ക്കാതെയാണ് റിതേഷ് രാവിലെ ഉറക്കം ഉണര്‍ന്നത്. എഴുന്നേറ്റ ഉടനെ എന്നെ വിളിച്ചു, 'ഹായ്, എന്താണ് വിശേഷമെന്ന് ചോദിച്ചു' എല്ലാം അവസാനിപ്പിച്ച സ്ഥിതിയ്ക്ക് നമ്മള്‍ ഇനി സംസാരിക്കണ്ടേതില്ലെന്നും എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഞാന്‍ തിരിച്ച് പറഞ്ഞു.

എന്നിട്ടും അദ്ദേഹത്തിന് കാര്യം മനസിലായില്ല. എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും എന്ത് തെറ്റാണ് സംഭവിച്ചതെന്നും പുള്ളി ചോദിച്ചു. സത്യത്തില്‍ ഒന്നും സംഭവിക്കാത്തത് പോലെയാണോ നിങ്ങള്‍ പെരുമാറുന്നതെന്ന് ചോദിച്ച് ഞാന്‍ ആ സന്ദേശത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. അപ്പോഴാണ് പുള്ളിയ്ക്കത് ഓര്‍മ്മ വന്നത്.
ഏപ്രില്‍ ഫൂള്‍ ദിനമായത് കൊണ്ട് താന്‍ ചെയ്‌തൊരു പ്രാങ്ക് മാത്രമായിരുന്നു അതെന്നായി പുള്ളി. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ആരാണ് തമാശ പറയുന്നതെന്നായി ഞാന്‍. എന്തായാലും റിതേഷ് സത്യാവസ്ഥ ബോധ്യപ്പെടുത്തിയതോടെ ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഇതേ അഭിമുഖത്തില്‍ ഭര്‍ത്താവായ ശേഷമുള്ള റിതേഷിനെ കുറിച്ചും നടി സംസാരിച്ചു. 'റിതേഷ് ദേശ്മുഖ് ഒരു ഉത്തമ ഭര്‍ത്താവാണ്. സ്ത്രീകളോടും ഭാര്യയോടും അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ട്. എനിക്ക് ഷൂട്ടിങ്ങിന് പോകേണ്ട സമയത്തെല്ലാം അദ്ദേഹം വീട്ടിലുണ്ടാവും.
ഒരു വീട്ടമ്മയെ പോലെ നില്‍ക്കും. അത് മാന്യതയോടെയും തികഞ്ഞ സ്വീകാര്യതയോടെയും ചെയ്യുന്നതാണ്. അത് എന്റെ മാത്രം ജോലിയാണെന്ന് പറയാതെ എല്ലാ കാര്യത്തിലും ഒരുപോലെ ഷെയര്‍ ചെയ്യുന്ന ഒരു പങ്കാളിയാണ്, റിതേഷ് വളരെ ലളിതവും സുന്ദരനുമായ വ്യക്തിയാണ്. അദ്ദേഹത്തെ വിവാഹം കഴിക്കുന്നത് താന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ്. ഞാന്‍ ശരിക്കും ഭാഗ്യവതിയാണെന്നും. നടി പറയുന്നു.


Click it and Unblock the Notifications











