'23ൽ വിവാഹിതയായി കുട്ടികളെ ജനിപ്പിക്കേണ്ടി വരുമെന്ന് കരുതി, ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു'; മൃണാൾ ഠാക്കൂർ
ഭാട്ല ഹൗസ്, തൂഫാൻ, ധമാക്ക തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ബോളിവുഡിൽ ശ്രദ്ധേയയായ നടിയാണ് മൃണാൾ ഠാക്കൂർ. അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയുന്നതിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള താരം കൂടിയാണ് മൃണാൾ. ബോളിവുഡിൽ അരങ്ങേറിയ ശേഷം നേരിട്ട അവഗണനകളെ കുറിച്ച് അടുത്തിടെ മൃണാൾ തുറന്ന് പറഞ്ഞിരുന്നു. നിരവധി മറാത്തി, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മൃണാൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് 2018ൽ റിലീസ് ചെയ്ത ലവ് സോണിയ സിനിമയിലൂടെയാണ്. റിയ സിസോദിയ, ഫരീദ പിന്റോ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയിൽ തന്നെ പിന്തുണയ്ക്കാൻ ആരുമില്ലാതിരുന്നതിനാൽ പലപ്പോഴും തനിക്ക് അവഗണനയും പരിഹാസങ്ങളുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അടുത്തിടെ മൃണാൽ ഠാക്കൂർ വെളിപ്പെടുത്തിയത്. ആ സമയത്ത് തനിക്ക് പ്രചോദനമായി മാറിയത് അച്ഛനും അമ്മയും പറഞ്ഞ വാക്കുകൾ മാത്രമായിരുന്നുവെന്നും താരം വെളിപ്പെടുത്തി. തന്റെ ജീവിതത്തിൽ താനേറ്റവും കടപ്പെട്ടിരിക്കുന്നത് അച്ഛനോടും അമ്മയോടുമാണെന്നും നടി കൂട്ടിച്ചേർത്തു. 'ഞാൻ കരിയർ തുടങ്ങിയ സമയത്ത് എന്നോട് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.'

'അന്നൊക്കെ വീട്ടിൽ വന്ന് കരയുമായിരുന്നു. എനിക്കിതൊന്നും ഇഷ്ടമാകുന്നില്ലെന്ന് ഞാൻ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. അവർ പറഞ്ഞത് പത്ത് വർഷം അപ്പുറത്തെ കാര്യങ്ങൾ ചിന്തിക്കാനാണ്. നിന്നെ കണ്ട് ആളുകൾക്ക് പ്രചോദനം തോന്നും. അവൾക്ക് സാധിക്കുമെങ്കിൽ എനിക്കും സാധിക്കുമെന്ന് തോന്നും എന്ന് ചിന്തിക്കാൻ അവർ പറഞ്ഞു. എന്റെ അച്ഛനോടും അമ്മയോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ പക്കൽ ഇല്ലാതിരുന്ന കാര്യങ്ങൾക്ക് വേണ്ടി പോരാടാൻ പഠിപ്പിച്ചത് അവരാണ്. അതിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു' മൃണാൾ കൂട്ടിച്ചേർത്തു. ഇപ്പോൾ കൗമാരപ്രായത്തിലെ തന്റെ ചില അബദ്ധ ചിന്തകളെ കുറിച്ച് മൃണാൾ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലേയും ഇരുൾ നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചാണ് മൃണാൾ ഠാക്കൂർ തുറന്ന് പറഞ്ഞത്.

'വളരെ ചെറിയപ്രായത്തിൽ തന്നിൽ ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി അവർ തുറന്നുപറഞ്ഞു. ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. ഈ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്തില്ലെങ്കിൽ ഞാൻ ഒരിടത്തും എത്തില്ലെന്ന് കരുതിയിരുന്നു. 23ആം വയസിൽ വിവാഹിതയായി കുട്ടികളുമൊക്കെയായി കഴിയേണ്ടി വരുമെന്ന് ഞാൻ കരുതി. എന്നാൽ അന്ന് സത്യത്തിൽ അത് ചെയ്യാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. കരിയറിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ താത്പര്യപ്പെട്ടു. തുടർന്ന് ഓഡീഷനുകൾക്ക് പോയി തുടങ്ങി. എന്നൽ പലപ്പോഴും ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്ത എന്നെ അലട്ടിയിരുന്നു. 15 മുതൽ 20 വയസ് വരെയുള്ള പ്രായം ഓരോരുത്തരും തങ്ങളെ കണ്ടെത്തുന്ന സമയമാണ്. ജീവിതത്തിൽ ആര് ആയിത്തീരണമെന്ന് ആഗ്രഹിച്ചവർക്ക് ആ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയേക്കും.'
Recommended Video

'ഞാൻ മിക്കപ്പോഴും തീവണ്ടിയിൽ യാത്ര ചെയ്യുമായിരുന്നു. തീവണ്ടിയുടെ വാതിലിനോട് ചേർന്നായിരുന്നു പതിവായി നിൽക്കുക. പലപ്പോഴും അവിടെ നിന്ന് പുറത്തേക്ക് ചാടാൻ തോന്നുമായിരുന്നു. മാതാപിതാക്കൾക്ക് ഞാൻ ദന്തഡോക്ടർ ആയി കാണാൻ ആയിരുന്നു താത്പര്യം. എന്നാൽ ടിവിയിൽ പ്രത്യക്ഷപ്പെടുന്നതിന് ക്രൈം ജേണലിസം പോലുള്ള എന്തെങ്കിലും ചെയ്യാൻ ആയിരുന്നു എനിക്ക് താത്പര്യം. മാസ് മീഡിയയിൽ ബിരുദം നേടുന്നതിന് അനുവദിക്കാൻ മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കാൻ ഞാൻ വളരെയേറെ ബുദ്ധിമുട്ടി' മൃണാൾ ഠാക്കൂർ പറഞ്ഞു. മൃണാൽ ഠാക്കൂറിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ കാർത്തിക് ആര്യന്റെ ധമാക്കയായിരുന്നു. റാം മദ്വനി സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്.


Click it and Unblock the Notifications