'ഇന്ന് ദീപിക ചെയ്യുന്നതാണ് അന്ന് ഞാനും ചെയ്തത്'; പക്ഷെ പ്രതികരണം മറ്റൊന്നായിരുന്നെന്ന് മല്ലിക ഷെരാ
ബോളിവുഡിൽ ഒരു കാലത്ത് ഗ്ലാമറസ് വേഷങ്ങളിലൂടെയും ഐറ്റം ഡാൻസുകളിലൂടെയും തരംഗം സൃഷ്ടിച്ച നടിയായിരുന്നു മല്ലിക ഷെരാവത്ത്. ഖ്വായിഷ്, മർഡർ തുടങ്ങിയ ചിത്രങ്ങളിൽ മല്ലിക ശ്രദ്ധിക്കപ്പെട്ടിരുന്നു. അതീവ ഗ്ലാമറസായി സിനിമകളിലെത്തിയ നടി പക്ഷെ ഇടക്കാലത്ത് ബോളിവുഡിൽ നിന്നും അകന്നു.
ഡാൻസ് നമ്പറുകളിൽ നിറഞ്ഞു നിന്ന നടിയെ പിന്നീട് ലൈം ലൈറ്റിൽ കാണാതെയായി. ഇന്ത്യയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് താമസം മാറിയതോടെയാണ് മല്ലിക ബൗ ടൗൺ മാധ്യമങ്ങളിൽ കാണാതായത്. 2013 ൽ നൽകിയ അഭിമുഖത്തിൽ ഇതേപറ്റി താരം തുറന്നു പറഞ്ഞിരുന്നു.

അമേരിക്കയിലേക്ക് മാറണമെന്നത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. അമേരിക്കയിൽ വളരെയധികം സ്വാതന്ത്ര്യം ഒരു സ്ത്രീയെന്ന രീതിയിൽ ലഭിക്കുന്നുണ്ടെന്നും പക്ഷെ ഇന്ത്യയിൽ വരുമ്പോൾ വളരെ പിന്തിരിപ്പൻ ചിന്താഗതി നേരിൽ കാണേണ്ടി വരുന്നെന്നും മല്ലിക തുറന്നു പറഞ്ഞിരുന്നു. ചില നടൻമാർ തന്നെ ലൈംഗികമായി തന്നെ സമീപിച്ചപ്പോൾ എതിർത്തതിന്റെ പേരിൽ സിനിമകളിൽ നിന്ന് തന്നെ പുറത്താക്കിയിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.
വർഷങ്ങൾക്കിപ്പുറം സിനിമാ രംഗത്തും സിനിമകളിലും സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് മല്ലിക ഷെരാവത്ത് പറയുന്നത്. മുമ്പ് നായിക നടിമാരെന്നാൽ സതി സാവിത്രി ടൈപ് കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ളവരായിരുന്നെന്നും വ്യക്തിത്വം കാണാനാവാത്ത ശൂന്യമായ കഥാപാത്രങ്ങളായിരുന്നു സ്ത്രീകൾക്ക് വേണ്ടി എഴുതിയിരുന്നതെന്ന് മല്ലിക കുറ്റപ്പെടുത്തി. പക്ഷെ ഇപ്പോൾ മാറ്റങ്ങൾ വരുന്നുണ്ടെന്ന് താരം പറയുന്നു.

ഇന്ന് നായികമാർക്ക് അവരുടെ ശരീരത്തിൽ ആത്മവിശ്വാസമുണ്ട്. ഞാൻ മർഡർ എന്ന സിനിമ ചെയ്തപ്പോൾ സിനിമയിലെ ബിക്കിനി, ചുംബന സീനികളെ പറ്റി ആളുകൾ പലതും പറഞ്ഞു. ഇന്ന് ഗെഹരിയാനിൽ ദീപിക ചെയ്തതാണ് 15 വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്തത്. പക്ഷെ അന്ന് ആളുകൾ വളരെ പിന്തിരപ്പൻ ചിന്താഗതിക്കാരായിരുന്നു.
മാധ്യമങ്ങളിലെയും ഇൻഡസ്ട്രിയിലെയും ഒരു വിഭാഗം എന്നെ ഉപദ്രവിക്കുകയായിരുന്നു. അവർ എന്നെ ശരീരത്തെയും ഗ്ലാമറിനെയും പറ്റി മാത്രമാണ് പറഞ്ഞത്. എന്റെ അഭിനയത്തെ പറ്റി ആയിരുന്നില്ല. ഞാൻ ദശാവതാരം, പ്യാർ കെ സൈഡ് എഫക്ട്സ്, വെൽക്കം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആരും എന്റെ അഭിനയത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും മല്ലിക ചൂണ്ടിക്കാട്ടി.

ദീപിക പദുക്കോൺ ഇന്റിമേറ്റ് സീനുകളിലഭിനയിച്ച ഗെഹരിയാൻ എന്ന ചിത്രമാണ് മല്ലിക ഷെരാവത്ത് ചൂണ്ടിക്കാട്ടിയത്. ചിത്രത്തിലെ ദീപികയുടെ ഇന്റിമേറ്റ് സീനുകൾ വലിയ തോതിൽ ചർച്ചയായിരുന്നു. ശകുൻ ബത്ര സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുകോൺ, സിദ്ധാർത്ഥ് ചതുർവേഥി, അനന്യ പാണ്ഡെ, നസറുദ്ദീൻ ഷാ തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചത്.

ഈ വർഷം ഫെബ്രുവരി 11 നാണ് ചിത്രം ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയത്. ചിത്രം വലിയ വിജയമായിരുന്നില്ല. പക്ഷെ ദീപിക, അനന്യ, സിദ്ധാർത്ഥ് തുടങ്ങിയവരുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. പ്രൊജക്ട് കെ, ഫൈറ്റർ, പഥാൻ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ദീപിക ചിത്രങ്ങൾ. നകാബ് എന്ന ഡിജിറ്റൽ ഷോയിലാണ് മല്ലിക ഷെരാവത്ത് അവസാനമായി എത്തിയത്. എംകെ പ്ലേയറിലായിരുന്നു ഷോ സ്ട്രീം ചെയ്തത്.


Click it and Unblock the Notifications