'സെയ്ഫ് ജനസംഖ്യയിലേക്ക് ഒരുപാട് സംഭാവന നൽകിക്കഴിഞ്ഞു'; ഗർഭിണിയാണെന്ന വാർത്തകളോട് പ്രതികരിച്ച് കരീന
ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. കുടുംബ ജീവിതത്തിനും കരിയറിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന രണ്ട് പേരും ബോളിവുഡിൽ നിരവധി ഹിറ്റുകൾ ഇതിനകം സൃഷ്ടിച്ചു. സെയ്ഫ് കുറേക്കൂടി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാവുമ്പോൾ സൂപ്പർ താര ചിത്രങ്ങളിലാണ് കരീന കപൂർ കൂടുതലായും എത്തുന്നത്.

കരിയർ വുമണായി അറിയപ്പെടുന്ന കരീന വിവാഹ ശേഷവും കുട്ടികളായതിന് ശേഷവും മുൻ നിര നായികയായി നിരവധി സിനിമകളിൽ അഭിനയിച്ച് വരികയാണ്. തെെമൂർ അലി ഖാൻ, ജെഹാൻഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളാണ് കരീനയ്ക്കും സെയ്ഫിനുമുള്ളത്. നിലവിൽ യൂറോപ്പിൽ വെക്കേഷൻ ആഘോഷിക്കുകയാണ് സെയ്ഫും കരീനയും. ഇവരുടെ നിരവധി ചിത്രങ്ങളും ഇതിനകം പുറത്തു വന്നിരുന്നു.

ഇതിനു പിന്നാലെ കരീന കപൂർ മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ബി ടൗണിൽ പരന്നിരുന്നു. യൂറോപ്യൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളിൽ കരീനയുടെ വയറ് ചൂണ്ടിക്കാണിച്ചായിരുന്നു ഈ ഗോസിപ്പ് പരന്നത്. ഇപ്പോൾ ഇതേക്കുറിച്ച് കരീന കപൂർ തന്നെ പ്രതികരിച്ചിരിക്കുകയാണ്. താൻ ഗർഭിണിയല്ലെന്നാണ് കരീന പറയുന്നത്.

താൻ പാസ്തയും വൈനും കഴിച്ചത് കൊണ്ടാണ് വയറ് ചാടിയതെന്നും കരീന പറയുന്നു. 'ഗയ്സ് അത് പാസ്തയും വൈനുമാണ്. ഞാൻ ഗർഭിണിയല്ല. ശാന്തരാവൂ. രാജ്യത്തെ ജനസംഖ്യയിലേക്ക് താൻ ഇപ്പോൾ തന്നെ വളരെക്കൂടുതൽ സംഭാവന നൽകിയെന്നാണ് സെയ്ഫ് പറയുന്നത്,' കരീന കപൂർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ. ദിവസങ്ങളായി നീണ്ടു നിന്ന അഭ്യൂഹങ്ങളാണ് കരീന ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

2012 ഒക്ടോബർ 16 നാണ് സെയ്ഫും കരീനയും വിവാഹിതരായത്. 2016 ലാണ് ഇവരുടെ മൂത്തമകൻ തൈമൂർ അലി ഖാൻ ജനിക്കുന്നത്. 2021 ൽ രണ്ടാമത്തെ മകൻ ജഹാംഗീറും ജനിച്ചു. സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. നടി അമൃത സിംഗിനെയാണ് സെയ്ഫ് ആദ്യം വിവാഹം കഴിച്ചിരുന്നത്. 2004 ൽ ഇരുവരും ഈ ബന്ധം അവസാനിപ്പിച്ചു.
ഈ ബന്ധത്തിൽ ഇരുവർക്കും സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്. 26 കാരിയായ സാറ ഇതിനോടകം ഒരുപിടി ബോളിവുഡ് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. അത്രംഗി രെ, കൂലി നമ്പർ വൺ, സിംമ്പ, ലൗ ആജ് കൽ, കേദർ നാഥ് തുടങ്ങിയവയാണ് സാറ അലി ഖാൻ നായികയായെത്തിയ സിനിമകൾ. സഹോദരൻ ഇബ്രാഹിം അലി ഖാനും ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്.
Recommended Video

ആമിർ ഖാനോടൊപ്പം അഭിനയിക്കുന്ന ലാൽ സിംഗ് ഛദ്ദയാണ് കരീനയുടെ പുറത്തിറങ്ങാനുള്ള സിനിമ. ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ആഗസ്റ്റ് 11 ന് ലാൽ സിംഗ് ഛദ്ദ റിലീസ് ചെയ്യും. ഇതിനു പുറമെ ഒടിടി പ്ലാറ്റ്ഫോമിലേക്കും കരീന അരങ്ങേറ്റം കുറിക്കുകയാണ്.
ജപ്പാനീസ് നോവൽ ദ ഡിവോഷൻ ഓഫ് സസ്പെക്ട് എക്സിനെ ആധാരമാക്കി ഒരുക്കുന്ന പ്രൊജക്ടിലാണ് നടി എത്തുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയായി. സുജോയ് ഘോഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications