'ഷാരൂഖിനേയും ആര്യനേയും ആ സമയത്ത് സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി'; ആത്മമിത്രത്തെ കുറിച്ച് ജൂഹി ചൗള!
ബോളിവുഡ് കിങ് ഷാരൂഖ് ഖാനും നടി ജൂഹി ചൗളയും വർഷങ്ങളായി സുഹൃത്തുക്കളാണ്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥരാണ് ഇരുവരും. ഐപിഎൽ 2021ന്റെ ലേലത്തിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ജൂഹി ചൗളയുടെ മകൾ ജാൻവി മെഹ്ത്തയുമാണ് പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഷാരൂഖും ജൂഹിയും അടുത്ത സുഹൃത്തുക്കളായിരിക്കുന്നത് പോലെ തന്നെയാണ് ആര്യനും ജൂഹിയുടെ മകൾ ജാൻവിയും സൗഹൃദം കൊണ്ടുപോകുന്നത്. ഷാരൂഖിന്റെ എന്ത് ആവശ്യങ്ങളിലും എപ്പോഴും കൂടെയുണ്ടാകുന്ന വളരെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ജൂഹി. 2021 ഷാരൂഖിന് വളരെ മോശം വർഷമായിരുന്നു.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍സിബി സംഘം ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ച ഒരു അറസ്റ്റായിരുന്നു അത്. പലരും ആര്യൻ ഖാൻ അത്തരമൊരു പ്രവർത്തി ചെയ്യുമെന്ന് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ആര്യനെ മനപൂർവം കേസിൽപ്പെടുത്തിയതാണെന്ന ആരോപണങ്ങളും വന്നിരുന്നു.
എന്‍സിബി സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരെ ഇതിന് പിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു.
കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന്‍ ഖാന് ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് 2022ൽ ആര്യൻ ഖാൻ ഉൾപ്പെടെ ആറ് പേർക്കെതിരെ തെളിവില്ലെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലൂടെ അറിയിച്ചു. മക്കളെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കുന്ന ഷാരൂഖിനെ വല്ലാതെ ഉലച്ച സംഭവമായിരുന്നു മൂത്തമകൻ ആര്യന്റെ പേരിലുണ്ടായ വിവാദങ്ങൾ.
സിനിമയിൽ നിന്നും അടുത്ത സുഹൃത്തുക്കളെല്ലാം ഷാരൂഖിനെ സഹായിക്കാനായും ആശ്വസിപ്പിക്കാനുമായി എത്തിയിരുന്നു. ഷാരൂഖ് ഖാന്റെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയും നടിയുമായ ജൂഹി ചൗളയാണ് ആര്യനെ രക്ഷിക്കുന്നതിന് വേണ്ടി മുന്നിട്ട് നിന്നവരിൽ പ്രധാനി.

സംഭവം ചർച്ചയാവുകയും ഇരുവരുടേയും സൗഹൃദത്തെ പ്രേക്ഷകർ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇപ്പോഴിത ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ ജൂഹി ചൗള ഇതേ കുറിച്ച് സംസാരിക്കുകയും ആര്യന്റെ ജാമ്യത്തിന് ഷാരൂഖിനെ സഹായിച്ചതിന്റെ കാരണം വെളിപ്പെടുത്തുകയും ചെയ്തു. താൻ ചെയ്യുന്നത് ശരിയാണെന്ന തോന്നൽ വന്നതുകൊണ്ടാണ് ഷാരൂഖിനൊപ്പം നിന്നതെന്നാണ് ജൂഹി ചൗള പറയുന്നത്. എന്തൊക്കെയാണ് വരുന്നതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല.
എന്നാൽ എനിക്ക് സഹായിക്കാൻ കഴിയുന്ന ആ നിമിഷത്തിലേക്ക് എല്ലാം വന്നപ്പോൾ ഞാൻ ചെയ്യേണ്ടത് ചെയ്യണം അത് ശരിയായ ഒന്നാണെന്നും ഞാൻ കരുതി. അതുകൊണ്ട് അവനൊപ്പം നിന്നു എന്നാണ് ജൂഹി ചൗള പറഞ്ഞത്. 2021 ഒക്ടോബർ 29ന് ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഒപ്പിടാൻ ജൂഹി ചൗള കോടതിയിൽ ഹാജരായിരുന്നു. എൻഡിടിവിയുടെ ഒരു റിപ്പോർട്ട് പ്രകാരം ജാമ്യത്തുക 1 ലക്ഷം രൂപയായിരുന്നു.
ജാമ്യാപേക്ഷയിൽ ഒപ്പിട്ട് ജൂഹി ആര്യന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കാരണം ജൂഹിക്ക് ആര്യനെ കുട്ടിക്കാലം മുതൽ അറിയാമെന്നതായിരുന്നു. തന്റെ സുഹൃത്തിന്റെ ഏറ്റവും മോശമായ സമയത്ത് പിന്തുണച്ച് നിൽക്കാൻ ജൂഹിക്ക് ഒരു മടിയുമില്ലായിരുന്നു. അടുത്തിടെ പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു ആര്യൻ.
ഡെവൊള്‍ എന്ന ഫാഷന്‍ ബ്രാന്‍ഡാണ് ആര്യൻ ആരംഭിച്ചിരിക്കുന്നത്. പിന്തുണയുമായി ആര്യനൊപ്പം ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നീ പങ്കാളികളുമുണ്ട്. അതേസമയം ആര്യൻ അച്ഛനെപ്പോലെ സിനിമയിൽ ഹീറോയായി വിലസുന്നത് കാണാനാണ് ഷാരൂഖിന്റെ ആരാധകർക്ക് ഇഷ്ടം.


Click it and Unblock the Notifications