വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഗർഭിണി; ആലിയക്കെതിരെയുള്ള വിമർശനങ്ങളിൽ കരീന
നടി ആലിയ ഭട്ട് ഗർഭിണിയായത് ബോളിവുഡിൽ വലിയ വാർത്താ പ്രാധാന്യമുള്ള വിഷയമായിരിക്കുകയാണ്. 29 കാരിയായ ആലിയ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് വിവാഹിതയായതും ഗർഭിണിയായതും. ആലിയയുടെ കരിയറിനെ വലിയ തോതിൽ ബാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.
എന്നാൽ ആലിയ തന്നെ ഇത്തരം വാദങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. അമ്മയാവുന്നത് തന്റെ കരിയറിനെ ബാധിക്കില്ലെന്നും വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടാണെന്നായിരുന്നു ആലിയ പറഞ്ഞത്.

ഇപ്പോഴിതാ ആലിയക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി കരീന കപൂർ. ആലിയയുടെ ഭർത്താവ് നടൻ രൺബീർ കപൂറിന്റെ കസിനാണ് കരീന. ആലിയയെടുത്ത വിവേക പൂർണമായ തീരുമാനമാണിതെന്നാണ് കരീന പറയുന്നത്. 'അവൾ അവളുടെ സിനിമ പ്രൊമോട്ട് ചെയ്യുന്നു. എല്ലായ്പ്പോഴും പോലെ സുന്ദരിയായിരിക്കുന്നു. ഇന്ന് അവളേക്കാൾ വലിയ സ്റ്റാർ വേറെ ഇല്ല. അവൾ എന്റെ കുടുംബാംഗമായത് കൊണ്ടല്ല ഞാനിത് പറയുന്നത്'

'അവൾ ഒരു അസാമാന്യ അഭിനേത്രി ആയത് കൊണ്ടാണ്. പ്രസവ ശേഷവും അവൾ സിനിമ ചെയ്യുന്നത് തുടരും. ഞാൻ സ്നേഹിക്കുന്ന പുരുഷനിൽ കുഞ്ഞുണ്ടാവണം എന്ന ഏറ്റവും മനോഹരമായ വികാരത്തിന് വേണ്ടിയാണ് അവൾ നിലകൊണ്ടത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം അവൾക്കറിയണം. അതിനാൽ ഞാനവളെ കൂടുതൽ സ്നേഹിക്കുന്നു. ഞാനവളുടെ ആരാധികയാണ്,' കരീന പറഞ്ഞതിങ്ങനെ.

ഗർഭിണിയായ ശേഷവും നായികമാരുടെ കരിയറിന് മാറ്റം വരില്ലെന്ന് തെളിയിച്ച നടിയാണ് കരീന. രണ്ട് കുട്ടികളുടെ അമ്മയായ കരീന ഇപ്പോഴും ബോളിവുഡിലെ മുൻ നിര നായികയാണ്. തൈമൂർ അലി ഖാൻ, ജെഹാംഗീർ അലി ഖാൻ എന്നിവരാണ് കരീനയുടെ മക്കൾ.
രണ്ട് പേരെയും ഗർഭിണിയായിരിക്കുന്ന സമയത്തും കരീന സിനിമകളിൽ അഭിനയിച്ചിരുന്നു. ആമിർ ഖാനൊപ്പമെത്തുന്ന ലാൽ സിംഗ് ഛദ്ദയാണ് കരീനയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിൽ അഭിനയിക്കുമ്പോൾ കരീന ഗർഭിണിയായിരുന്നു. അഞ്ചര മാസം ഗർഭിണിയായപ്പോഴുൾപ്പെടെ താൻ ലാൽ സിംഗ് ഛദ്ദയിൽ അഭിനയിച്ചിട്ടുണ്ടെന്ന് കരീന അടുത്തിടെ പറഞ്ഞിരുന്നു.
Recommended Video

ഗർഭിണിയായ ആലിയ തന്റെ പുതിയ സിനിമയായ ഡാർലിംഗ്സിന്റെ പ്രൊമോഷണൽ തിരക്കുകളിലാണ്. ഗർഭിണിയായിരിക്കെ ഹേർട്ട് ഓഫ് സ്റ്റോൺ എന്ന സിനിമയിലും ആലിയ അഭിനയിച്ചിരുന്നു. നെറ്റ്ഫ്ല്കിലൂടെയാണ് ഡാർലിംഗ്സ് പുറത്തിറങ്ങുന്നത്.
ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആലിയ നിർമാണ രംഗത്തേക്ക് കടക്കുന്നതും ഡാർലിംഗ്സിലൂടെയാണ്. ബ്രഹ്മാസ്ത്ര, റോക്കി ഓർ റാണി കി പ്രേം കഹാനി എന്നീ സിനിമകളാണ് ആലിയയുടെതായി പുറത്തിറങ്ങാനുള്ളത്. ഏപ്രിൽ 14 നാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്.


Click it and Unblock the Notifications