'പ്രാർത്ഥനകൾക്കുള്ള ഉത്തരം... അവളെ തിരികെ കിട്ടി...'; വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയെന്ന് സണ്ണി ലിയോണി!
കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന പേരുകളിലൊന്നാണ് സണ്ണി ലിയോണിയുടേത്. കേരളത്തിൽ സണ്ണി എത്തുമ്പോൾ കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് വരെ ആരാധകരെത്തും. കേരളം സണ്ണിക്കും പ്രിയപ്പെട്ടതാണ്. അവധി ആഘോഷിക്കാൻ കുടുംബസമേതം താരം എത്താറുമുണ്ട്.
സോഷ്യൽമീഡിയയിൽ വളരെ സജീവമായ സണ്ണി മണിക്കൂറുകൾക്ക് മുമ്പ് പങ്കുവെച്ചൊരു കുറിപ്പ് വലിയ രീതിയിൽ വൈറലായി. വീട്ടുജോലിക്കാരിയുടെ ഒമ്പത് വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചായിരുന്നു നടി സണ്ണി ലിയോണി കുറിപ്പ് പങ്കിട്ടത്. കുട്ടിയെ കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിതോഷികമായി നൽകുമെന്നും സണ്ണി ലിയോണി കുറിപ്പിനൊപ്പം എഴുതിയിരുന്നു.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ സണ്ണിയുടെ പോസ്റ്റ് ഷെയർ ചെയ്തും പ്രാർത്ഥനകൾ നേർന്നും എത്തിയിരുന്നു. സണ്ണിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒമ്പത് മണിക്കൂർ പിന്നിടുമ്പോഴേക്കും കുട്ടിയെ കണ്ടെത്തി.

സണ്ണി തന്നെയാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ പെൺകുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യൽമീഡിയയിൽ പങ്കിട്ടത്. കണ്ടെത്തി... ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പോലീസിന് വളരെയധികം നന്ദി അറിയിക്കുന്നു.
24 മണിക്കൂറുകൾക്ക് ശേഷം അനുഷ്കയെ ഞങ്ങൾക്ക് തിരികെ ലഭിച്ചു. പോസ്റ്റ് ഷെയർ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വൈറലാക്കിയ വെൽവിഷേസ് അടക്കമുള്ള എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നുവെന്നാണ് സണ്ണി ലിയോണി സന്തോഷം പങ്കിട്ട് കുറിച്ചത്.
മുംബൈയിലെ ജോഗേശ്വരി ഭാഗത്ത് വെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേര് വിവരങ്ങളും ചിത്രവും സണ്ണി ലിയോണി പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോൺ നമ്പറുകളും താരം കുറിപ്പിനൊപ്പം ചേർത്തിരുന്നു.
കുട്ടിയെ കണ്ടെത്തുന്നവർ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെട്ടത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവർക്കോ കുട്ടിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരം നൽകുന്നവർക്കോ പണമായി ഉടനടി 11000 രൂപ നൽകുമെന്നും.

ഇതിന് പുറമെ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി 50000 രൂപ കൂടി നൽകുമെന്നും സണ്ണി ലിയോണി പറഞ്ഞിരുന്നു. എല്ലാവരും കണ്ണുകൾ തുറന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തണമെന്നാണ് നടി ആവശ്യപ്പെട്ടത്. കുട്ടിയെ കണ്ടെത്തിയെന്ന് സണ്ണി അറിയിച്ചതോടെ നടിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ആരാധകരും പങ്കുകൊണ്ടു.
സണ്ണിയുടെ ഇത്തരത്തിലുള്ള സമീപനം കാണുമ്പോൾ അതിയായ ബഹുമാനം തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. ജീവാകാരുണ്യ പ്രവർത്തനങ്ങളുടെയും സഹജീവി സ്നേഹത്തിന്റെയും കാര്യത്തിൽ ഇന്ത്യൻ സിനിമയിലെ മറ്റ് എല്ലാ താരങ്ങളെക്കാളും മുന്നിലാണ് സണ്ണി.
സണ്ണിയും ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. 2017ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.
പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നീ ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും അഞ്ച് വയസ് തികഞ്ഞു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയാണ് സണ്ണി ലിയോണി ഒടുവിൽ ചെയ്ത ചിത്രം.


Click it and Unblock the Notifications











