'90 ശതമാനം വസ്ത്രങ്ങളും കടം വാങ്ങുന്നതാണ്, സ്വന്തമല്ല'; തുറന്ന് പറഞ്ഞ് സോനം കപൂർ
ബോളിവുഡിൽ ഫാഷൻ തരംഗങ്ങളുണ്ടാക്കുന്ന നടിയാണ് സോനം കപൂർ. ബി ടൗണിലെ ഫാഷനിസ്ത എന്നറിയപ്പെടുന്ന സോനം ഫാഷൻ ചോയ്സുകളാൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. കാൻ ഫിലിം ഫെസ്റ്റിലെ റെഡ് കാർപറ്റിൽ നിന്നുള്ള സോനത്തിന്റെ ചിത്രങ്ങൾ മുൻ വർഷങ്ങളിൽ ഏറെ വൈറലായിരുന്നു. നിരവധി ഗ്ലോബൽ ബ്രാൻഡുകളുടെ പരസ്യത്തിലും സോനമെത്താറുണ്ട്.

മേക്കപ്പ്, ഫാഷൻ എന്നിവയിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്ന നടിയെ സ്റ്റെെൽ ഐക്കൺ ആയാണ് ആരാധകർ കാണുന്നത്. നടൻ അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ. സഞ്ജയ് ലീല ബൻസാലി ചിത്രം സാവരിയയിലൂടെയാണ് സോനം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് നീരജ, രാഞ്ജന തുടങ്ങിയ സിനിമകളിൽ നടി ശ്രദ്ധേയയായി.
കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിലും സോനം പങ്കെടുത്തിരുന്നു. കസിനായ നടൻ അർജുൻ കപൂറിനൊപ്പമാണ് സോനം ഷോയിലെത്തിയത്. ഷോയിൽ സോനം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സോനം തുടങ്ങി വെച്ച ഫാഷൻ മൂവ്മെന്റിനെ പറ്റി കരൺ ഷോയിൽ സംസാരിച്ചു. ഇവന്റുകൾക്ക് മുമ്പ് ഫോട്ടോകളെടുത്ത് സോഷ്യൽ മീഡിയിലിടുന്ന ട്രെൻഡ് തുടങ്ങിയത് നീയാണ്. അതിന്റെ ഫുൾ ക്രെഡിറ്റും നിനക്കാണ് എന്നായിരുന്നു കരൺ പറഞ്ഞത്. ഉടൻ തന്നെ സോനം ഇതിന് മറുപടി നൽകി. താൻ പൊതുവേദികളിൽ ധരിക്കുന്ന വിലപിടിപ്പുള്ള മിക്ക വസ്ത്രവും കടം വാങ്ങാറായിരുന്നെന്ന് സോനം തുറന്നു പറഞ്ഞു. ഡിസൈനർമാരുടെ ഈ വസ്ത്രങ്ങൾ ആളുകളിലേക്കെത്തിക്കാൻ ഇതുപകാരപ്രദമാവുന്നെന്നും സോനം പറഞ്ഞു.

'ഫോട്ടോകൾ എടുക്കാൻ ഞാനും റിയയും (സഹോദരി) തീരുമാനിക്കാൻ കാരണം ഞങ്ങൾ തിരക്കുള്ള റെഡ് കാർപറ്റിലേക്കാണ് പോവുന്നതെന്ന് മനസ്സിലാക്കി. വസ്ത്രങ്ങൾ ഭൂരിഭാഗവും കടം വാങ്ങുന്നതായിരുന്നു. എന്റെ വസ്ത്രങ്ങളിൽ 90 ശതമാനവും കടം വാങ്ങിയതാണ്,' സോനം പറയുന്നു.
'അവർ ഞങ്ങൾക്ക് വസ്ത്രങ്ങൾ കടം തരുന്നു. ഞങ്ങളത് വാങ്ങുകയായിരുന്നില്ല. ഇത്രയും പണം ചെലവഴിക്കാൻ ഞങ്ങൾക്ക് ഭ്രാന്തില്ല. ക്രെഡിറ്റ് നൽകാം എന്ന മട്ടിലായിരുന്നു ഞങ്ങൾ. ആ വ്യക്തിക്ക് നല്ല ഫോട്ടോകൾ ലഭിക്കുന്നുണ്ടെന്നും അല്ലെങ്കിൽ ആ ഡിസൈനർക്ക് നല്ല ഫോട്ടോ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ഞാൻ ആഗ്രഹിക്കുന്നു,' സോനം പറഞ്ഞു.
Recommended Video

ബിസിനസ്കാരനായ ആനന്ദ് അഹുജയുമായി വിവാഹിതയായ സോനം ഇപ്പോൾ ഗർഭിണിയാണ്. കുറച്ചു നാളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന നടിക്ക് ബോളിവുഡിൽ ഇപ്പോൾ നടക്കുന്ന പല വിഷയങ്ങളും അറിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഷോയിൽ രൺബീറിന്റെ പുതിയ സിനിമയായ ബ്രാഹ്മാസ്ത്ര എന്ന പേര് സോനം മറന്നു. നടിമാരായ കൃതി സനോൻ, കിയറ അദ്വാനി, ഭൂമി പഡ്നേക്കർ എന്നിവരെ അണ്ടർ റേറ്റഡായ നടിമാരാണെന്നും സോനം പറഞ്ഞു. ഈ നടിമാരെല്ലാം ഇപ്പോൾ സ്റ്റാറാണെന്ന് കരൺ സോനത്തെ ഓർമ്മിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications