'താരപുത്രി ജാൻവി കപൂർ പ്രണയത്തിൽ'; കാമുകനൊപ്പമുള്ള താരത്തിന്റെ ഡേറ്റിങ് ചിത്രങ്ങൾ വൈറലാകുന്നു!
നടി ശ്രീദേവിയുടെ വേർപാട് സംഭവിച്ചിട്ട് നാല് വർഷം പിന്നിട്ടിട്ടും ഇന്ത്യൻ സിനിമയ്ക്കോ താരത്തിന്റെ സഹപ്രവർത്തകർക്കോ സിനിമാ പ്രേമികൾക്കോ ആ മരണം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇനിയും ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകേണ്ടിയിരുന്ന പ്രതിഭയായിരുന്നു ശ്രീദേവി. ശ്രീദേവിയെ പ്രേക്ഷകർ ഇപ്പോൾ കാണുന്നതും സ്നേഹിക്കുന്നതും മൂത്ത മകൾ ജാൻവി കപൂറിലൂടെയാണ്. അമ്മയെപ്പോലെ അതീവ സുന്ദരിയും അഭിനയത്തിൽ പ്രതിഭയും ജാൻവിക്കുണ്ട്.
ജാൻവി സിനിമയിൽ അഭിനയിക്കുന്നത് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ശ്രീദേവിയായിരുന്നു. എന്നാൽ ജാൻവിയുടെ ആദ്യ സിനിമ ധടക്കിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ശ്രീദേവി മരിച്ചത്. വെറും നാല് സിനിമകൾ അഭിനയിച്ചുകൊണ്ട് ബോളിവുഡിലെ മുൻനിര നടിയായി ജാൻവി കപൂർ മാറി കഴിഞ്ഞു. ധടക്കിൽ ഇഷാൻ ഖട്ടറായിരുന്നു ജാൻവിയുടെ നായകൻ. ധടക്കിന് ശേഷം ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്സേന, റൂഹി തുടങ്ങിയ സിനിമകളും ജാൻവി ചെയ്തു.

അമ്മയെപ്പോലെ അതീവ സുന്ദരിയായ ജാൻവിക്ക് നിരവധി ആരാധകരാണുള്ളത്. താരപുത്രി പുറത്തിറങ്ങുമ്പോഴെല്ലാം പാപ്പരാസികൾ വിടാതെ പിന്തുടരാറുമുണ്ട്. ഇപ്പോൾ ജാൻവി കപൂർ പ്രണയത്തിലാണ് എന്നുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും വരുന്നത്. കഴിഞ്ഞ ദിവസം ഒരു അഞ്ജാത യുവാവിനൊപ്പം ജാൻവി ഡിന്നർ ഡേറ്റിന് പോയി തിരികെ വരുന്ന ചിത്രങ്ങൾ പാപ്പരാസികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പതിവായി ജാൻവിക്കൊപ്പം ഉണ്ടാകാറുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നും ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് ജാൻവിയുടെ കാമുകനായിരിക്കുമോ ഇതെന്ന സംശയത്തിലേക്ക് പാപ്പരാസികളെ എത്തിച്ചത്.

ഇതുവരേയും ജാൻവിയുമായി ബന്ധപ്പെട്ട് പ്രണയ ഗോസിപ്പുകളൊന്നും വന്നിട്ടില്ല. ഇത് ആദ്യമാണ്. ബാദ്രയിലെ ഹോട്ടലിൽ വെച്ചാണ് ആൺ സുഹൃത്തിനൊപ്പം ജാൻവി പാപ്പരാസികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഇരുവരും കൈകൾ ചേർത്ത് പിടിച്ച് നടന്ന് വന്നാണ് കാറിൽ കയറിയത്. നിയോൺ നിറത്തിലുള്ള ടീ ഷർട്ടായിരുന്നു ജാൻവിയുടെ ആൺസുഹൃത്ത് ധരിച്ചിരുന്നത്. കറുപ്പ് നിറത്തിലുള്ള ബോഡി കോൺ ഡ്രസ്സായിരുന്നു ജാൻവിയുടെ വേഷം. ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ജാൻവിയുടെ കാമുകന്റെ പേര് വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകരും. സോഷ്യൽമീഡിയയിൽ വളരെ സജീവമായിട്ടുള്ള താരം കൂടിയാണ് ജാൻവി കപൂർ.

ഇരുപത്തഞ്ചുകാരിയായ ജാൻവി കപൂർ യാത്രകൾ, ഭക്ഷണം, വ്യായാമം, വിശ്രമം, ഫോട്ടോഷൂട്ടുകൾ എന്നീ വിശേഷങ്ങളെല്ലാം നിരന്തരം സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗുഡ്ലക്ക് ജെറി, മിലി എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ജാൻവി കപൂർ സിനിമകൾ. ജാൻവി കപൂറിനെ നായികയാക്കി മലയാളിയായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന സിനിമയാണ് മിലി. ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. ജാൻവിയുടെ അച്ഛനും നിർമാതാവുമായ ബോണി കപൂർ ആണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിൽ അന്ന ബെന്നിനെ നായികയായി 2019ൽ റിലീസ് ചെയ്ത ഹെലന്റെ റീമേക്ക് ആണ് മിലി.

മാത്തുക്കുട്ടി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. ചിത്രീകരണത്തിന്റെ അവസാനദിവസം ഹൃദയസ്പർശിയായ കുറിപ്പ് ജാൻവി പങ്കുവെച്ചിരുന്നു. മലയാളത്തിലേക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് കൊണ്ടുവന്ന സിനിമയാണ് ഹെലൻ. കഥയിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സർവൈവൽ ത്രില്ലർ ആയിരുന്നു ചിത്രം. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന് അഭിമാനമായ രണ്ട് അവാർഡുകളാണ് ഹെലെൻ വാങ്ങികൂട്ടിയത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും ചിത്രം നേടി. ഹെലൻ സിനിമയുടെ തമിഴ് പതിപ്പ് അൻപിർക്കിനിയാൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങളിൽ അരുൺ പാണ്ഡ്യനും മകൾ കീർത്തി പാണ്ഡ്യനും അഭിനയിച്ചു. തമിഴിൽ ശ്രദ്ധേയ സിനിമകളൊരുക്കിയ ഗോകുലായിരുന്നു സിനിമയുടെ സംവിധായകൻ.


Click it and Unblock the Notifications











