വെളുത്ത് തിളക്കമുള്ള ചര്‍മമാവില്ല, പക്ഷെ ഞങ്ങള്‍ക്കും ഭംഗിയുണ്ട്; പിന്നെ മാറ്റിനിര്‍ത്തുന്നതെന്തിന്? പ്രിയാമണി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരമാണ് പ്രിയാമണി. തെലുഗു സിനിമയായ ഇവാരെ അതഗാഡു എന്ന ചിത്രിത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നതെങ്കിലും പ്രിയാമണി എന്ന നടിക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രം അതുകഴിഞ്ഞ് പുറത്തിറങ്ങിയ പരുത്തി വീരനാണ്. ചിത്രത്തില്‍ നടിയുടെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു.
തമിഴിന് പുറമെ മലയാളത്തിലും ഹിന്ദിയിലും കന്നടയിലും പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, തിരക്കഥ, സത്യം, ഒറ്റ നാണയം തുടങ്ങിയ ചിത്രങ്ങള്‍ പ്രിയാമണി എന്ന നടിയെ വരച്ചിടുന്ന ചിത്രങ്ങളാണ്.

പൃഥ്വിരാജ് നായകനായ സത്യം എന്ന ചിത്രത്തിലൂടയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് പൃഥ്വിക്കൊപ്പം പുതിയ മുഖം, തിരക്കഥ തുടങ്ങിയ ചിത്രങ്ങളും പ്രിയാമണി അവതരിപ്പിച്ചു. ഗ്രാന്‍ഡ് മാസ്റ്ററിലേയും നേരിലെയും കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആദ്യ ഹിന്ദി ചിത്രം രാവണ്‍ ആയിരുന്നു. തുടര്‍ന്ന് സലാം വെങ്കി, ഷാരൂഖിനൊപ്പം ഹിറ്റ് ചിത്രമായ ജവാനില്‍ അഭിനയിച്ചു. ഇപ്പോള്‍ അജയ്‌ദേവ്ഗണിനൊപ്പം തന്റെ ഏറ്റവും പുതിയ ചിത്രമായ മൈദാന്‍ റിലസിനൊരുങ്ങുകായാണ്. ഏപ്രില്‍ 10നാണ ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രയാമണി പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്നെ തെന്നിന്ത്യന്‍ നടി എന്ന രീതിയില്‍ ടൈപ്പ്കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. നടിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറല്‍ ആവുകയാണ്. തമിഴ്, തെലുഗു സിനിമകളിലൂടെ അഭിനയലോകത്തേക്കെത്തി എന്നതിനാല്‍ മാത്രം തന്നെ ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്ന തെന്നിന്ത്യന്‍ നടി എന്ന് പറയുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് പ്രിയാമണി.
'നമുക്ക് ഒരു അവസരം കിട്ടുമ്പോള്‍ ചിലപ്പോള്‍ അവര്‍ പറയുന്നത്, ഒരു സൗത്ത് ഇന്ത്യന്‍ കാരക്ടര്‍ ഉണ്ട്, അതുകൊണ്ടാണ് നിങ്ങളെ കാസ്റ്റ് ചെയ്തത് എന്നാണ്. അത് മാറുമെന്നാണ് ഞാന്‍ കരുതുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്നാണ് ഞങ്ങള്‍ വരുന്നതെങ്കിലും നന്നായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. എല്ലാവരെയും പോലെ തന്നെ കാണാന്‍ ഭംഗിയുള്ളവരാണ് ഞങ്ങളും,' പ്രിയാമണി പറഞ്ഞു.
ഇവിടുത്തെ നടിമാരെ പോലെ ചിലപ്പോള്‍ അത്ര തിളക്കമുള്ള, വെളുത്ത ചര്‍മ്മമുള്ളവരായിരിക്കണം നമ്മള്‍ എന്നില്ല. പക്ഷെ അതൊരു വലിയ കാര്യമായി ഞാന്‍ കരുതുന്നില്ല. സൗത്തില്‍ നിന്ന് വരുന്ന നടന്മാരായാലും നടിമാരായാലും അവര്‍ക്ക് ഫ്‌ളുവന്റ് ആയി സംസാരിക്കാന്‍ അറിയാം.
ഗ്രാമര്‍ ചിലപ്പോള്‍ കുറച്ച് അങ്ങോടും ഇങ്ങോടും ഒക്കെ പോകാം. അതൊന്നും പ്രശ്‌നമുള്ള കാര്യമില്ല. വികാരങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നുള്ളതിലാണ് കാര്യം. വടക്ക് തെക്ക് എന്നൊക്കെ പറയുന്ന രീതി മാറണം. നമ്മള്‍ എപ്പോഴും ഇന്ത്യന്‍ നടീനടന്മാരാണ്. ആ രീതിയില്‍ കാണാന്‍ സാധിക്കണം എന്നും പ്രിയാമണി പറഞ്ഞു.

മൈദാന്‍ തിയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ്. തിയേറ്റര്‍ വാച്ചിന് വേണ്ടി നിര്‍മിച്ച ചിത്രമാണ്. സിനിമ ചെറിയ സ്‌ക്രീനിലും വലിയ സ്‌ക്രീനിലും കാണുന്നത് തമ്മില്‍ വ്യത്യാസമുണ്ട്. മൈദാനിലെ സൈറയെ ഞാന്‍ മനസിലാക്കുന്നത് എങ്ങനെയാണ് എന്നതിന് മനസിലാക്കാനുള്ള സമയം അനുവദിച്ചു തരികയായിരുന്നു ഒരു സംവിധായകന്‍ എന്ന നിലയില്‍ അമിത് ശര്‍മ ആദ്യം ചെയ്തത്.
അജയ് ദേവ്ഗണ്‍ കണ്ണുകൊണ്ട് വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഒരു പ്രതിഭാസമാണെന്നും പ്രിയാമണി പറഞ്ഞു. റഹീം സാഹിബ് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചത് അത്രയും ഗംഭീരമായാണ് എന്നും പ്രിയാമണി പറഞ്ഞു. തന്റെ ചില സിനിമകള്‍ ഒക്കെ കാണുമ്പോള്‍ തനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നൊക്കെ പിന്നീട് തോന്നാറുണ്ടെന്നും പ്രിയാമണി പറഞ്ഞു.


Click it and Unblock the Notifications