ഷാരൂഖിനോട് ഭ്രാന്തമായ പ്രണയം, സഹോദരിയായി പെരുമാറിയാലും കണ്ണുകൾ ചതിക്കും; സാദിയ സിദ്ദിഖിയുടെ തുറന്നുപറച്ചിൽ!
ബോളിവുഡിന്റെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ ആരാധകരിൽ സാധാരണ പ്രേക്ഷകർ മാത്രമല്ല സഹതാരങ്ങളും ഉൾപ്പെടുന്നു. നടി സാദിയ സിദ്ദിഖി അവരിൽ ഒരാളാണ്. ഷാരൂഖിനോട് കടുത്ത ആരാധനയും പ്രണയവും തോന്നിയിരുന്ന താരമാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന രസകരമായ അനുഭവം സാദിയ പങ്കുവെച്ചത്. 1994ൽ പുറത്തിറങ്ങിയ കഭി ഹാൻ കഭി നാ എന്ന ചിത്രത്തിലേക്ക് സംവിധായകൻ കുന്ദൻ ഷാ സാദിയയെ വിളിച്ചപ്പോൾ ഷാരൂഖിന്റെ ഇളയ സഹോദരിയുടെ കഥാപാത്രമാണ് നടിക്ക് ഓഫർ ചെയ്തത്.
എന്നാൽ ആ വേഷം ചെയ്യാൻ താൻ ആദ്യം തയ്യാറായിരുന്നില്ലെന്നാണ് സാദിയ പറയുന്നത്. അന്ന് എനിക്ക് ഷാരൂഖിനോട് ഭ്രാന്തമായ പ്രണയമായിരുന്നു. അദ്ദേഹത്തെ മാത്രമാണ് ഞാൻ നോക്കിയിരുന്നത്. ഇന്നും അദ്ദേഹത്തോടുള്ള സ്നേഹത്തിന് കുറവൊന്നുമില്ല.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സഹോദരിയായി അഭിനയിക്കാൻ എനിക്ക് കഴിയില്ലെന്ന് കുന്ദൻ ഷായോട് തുറന്ന് പറഞ്ഞു. സഹോദരിയായി അഭിനയിച്ചാലും എന്റെ കണ്ണുകളിലെ പ്രണയം പ്രേക്ഷകർക്ക് തിരിച്ചറിയാനാകുമെന്നും അതുകൊണ്ട് ഞാൻ അത്തരമൊരു കഥാപാത്രം ചെയ്താൽ വിശ്വസനീയമാകില്ലെന്നും ഞാൻ പറഞ്ഞു.
അദ്ദേഹം അത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു സാദിയ പറഞ്ഞു. തുടർന്ന് അപ്പോൾ പിന്നെ എന്ത് വേഷമാണ് ചെയ്യാൻ ആഗ്രഹം? എന്ന് സംവിധായകൻ ചോദിച്ചപ്പോൾ ഷാരൂഖിന്റെ കാമുകിയായി അഭിനയിക്കണം എന്നായിരുന്നു തന്റെ മറുപടിയെന്നും സാദിയ ഓർത്തെടുത്തു. എന്നാൽ അന്ന് നടിക്ക് പ്രായം വളരെ കുറവായതിനാൽ അത് സാധ്യമല്ലെന്ന് കുന്ദൻ ഷാ വ്യക്തമാക്കി. ബാലതാരമായാണ് സാദിയ അഭിനയരംഗത്ത് എത്തുന്നത്.
1993ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഹംറാഹി എന്ന പരമ്പരയിൽ ബാലതാരമായി അഭിനയിച്ച സാദിയയുടെ പ്രകടനം കണ്ടാണ് സംവിധായകൻ അവരെ സിനിമയിലേക്ക് ക്ഷണിച്ചത്. ഷാരൂഖിന്റെ സഹോദരിയുടെ വേഷത്തിന് സാദിയ ഏറ്റവും അനുയോജ്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ തനിക്ക് പ്രായപൂർത്തിയായ കഥാപാത്രവും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാനായി അടുത്ത ദിവസം സാദിയ മേക്കപ്പ് ചെയ്ത് മുടി ചുരുട്ടി ഏറ്റവും നല്ല വസ്ത്രം ധരിച്ച് സംവിധായകനെ കാണാൻ പോയി.
എന്നെ ഞാൻ വലിയ പെൺകുട്ടിയെപ്പോലെ അവരുടെ മുന്നിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്നെ കണ്ട സംവിധായകൻ കുന്ദൻ ഷാ ചിരിക്കുകയായിരുന്നു. ഇല്ല... നീ സഹോദരിയുടെ വേഷം തന്നെയാണ് ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒടുവിൽ എനിക്ക് ആ കഥാപാത്രം സ്വീകരിക്കേണ്ടി വന്നു സാദിയ പറഞ്ഞു.

അഭിനയത്തിനിടെ മനസിൽ ഷാരൂഖിനോട് പ്രണയമുണ്ടായിരുന്നെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അത് പുറത്തുവരാൻ അനുവദിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. ഒരു അഭിനേത്രിയെന്ന നിലയിൽ എന്റെ ജോലി ഞാൻ ചെയ്തു. മനസിൽ പ്രണയമുണ്ടായിരുന്നെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എന്റെ കണ്ണുകൾ അദ്ദേഹത്തെ സഹോദരനായി മാത്രമാണ് കാണാൻ ശ്രമിച്ചത് എന്നാണ് സാദിയ പറഞ്ഞത്.
ഷാരൂഖിനോട് തന്റെ പ്രണയം ഒരിക്കലും നേരിട്ട് തുറന്ന് പറഞ്ഞിട്ടില്ലെന്നും പക്ഷെ അദ്ദേഹത്തിന് അത് മനസിലായിരുന്നിരിക്കാമെന്നും സാദിയ പറയുന്നു. ചിത്രീകരണ വേളയിൽ ഷാരൂഖ് എന്നെ ഏറെ കരുതലോടെയാണ് പരിഗണിച്ചിരുന്നത്. കടുത്ത ചൂടിൽ കടൽത്തീരത്ത് ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ വെയിലത്ത് നിൽക്കാതിരിക്കാൻ കാറിനുള്ളിൽ ഇരിക്കാൻ ഷാരൂഖ് നിർദേശിക്കാറുണ്ടായിരുന്നുവെന്നും അവർ ഓർത്തെടുത്തു.
വർഷങ്ങൾക്കുശേഷം ഒരു ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് കണ്ടപ്പോഴും ഷാരൂഖ് തന്നെ തിരിച്ചറിഞ്ഞ് പേര് വിളിച്ച് സ്നേഹത്തോടെ കെട്ടിപ്പിടിച്ചതായും സാദിയ ഓർക്കുന്നു. ഒപ്പം കോക്ക് അമിതമായി കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതും അവസാനിപ്പിക്കണമെന്ന് തമാശയോടെ താൻ ഷാരൂഖിനെ ശകാരിച്ച സംഭവവും നടി അഭിമുഖത്തിൽ പങ്കുവെച്ചു.


Click it and Unblock the Notifications


