താരകുടുംബത്തില്‍ നിന്നുളളവരും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്! നെപ്പോട്ടിസം വിവാദത്തില്‍ കരീന കപൂര്‍
സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുളള ചര്‍ച്ചകള്‍ സജീവമായിരുന്നു. താരങ്ങളുടെ മക്കള്‍ക്കാണ് കൂടുതല്‍ അവസരം ലഭിക്കുന്നതെന്നും മറ്റുളളവര്‍ തഴയപ്പെടുന്നു എന്നുമായിരുന്നു പലരുടെയും ആരോപണം. തുടര്‍ന്ന് ബോളിവുഡ് സിനിമാ ലോകത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയാണ് അധികപേരും രംഗത്തെത്തിയത്. അതേസമയം സ്വജനപക്ഷപാത വിഷയത്തില്‍ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ് നടി കരീന കപൂര്‍ രംഗത്തെത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇതേ കുറിച്ച് സംസാരിച്ചത്.

യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുന്നതിന് പകരം ആളുകളെല്ലാം ഞങ്ങള്‍ക്ക് നേരെ തിരിയുകയാണെന്ന് നടി പറയുന്നു. സിനിമാ പാരമ്പര്യമുളളവരെയെല്ലാം നെഗറ്റീവ് ആയി കാണാതെ അതിനെ കൂടുതലായി മനസ്സിലാക്കുകയാണ് വേണ്ടതെന്ന് കരീന പറയുന്നു. ജനങ്ങളാണ് താരങ്ങളെ സൃഷ്ടിക്കുന്നത്. ഈ ചര്‍ച്ച തനിക്ക് തീര്‍ത്തും അസ്വഭാവികമായാണ് തോന്നുന്നത്. സിനിമാ കുടുംബത്തില്‍ നിന്ന് വരുന്നവരും കഠിനാദ്ധ്വാനം ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ആളുകള്‍ അവരുടെ സിനിമകള്‍ സ്വീകരിക്കുന്നതും.
21 വര്‍ഷം സിനിമയില്‍ നില്‍ക്കാന്‍ നെപ്പോട്ടിസത്തിന്റെ പിന്‍ബലം കൊണ്ടുമാത്രം കഴിയില്ലെന്നും കരീന പറയുന്നു. അത് ഒരിക്കലും സാധ്യമല്ല. വിജയം നേടാനാകാതെ പോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട ലിസ്റ്റ് എനിക്ക് പറയാന്‍ കഴിയും. കഠിനാദ്ധ്വാനം ചെയ്യുക എന്നത് മാത്രമാണ് മുന്നോട്ട് പോകാനുളള മാര്‍ഗ്ഗം. എനിക്കും പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. അതൊരിക്കലും 10 രൂപ മാത്രം പോക്കറ്റിലിട്ട് അഭിനയ മോഹവുമായി ട്രെയിന്‍ പിടിച്ച ഒരാളുടെ കഷ്ടപ്പാടുകള്‍ പോലെയല്ല.
അവസാന വാക്ക് എന്നും പ്രേക്ഷകരുടെത് തന്നെയാണ്. ഉദാഹരണമായി ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ആയുഷ്മാന്‍ ഖുറാന, രാജ്കുമാര്‍ റാവു എന്നിവരെല്ലാം ഒരു ബന്ധവുമില്ലാതെ വന്നവരും പ്രേക്ഷകര്‍ സ്വീകരിച്ചവരുമാണ്. അഭിമുഖത്തില്‍ കരീന കപൂര്‍ പറഞ്ഞു. ബോളിവുഡില്‍ ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളിലൂടെയും തിളങ്ങിയ താരമാണ് കരീന കപൂര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്. സെയ്ഫ് അലി ഖാനുമായുളള വിവാഹ ശേഷവും കരീന സിനിമയില്‍ സജീവമായിരുന്നു. ബോളിവുഡില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാള്‍ കൂടിയാണ് കരീന കപൂര്‍.


Click it and Unblock the Notifications