'അച്ഛനെക്കുറിച്ചുളള ഓര്‍മ്മകളില്ല... കാണണമെന്നും തോന്നിയിട്ടില്ല, കുടുംബത്തിലെ സ്ത്രീകള്‍ ശക്തരായിരുന്നു'
ശ്രീദേവി കഴിഞ്ഞാൽ ഒരുപക്ഷെ ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്ട്രികളിൽ പോയി അഭിനയത്തിലും ഭാഷയിലും ഒരുപോലെ തിളങ്ങിയ നടിമാരിൽ ഒരാൾ തബു മാത്രമായിരിക്കും. ഇപ്പോഴും വളരെ സെലക്റ്റീവായി മാത്രം റോളുകൾ തിരഞ്ഞെടുത്തു വിജയിപ്പിക്കുന്നു എന്നതാണ് തബുവിന് അമ്പത്തിരണ്ടാം വയസിലും ആരാധകരുണ്ടാകാൻ കാരണം. മികച്ച നടിക്കുള്ള ദേശീയ അവാർഡ്, പത്മശ്രീ, നിരവധി ഫിലിം ഫെയർ പുരസ്‌കാരങ്ങൾ എന്നിവ അഭിനയതികവിന്റെ ഫലമായി ലഭിച്ചിട്ടുള്ള തബുവിനെ മലയാളികൾ എക്കാലവും സ്നേഹിക്കുന്നത് കലാപാനിയിലെ ഗോവർദ്ധന്റെ പാർവതിയായി നടത്തിയ പ്രകടനത്തിന്റെ പേരിലാണ്.
ചർമം കണ്ടാൽ പ്രായം പറയില്ലെന്ന അവസ്ഥയാണ് തബുവിന്റേത്. ഇന്നും ചെറുപ്പം നിലനിർത്താൻ താരത്തിന് കഴിയുന്നു. കാലാപാനിയിൽ മാത്രമല്ല രാക്കിളിപ്പാട്ട് അടക്കമുള്ള മലയാള സിനിമകളിലും തബു അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴും അവിവാഹിതയായി തുടരുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് തബു. നടൻ അജയ് ദേവ്‍ഗണുമായുള്ള പ്രണയം തകർന്നതാണ് തബു അവിവാഹിതയായി തുടരാനുള്ള കാരണമെന്നാണ് ഗോസിപ്പുകൾ. എന്നാൽ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് ഗോസിപ്പുകളോട് തബുവിന് പറയാനുള്ളത്. പ്രമുഖ നടിയായ ശബാന ആസ്മിയുടെ സഹോദരിയുടെ മകളായ തബു ജനിച്ചത് ഹൈദരബാദിലാണ്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനുശേഷം അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം ഹൈദരാബാദിലാണ് തബു പഠിച്ച് വളർന്നത്.
പിതാവുമായി യാതൊരു ബന്ധവും തബു പുലർത്തുന്നില്ല. അച്ഛനെക്കുറിച്ചുളള ഓര്‍മ്മകളില്ലെന്നും കാണണമെന്ന് തോന്നിയിട്ടില്ലെന്നുമാണ് തബു പറയാറുള്ളത്. അച്ഛന്റെ കുടുംബ പേര് പോലും ഉപയോഗിക്കുന്നതിനോട് നടിക്ക് എതിർപ്പാണ്. മുമ്പ് സിമി അഗർവാളുമായി നടത്തിയ ഒരു അഭിമുഖത്തിൽ അച്ഛനെ കുറിച്ചും ബാല്യകാലത്തെ കുറിച്ചും തബു തുറന്ന് പറഞ്ഞിരുന്നു.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനുശേഷം ഞാന്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മ ഒരു ടീച്ചറായിരുന്നു. അതുകൊണ്ട് കൂടതല്‍ സമയവും വായനയും പ്രാര്‍ത്ഥനയുമൊക്കെയായി ഞാന്‍ അമ്മൂമ്മയ്‌ക്കൊപ്പം കൂടും. സിനിമയില്‍ വന്നതിനുശേഷവും വളരെ മിതമായി മാത്രമെ സംസാരിച്ചിരുന്നുളളൂ. നായികയായിട്ടുപോലും സ്വന്തമായൊരു നിലപാടെടുക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്.
എനിക്ക് മൂന്ന് വയസുളളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. അതിനുശേഷം പിതാവ് വേറെ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് കുട്ടികളുമുണ്ട്. കുടുംബ പേരായ ഹാഷ്മി ഞാന്‍ ഒരിക്കലും എവിടെയും ഉപയോഗിച്ചിട്ടില്ല. അങ്ങനെ ചെയ്യണമെന്ന് തോന്നിയിട്ടുമില്ല. തബസ്സും ഫാത്തിമ എന്നായിരുന്നു എന്റെ പേര്. ഫാത്തിമ എന്നതാണ് എന്റെ കുടുംബ പേരെന്ന് വേണമെങ്കില്‍ പറയാം. അച്ഛനെക്കുറിച്ചുളള ഓര്‍മ്മകള്‍ ഒന്നും തന്നെ എനിക്കില്ല.

ചേച്ചി അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. എനിക്ക് അങ്ങനെ കാണണമെന്ന് തോന്നിയിട്ടുമില്ല. എന്റെ കുടുംബത്തിലെ സ്ത്രീകള്‍ ശക്തരായിരുന്നു. അത് സ്വന്തം നിലയില്‍ നില്‍ക്കാനായി എന്നെയും ഒരുപാട് പ്രോത്സാഹിപ്പിച്ചു. ശക്തരായ സ്ത്രീകളോട് എന്നും പുരുഷന്‍മാര്‍ക്ക് ഒരു ഭയമുളളതായി എനിക്ക് തോന്നുന്നു. കാരണം സ്ത്രീകള്‍ക്ക് ആണ്‍തുണയില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് അവര്‍ മനസിലാക്കിയതുകൊണ്ടാണ്.
പുരുഷന്മാര്‍ എന്നും ദാതാക്കളായിരിക്കണമെന്നുളള ചിന്ത അവരിലുണ്ട്. പക്ഷെ ഇപ്പോള്‍ പുരോഗമന ചിന്തകളുളള പുരുഷന്മാര്‍ ഉണ്ടെന്നുളളതും ഞാന്‍ അംഗീകരിക്കുന്നുവെന്നുമാണ് തബു പറഞ്ഞത്.


Click it and Unblock the Notifications











