പിരിഞ്ഞിട്ട് മാസങ്ങൾ; മറ്റൊരാളെ കണ്ടെത്തി ജോ ജോനാസും; ഫോട്ടോ ഡിലീറ്റ് ചെയ്ത് പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന്റെ കുടുംബ വിഷയങ്ങളാണ് ഹോളിവുഡ് മാധ്യമങ്ങളിൽ ഇപ്പോഴത്തെ ചർച്ച. നിക് ജോനാസിന്റെ സഹോദരൻ ജോ ജോനാസ് നടി സോഫി ടർണറുമായുള്ള വിവാഹബന്ധം വേർപെടുത്തിയതാണ് ഇതിന് കാരണം. നാല് വർഷത്തെ വിവാഹ ജീവിതത്തിനാെടുവിലാണ് സോഫിയും ജോയും രണ്ട് വഴിക്ക് പിരിഞ്ഞത്. അമേരിക്കയിൽ നിന്നും സോഫി യുകെയിലേക്ക് പോകുകയും ചെയ്തു. മക്കളുടെ സംരക്ഷണാവകാശം സംബന്ധിച്ച് രണ്ട് പേർക്കുമിടയിൽ തർക്കമുണ്ടായെങ്കിലും പ്രശ്നം പരിഹരിച്ചെന്നാണ് പിന്നീട് വന്ന വിവരം.
കുറച്ച് മാസങ്ങളായി ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാഞ്ഞതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. വിവാഹ മോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും ഹോളിവുഡിൽ പ്രചരിച്ചു. 27 കാരിയായ സോഫിക്ക് പൂർണമായും കുടുംബിനിയായി മാത്രം ഒതുങ്ങാൻ താൽപര്യമില്ലായിരുന്നെന്നാണ് പുറത്ത് വന്ന ഗോസിപ്പുകളിലൊന്ന്. എന്നാൽ നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഡിവോഴ്സിന് ശേഷം മറ്റൊരു പ്രണയ ബന്ധത്തിലേക്ക് സോഫി ടർണർ കടന്നു. പെരിഗ്രിൻ പിയർസൺ എന്നാണ് സോഫിയുടെ ഇപ്പോഴത്തെ കാമുകന്റെ പേര്. പിന്നാലെ ജോ ജോനാസിന്റെ പുതിയ പ്രണയത്തെക്കുറിച്ചുള്ള വാർത്തയും പുറത്ത് വന്നു. മോഡലായ സ്റ്റോർമി ബ്രിയയെയാണ് ജോ ജോനാസ് ഡേറ്റ് ചെയ്യുന്നത്. രണ്ട് പേരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹോളിവുഡ് പാപ്പരാസികൾ ഇതിന്റെ തെളിവുകൾ നിരത്തുന്നുണ്ട്. പലയിടങ്ങളിലും ഇവർ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ പ്രിയങ്ക പങ്കുവെച്ച ഫോട്ടോ ജോയും സ്റ്റോർമിയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പിന് ആക്കം കൂട്ടിയിരിക്കുകയാണ്. ഷാംപെയ്ൻ ഗ്ലാസുകളുടെ ഫോട്ടോയാണ് പ്രിയങ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. നാല് കൈകൾ കാണാമെങ്കിലും ഒപ്പമുള്ള മൂന്ന് പേർ ആരാണെന്ന് വ്യക്തമല്ല. ജോ ജോനാസും കാമുകി സ്റ്റോർമിയുമാണ് ഒപ്പമുള്ളതെന്ന വാർത്ത വന്നതോടെ പ്രിയങ്ക ഈ ഫോട്ടോ നീക്കം ചെയ്തു.

ഡിവോഴ്സിന് പിന്നാലെ തന്റെ വ്യക്തി ജീവിതത്തിലേക്ക് വലിയ ശ്രദ്ധ വന്നിരിക്കുന്നതിനാൽ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജോ ജോനാസ് ജാഗരൂകനാണ്. ജോ ജോനാസിന്റെ പുതിയ പ്രണയത്തിൽ സോഫി ടർണറും സന്തോഷവതിയാണെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വേർപിരിഞ്ഞ് മാസങ്ങൾക്കുള്ളിൽ ജോ ജോനാസും സോഫി ടർണറും പുതിയ പ്രണയത്തിലേക്ക് കടന്നത് ഇരുവരുടെയും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
സോഫിയും മുൻ നാത്തൂൻ പ്രിയങ്കയും ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ പരസ്പരം ഫോളോ ചെയ്യുന്നില്ല. നേരത്തെ ഇരുവരും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇപ്പോഴും ഈ സൗഹൃദത്തിന് കോട്ടം വന്നിട്ടില്ല. വിവാഹമോചനത്തിന് കാരണം എന്തെന്ന് ജോ ജോനാസോ സോഫി ടർണറോ വ്യക്തമാക്കിയിട്ടില്ല. ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു ജോ ജോനാസും സോഫി ടർണറും.
പോപ് ഗായകനായ ജോ ജോനാസ് മ്യൂസിക് ഷോകളുടെ തിരക്കിലാണ്. സോഫി അഭിനയത്തിലും സജീവമായിക്കൊണ്ടിരിക്കുന്നു.
ഗെയിം ഓഫ് ത്രോൺസ് എന്ന സീരിസീലൂടെ വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് സോഫി ടർണർ. കരിയറിൽ തിരക്കേറിയ സമയത്താണ് സോഫി ജോ ജോനാസിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം സോഫി കരിയറിലെ തിരക്കുകൾ കുറച്ചിരുന്നു.


Click it and Unblock the Notifications











