'മറ്റൊരു സ്ത്രീയുടെ കണ്ണീരിലുണ്ടാക്കിയത് നിലനിൽക്കില്ല'; രണ്ടാം ഭാര്യയാകരുതെന്ന് ശ്രീദേവിയെ ഉപദേശിച്ചപ്പോൾ
സിനിമയിലെ താരത്തിളക്കത്തിനപ്പുറം ശ്രീദേവിയുടെ വ്യക്തി ജീവിതം പല ഘട്ടങ്ങൾ കണ്ടിട്ടുണ്ട്. ഗോസിപ്പുകൾ ശ്രീദേവിയെ തേടി നിരന്തരം വന്നിരുന്നു. നിർമാതാവ് ബോണി കപൂറുമായുള്ള വിവാഹസമയത്തുണ്ടായ വിവാദങ്ങൾ ചെറുതല്ല. ശ്രീദേവിക്ക് വേണ്ടിയാണ് ബോണി കപൂർ ആദ്യ വിവാഹബന്ധം വേർപെടുത്തിയത്. ആദ്യ ഭാര്യ മോണ ശൗരി കപൂറിനെ ഇത് ഏറെ ബാധിച്ചു. മോണ കപൂറിന്റെ കുടുംബം തകർത്തു എന്ന ആക്ഷേപം അന്ന് ശ്രീദേവിക്ക് കേൾക്കേണ്ടി വന്നു.
ശ്രീദേവിക്ക് അക്കാലത്ത് നൽകിയ ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി കുട്ടി പത്മിനി ഇപ്പോൾ. ശ്രീദേവി ബാലതാരമായി അഭിനയിക്കുന്ന കാലം തൊട്ട് കുട്ടി പത്മിനിക്ക് നടിയുമായ പരിചയമുണ്ട്. ഒരിക്കൽ ശ്രീദേവിയെ കണ്ടപ്പോൾ രണ്ടാം ഭാര്യയാകരുതെന്ന് പറഞ്ഞത് കൊണ്ടാണ് എനിക്കും ശ്രീദേവിക്കും ഇടയിൽ അകൽച്ച വന്നത്. അതിന് ശേഷം അവർ എന്നോട് സംസാരിച്ചിട്ടില്ല. മറ്റൊരു സ്ത്രീയുടെ കണ്ണീരിൽ ഒരു ഭവനമുണ്ടാക്കരുത്, അത് നിലനിൽക്കില്ല. എന്ന് വെച്ച് എല്ലാ രണ്ടാം ഭാര്യമാരും മോശക്കാരല്ല. അവർക്കും അവരുടേതായ കാരണങ്ങളുണ്ട്.

കല്യാണം, കഴിഞ്ഞയാളാണ്, അയാളെ വിവാഹം ചെയ്യരുതെന്ന് മനസിലായാൽ പോലും പുരുഷൻ സ്ത്രീയെ വിശ്വസിപ്പിക്കും. വീട്ടിൽ സമാധാനമില്ല, ഭാര്യ പ്രശ്നക്കാരിയാണ് എന്നൊക്കെ പറയും. അത് സത്യമാണോ എന്ന് പോലും നോക്കാതെ ഈ പെൺകുട്ടികൾ പടുകുഴിയിൽ വീഴും. ആണായാലും പെണ്ണായാലും മറ്റൊരാളുടെ ജീവിതത്തിൽ പോയി ആ ജീവിതം ഇല്ലാതാക്കാൻ നമുക്ക് അവകാശമില്ലെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.
ബോണി കപൂറുമായുള്ള ബന്ധം അറിഞ്ഞപ്പോൾ ശ്രീദേവിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് നേരത്തെ കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. ശ്രീദേവിയുടെ കുടുംബത്തിലെ എല്ലാവരും ആ ബന്ധത്തെ എതിർത്തതാണ്. എന്നാൽ ആര് പറഞ്ഞതും ശ്രീദേവി കേട്ടില്ല. ബോണി കപൂർ ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്തത് വലിയ വാർത്തയായി. ആ സമയത്താണ് ശ്രീദേവിയെ ഞാൻ കാണുന്നത്. ശ്രീദേവി കശ്മീരിൽ നിന്ന് ബോംബെയ്ക്ക് പോകുന്നു, ഞാൻ ഡൽഹിയിൽ നിന്നും ബോംബെയ്ക്ക് പോകുന്നു.

ശ്രീ എന്റെ അടുത്ത് വന്നിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അവസാനം വിവാഹക്കാര്യത്തെക്കുറിച്ച് ചോദിച്ചു. നിനക്കിതിന്റെ ആവശ്യമുണ്ടോ ശ്രീ, നിന്നെ വിവാഹം ചെയ്യാൻ എത്ര പേർ ആഗ്രഹിക്കുന്നു, നേരത്തെ വിവാഹം ചെയ്തയാളെ എന്തിന് വിവാഹം ചെയ്യുന്നു എന്ന് ചോദിച്ചു. നിനക്കറിയില്ല, എന്റെ സ്ഥാനത്ത് നിന്നാലെ മനസിലാകൂ എന്ന് ശ്രീദവി. ആര് ഏത് സ്ഥാനത്തായാലെന്താ ശ്രീ, ഇത് തെറ്റല്ലേ, മറ്റൊരാളുടെ കണ്ണീരിൽ നിന്നുണ്ടായ കുടുംബത്തിൽ നിനക്ക് നിന്റെ വീടിന്റെ വിളക്ക് വെക്കാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു.
ദേഷ്യം വന്ന ശ്രീദേവി എനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു. ഫ്ലെെറ്റ് ലാന്റായി ഇറങ്ങിപ്പോകുമ്പോൾ പോലും ഒരു ബൈ പറഞ്ഞു. അതിന് ശേഷം ശ്രീദേവിയെ എവിടെ വെച്ച് കണ്ടാലും ഒരു ചിരി മാത്രമേയുള്ളൂ. കുറേക്കാലത്തിന് ശേഷം മാരിയറ്റ് ഹോട്ടലിൽ ഞാനും ഭർത്താവ് പ്രഭുവും മക്കളും ലഞ്ചിന് പോയപ്പോൾ അതേസമയം ശ്രീദേവിയും പെൺമക്കളും അവിടെ വന്നിരുന്നു. പഴയ കാര്യങ്ങളൊക്കെ മറന്ന പോലെ എന്നോട് ചിരിച്ച് സംസാരിച്ചു. താൻ അവസാനമായി ശ്രീദേവിയോട് സംസാരിച്ചത് അന്നാണെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications