'38-ാം വയസിൽ ആദ്യമായി ഗർഭിണിയായി, ഏഴാം മാസം വലിയ വയറും വെച്ച് ക്രിക്കറ്റ് ഷോ അവതരിപ്പിച്ചു'; മന്ദിരാ ബേദി
പലവിധ ചോദ്യങ്ങൾ തരണം ചെയ്താണ് സ്ത്രീകൾ അന്നും ഇന്നും സമൂഹത്തിൽ കഴിയുന്നത്. ഒരു ഘട്ടത്തിൽ വിവാഹത്തെ കുറിച്ചും വിവാഹത്തിന് ശേഷം കുഞ്ഞുങ്ങളായില്ലേ എന്ന ചോദ്യങ്ങളുമാണ് ഭൂരിഭാഗം സ്ത്രീകളും ഏറെയും കേട്ടിട്ടുണ്ടാവുക. പലപ്പോഴും എപ്പോഴാണ് കുഞ്ഞുങ്ങൾ ജനിക്കേണ്ടത് എന്ന കാര്യം തീരുമാനിക്കാൻ പോലും സ്ത്രീകൾക്ക് സമൂഹം അനുവാദം നൽകാത്ത അവസ്ഥപോലും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങൾ മേലിൽ ആവർത്തിക്കരുത് എന്നുള്ള തരത്തിലുള്ള ബോധവത്കരണം നാടുനീളെ നടക്കുന്നുണ്ടെങ്കിലും അതിന് അനുസരിച്ചും അത് ഉൾക്കൊണ്ടും പെരുമാറുന്നവർ വളരെ വിരളമാണ്.
വൈകി ഗർഭിണി ആയതിന്റെ പേരിൽ നേരിട്ടിട്ടുള്ള വിമർശനങ്ങളെ കുറിച്ച് അഭിനേത്രിയും മോഡലും ടെലിവിഷൻ അവതാരകയുമായ മന്ദിര ബേദി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. 1994ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ശാന്തി എന്ന പരമ്പരയിലെ നായികാ കഥാപാത്രമായി അഭിനയിച്ചാണ് മന്ദിര ശ്രദ്ധേയയായത്. ക്രിക്കറ്റ് ലോകകപ്പിന്റെ അവതരണത്തിലൂടെയും ടെലിവിഷൻ അവതരണത്തിലൂടെയും മന്ദിര ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില മാഗസീനുകളുടെ ചിത്രങ്ങൾക്ക് വേണ്ടി മോഡലായും മന്ദിര പ്രവർത്തിച്ചിട്ടുണ്ട്.

മന്ദിരാ ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശൽ അടുത്തിടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു രാജ് കൗശലിന്റെ അന്ത്യം. അകാല വിയോഗം എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു. രാജ് കൗശലിനെ കുറിച്ചുള്ള വൈകാരികമായ മന്ദിരാ ബേദിയുടെ കുറിപ്പ് വൈറലായിരുന്നു. മന്ദിരാ ബേദിയും രാജ് കൗശലും 1999ലാണ് വിവാഹിതരായത്. 1996ൽ ആണ് ഇരുവരും കാണുന്നതും പരിചയത്തിലാകുന്നതും പിന്നീട് മൂന്ന് വർഷത്തോളം പ്രണയിച്ചു. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആദ്യത്തെ കുഞ്ഞ് ഇരുവർക്കും ജനിച്ചത്. 2011 ജൂൺ 17ന് ആയിരുന്നു ഇരുവരുടേയും ഇടയിലേക്ക് മകൻ വീർ എത്തിയത്. ശേഷം ഇരുവരും 2020 ജൂലൈയിൽ താര എന്ന മകളെ ദത്തെടുക്കുകയും ചെയ്‍തിരുന്നു. മന്ദിരാ ബേദി മുപ്പത്തിയെട്ടാം വയസിലാണ് മകനെ ഗർഭം ധരിച്ചത്. ഗർഭിണിയായിരിക്കെ തന്നെ അവതാരകയായും ജോലി ചെയ്തു.

'പ്രായമാകുന്തോറും ഗർഭിണിയാകാനും സുരക്ഷിതമായ പ്രസവം നടത്താനും ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം അതിന്റെ ബയോളജിക്കൽ ക്ലോക്ക് ഭാഗം കൂടുതലായിരുന്നു. എന്റെ എല്ലാ സുഹൃത്തുക്കൾക്കും കുട്ടികളുണ്ടായിരുന്നു. പിന്നെ ഇടയ്ക്കിടെ അമ്മായിമാരും മാതാപിതാക്കളും എപ്പോഴാണ് നിങ്ങൾ ഞങ്ങൾക്ക് നല്ല വാർത്ത നൽകുന്നത്? എന്ന് ചോദിക്കും. 38 വയസ്സുള്ളപ്പോൾ ഞാൻ ഗർഭിണിയായി. 39 ആം വയസ്സിൽ ഞാൻ പ്രസവിച്ചു. മകന് പൂർണ ആരോഗ്യവാനാണ്. പിന്നീട് മകൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. ഒരു വലിയ അനുഗ്രഹം പോലെ അവൾ തങ്ങളുടെ ജീവിതത്തിലേക്ക് വന്നു. ഞങ്ങളുടെ കുഞ്ഞു മകളാണ് നാല് വയസുകാരി താര. വീറിന്റെ കുഞ്ഞ് അനിയത്തിയാണ്. മധ്യപ്രദേശിൽ നിന്നാണ് അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഇന്നവൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും.'

'ഗർഭിണിയായിരുന്നപ്പോഴും ഞാൻ ജോലിയിൽ വ്യാപൃതയായിരുന്നു. എനിക്ക് ജോലി ഇഷ്ടമാണ്. എന്റെ ജോലി എന്നെ നിർവചിക്കുന്നു. ഏത് സമയത്തും ഞാൻ ഉദ്ദേശിച്ചത് പോലെയായിരുന്നു. ഞാൻ ഗർഭിണിയാണെന്ന് ഞാൻ ചാനലിനോട് പറഞ്ഞു. അന്ന് അവർ എന്നോട് പറഞ്ഞു നിങ്ങൾ സാരി ധരിക്കു... നിങ്ങൾ ഈ സ്റ്റൂളുകളിൽ ഇരിക്കുന്നു... നിങ്ങൾ ഗർഭിണിയാണെന്ന് ആർക്കും പറയാൻ കഴിയില്ല. എനിക്ക് അതിൽ പ്രശ്‌നമുണ്ടായിരുന്നു എന്നല്ല.. ഗർഭിണിയായിരിക്കുമ്പോൾ ഒരു ക്രിക്കറ്റ് ഷോ ഹോസ്റ്റ് ചെയ്യുന്നത് നിങ്ങൾ തന്നെ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ... വളരെ ഗ്ലാമറസ് ലുക്ക് അല്ല എന്തായാലും. ഞാൻ അല്പം തടിയുള്ള പെൺകുട്ടിയായി തോന്നുമായിരുന്നു. പക്ഷേ എനിക്ക് ഒരു ഇടവേള എടുക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് അപ്പോഴും ജോലിക്ക് പോയത്' മന്ദിര ബേദി പറഞ്ഞു.


Click it and Unblock the Notifications











