'അമൃതയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല, ഞാൻ പ്രണയിക്കുമ്പോൾ സെയ്ഫ് സിംഗിളായിരുന്നു'; കരീന കപൂർ!
സത്യസന്ധമായ സംസാരത്തിലൂടെയും മടിയില്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെയും വാർത്തകളിൽ ഇടം പിടിക്കാറുള്ള നടിയാണ് ബോളിവുഡ് സുന്ദരി കരീന കപൂർ ഖാൻ. സെയ്ഫ് അലി ഖാനുമായി ജീവിതം പങ്കിടാൻ തീരുമാനിച്ചപ്പോൾ മുതൽ പരിഹാസങ്ങളാണ് കരീനയ്ക്ക് നേരിടേണ്ടി വന്നത്.
താരമൂല്യമുള്ള നായികയായി ശോഭിച്ച് നിൽക്കുമ്പോൾ വിവാഹമോചിതനും രണ്ട് കുട്ടികളുടെ പിതാവുമായ സെയ്ഫ് അലി ഖാനെ താരം എന്തിന് ഭർത്താവായി തെരഞ്ഞെടുത്തു എന്നതായിരുന്നു ആരാധകരുടെ സംശയം. നടിമാര്‍ ആരും വിവാഹത്തെ കുറിച്ച് ചിന്തിക്കാത്ത സമയത്താണ് താന്‍ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതെന്ന് കരീന കപൂര്‍ അടുത്തിടെ പറഞ്ഞിരുന്നു. 'കരിയര്‍ സുരക്ഷിതമാക്കാതെ വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനിത്തിലായിരുന്നു മറ്റുള്ള നടിമാർ.'
'ഞാൻ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്നാണ്', താരം പറഞ്ഞത്. സെയ്ഫിന്റെ ആദ്യ ബന്ധത്തിലെ മക്കളായ സാറയും ഇബ്രാഹിമുമായെല്ലാം കരീന അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കരീനയുടേയും സെയ്ഫിന്റേയും ഒട്ടുമിക്ക കുടുംബചിത്രങ്ങളിലും ഇരുവരേയും കാണാം.
എന്നാൽ സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിങിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് കരീന കപൂർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അകലം പാലിക്കുന്നതിന് പിന്നിലെ കാരണവും കരീന വ്യക്തമാക്കി. സെയ്ഫ് അലി ഖാനും അമൃത സിങും 13 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004ലാണ് വേർപിരിഞ്ഞത്.

ശേഷം 2012ലാണ് കരീന കപൂറിനെ സെയ്ഫ് തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോഴാണ് അമൃത സിങിനെ കുറിച്ച് കരീന സംസാരിച്ചത്. 'ഞാൻ ഒരിക്കൽ പോലും അമൃതയെ കണ്ടിട്ടില്ല.... സംസാരിച്ചിട്ടില്ല. അവരോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. സെയ്ഫ്-അമൃത വിവാഹമോചനം നടന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ സെയ്ഫുമായി പ്രണയത്തിലായത്. അന്ന് അദ്ദേഹം സിംഗിളായിരുന്നുവെന്ന്', കരീന പറയുന്നു.
ഭാര്യ- ഭർതൃ ബന്ധം അവസാനിപ്പിച്ചെങ്കിലും മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി അമൃതയും സെയ്ഫും ഒരുമിച്ച് നിൽക്കാറുണ്ട്. കരീന ഒരിക്കൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ സാറയേയും ഇബ്രാഹിമിനേയും കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു... 'സാറയുടേയും ഇബ്രാഹിമിന്റേയും അമ്മയാകാൻ എനിക്ക് ആഗ്രഹമില്ലെന്ന് ഞാൻ സെയ്ഫിനോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്.'
'കാരണം ഏറ്റവും മികച്ച അമ്മയെയാണ് ഇരുവർക്കും ലഭിച്ചിട്ടുള്ളത്. അമ്മയായില്ലെങ്കിലും അവരെ ആത്മാർത്ഥമായി സ്നേഹിക്കുന്ന, അവർക്കൊപ്പം എപ്പോഴും നിലകൊള്ളുന്ന ഉറ്റ ചങ്ങാതിയായിരിക്കും ഞാനെന്നതും വ്യക്തമാക്കിയിട്ടുണ്ട്'. സെയ്ഫിന്റേയും കരീനയുടേയും കുടുംബജീവിതത്തെ വളരെ പക്വതയോടെയാണ് സാറ അലി ഖാൻ ഉൾക്കൊണ്ടത്.
അഭിനേത്രിയെന്ന നിലയിൽ കരീന തന്നെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് സാറ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അച്ഛനുമായുള്ള തങ്ങളുടെ ബന്ധത്തെ മനസിലാക്കിയാണ് എല്ലായ്പ്പോഴും കരീന പെരുമാറുന്നതെന്നും ഒരിക്കലും ഒന്നും അടിച്ചേൽപ്പിച്ചിട്ടില്ലെന്നും സാറ പറഞ്ഞിരുന്നു. സെയ്ഫ്-കരീന വിവാഹ ചടങ്ങിൽ ഏറ്റവും കൂടുതൽ തിളങ്ങിയതും സാറയായിരുന്നു.

സാറയുടെ ബാല്യകാലത്താണ് താരദമ്പതിമാർ വിവാഹമോചിതരാകുന്നത്. സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കളുണ്ടെങ്കിൽ താൻ എന്തിനാണ് സങ്കടപ്പെടുന്നതെന്നാണ് സാറ അച്ഛനമ്മമാരുടെ വിവാഹമോചനത്തെ കുറിച്ച് അടുത്തിടെ പറഞ്ഞത്. 'പ്രായത്തിൽ കവിഞ്ഞ പക്വത അന്ന് എനിക്കുണ്ടായിരുന്നു. ഈ രണ്ട് വ്യക്തികൾ ഞങ്ങളുടെ വീട്ടിൽ സന്തോഷത്തോടെയല്ല ജീവിക്കുന്നതെന്ന് ഒമ്പത് വയസുള്ളപ്പോൾ തന്നെ തിരിച്ചറിയാൻ സാധിച്ചു.'
'പെട്ടെന്ന് രണ്ട് പുതിയ വീടുകളിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കാൻ തുടങ്ങി. 10 വർഷത്തോളം ചിരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്ന എന്റെ അമ്മ, അവർ അർഹിക്കുന്നതുപോലെ പെട്ടെന്ന് സന്തോഷവതിയും സുന്ദരിയും ആവേശഭരിതയുമായി. സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കളുണ്ടെങ്കിൽ ഞാൻ എന്തിനാണ് സങ്കടപ്പെടുന്നത്', എന്നാണ് സാറ ചോദിച്ചത്.


Click it and Unblock the Notifications