സുശാന്തിന്റെ ദില്‍ ബേച്ചാര കണ്ട കൃതി പറഞ്ഞത്! വികാരനിര്‍ഭര കുറിപ്പുമായി നടി
സുശാന്ത് സിംഗ് രജ്പുത്തിന്റെ ദില്‍ബേച്ചാര മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ നിരവധി പേരാണ് കണ്ടത്. സിനിമ കണ്ടവരെല്ലാം തന്നെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. മുകേഷ് ഛബ്ര സംവിധാനം ചെയ്ത സിനിമയില്‍ പുതുമുഖ നടി സഞ്ജനയാണ് സുശാന്തിന്റെ നായികയായി എത്തുന്നത്. ദില്‍ബേച്ചാരയുടെതായി പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പ് ആരാധകര്‍ നല്‍കിയിരുന്നു.

ദില്‍ ബേച്ചാര കണ്ടതിന് പിന്നാലെ സുശാന്തിന്റെ സുഹൃത്തും നടിയുമായ കൃതി സനോണിന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. സുശാന്തിനെ കുറിച്ച് വികാര നിര്‍ഭരമായ വാക്കുകളുമായിട്ടാണ് കൃതി എത്തിയിരിക്കുന്നത്. ഇത് ശരിയല്ല, ഇതൊരിക്കലും മനസ്സിലാകില്ല. ഇത് വീണ്ടും എന്റെ ഹൃദയം തകര്‍ത്തു. മന്നിയായി പലയിടങ്ങളിലും നീ ജീവനോട് വരുന്നത് ഞാന്‍ കണ്ടു. ആ കഥാപാത്രത്തില്‍ നീ എവിടെയല്ലാമാണ് നിന്നെ തന്നെ നല്‍കിയിരിക്കുന്നത് എന്ന് കൃത്യമായി അറിയാം.
എപ്പോഴത്തെയും പോലെ അത് പലപ്പോഴും നിന്റെ നിശബ്ദതയില്‍ തന്നെയായിരുന്നു. നീ ഒന്നും മിണ്ടാതെ തന്നെ ഒരുപാട് പറഞ്ഞ ചിലയിടങ്ങളില്‍, വേദനയോടെ കൃതി കുറിച്ചു. മുന്‍പ് ദില്‍ബേച്ചാരയുടെ ട്രെയിലര്‍ പങ്കുവെച്ചും കൃതി സനോണ്‍ എത്തിയിരുന്നു. അന്നും നടി എഴുതിയ വാക്കുകള്‍ വികാരനിര്‍ഭരമായിരുന്നു. ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷേ കാണാതിരിക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും എന്നാണ് കൃതി കുറിച്ചിരുന്നത്. മുന്‍പ് സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ കൃതിയുടെതായി വന്ന കുറിപ്പും ശ്രദ്ധേയമായിരുന്നു.
ജീവിക്കുകയെന്നതിനേക്കാള്‍ അതവസാനിപ്പിക്കുന്നതാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം സുശാന്തിന്റെ ജീവിതത്തില്‍ ഉണ്ടായി എന്നറിഞ്ഞപ്പോള്‍ അത് തന്നെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞെന്നാണ് കൃതി പറഞ്ഞത്. സുശാന്തിനൊപ്പം മുന്‍പ് രാബ്ത എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച താരമാണ് കൃതി. 2017ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയിരുന്നത്. രാജ്കുമാര്‍ റാവു, ദീപികാ പദുകോണ്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിരുന്നു. ബോളിവുഡിലെ സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കൃതി സനോണ്‍. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.


Click it and Unblock the Notifications