'നിരവധി ഭാര്യമാരും ഒരുപാട് മക്കളും അയാൾക്കുണ്ട്, അച്ഛനുമായി യാതൊരു ബന്ധവും എനിക്ക് ഇപ്പോഴില്ല'
വേറിട്ട വസ്ത്രധാരണരീതികൊണ്ട് സോഷ്യൽ മീഡിയയിൽ എപ്പോഴും സെൻസേഷനാവുന്ന വ്യക്തിയാണ് ബോളിവുഡ് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. ഉർഫിയുടെ രസകരമായ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ ധരിക്കുകയെന്നത് ഉര്‍ഫിയുടെ പ്രത്യേകതയാണ്. എന്നാൽ ഇക്കാരണം കൊണ്ടുതന്നെ പലപ്പോഴും രൂക്ഷമായ വിമർശനങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട് ഉർഫിയ്ക്ക്.
ത്രെഡ് ഡ്രസ്സ്, ബ്ലെയ്ഡ് ഡ്രസ്സ് എന്നിങ്ങനെ ആരും പരീക്ഷിക്കാത്ത സ്റ്റൈലുകൾ വരെ പരീക്ഷിക്കാൻ ഉർഫി താൽപര്യം കാണിക്കാറുണ്ട്. ഓരോ പൊതുപരിപാടികളിലും ഉർഫി എങ്ങനെയാണ് പ്രത്യക്ഷപ്പെടുക എന്ന ആകാംക്ഷയോടെയാണ് പാപ്പരാസികൾ താരത്തെ കാത്തിരിക്കുന്നത്. ബിഗ് ബോസ് ഒടിടി സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ഉർഫി.

മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ തുടങ്ങിയ സീരിയലുകളിലൂടെയും ഉർഫി ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും തന്റെ തുറന്ന അഭിപ്രായപ്രകടനങ്ങളിലൂടെയും ഉർഫി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ പിതാവുമായി താൻ ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് പറയുകയാണ് ഉർഫി. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉർഫി പറയുന്നു.
അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാൾ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാൾ വേറെ വിവാഹം കഴിച്ചു. അയാൾക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാൾ അയാളുടെ കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.
ഞാൻ ഒരിക്കലും എന്റെ പിതാവുമായി അറ്റാച്ച്ഡായിരുന്നില്ല. അയാളിൽ നിന്നും ദൂരെ മാറിപോകാനെ എന്നും ശ്രമിച്ചിട്ടുള്ളു. അതുകൊണ്ട് എനിക്ക് കുറ്റബോധമില്ല. ടോക്സിക്കായിട്ടുള്ള മനുഷ്യന്മാരെ നമ്മൾ ജീവിതത്തിൽ നിന്നും കളയണം. അത് രക്ത ബന്ധമാണെങ്കിൽ പോലും. നിങ്ങൾക്ക് നല്ലതല്ലെങ്കിൽ അകറ്റി നിർത്തണം. എനിക്ക് അയാളുമായി ബന്ധമുണ്ടാക്കാനും താൽപര്യമില്ലെന്നാണ് പുതിയൊരു അഭിമുഖത്തിൽ ഉർഫി പറഞ്ഞത്.
പിതാവിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് മുമ്പും ഉർഫി വെളിപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം വയസിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ പ്രൊഫൈൽ ചിത്രം ഒരാൾ ഡൗൺലോഡ് ചെയ്ത് പോൺ സൈറ്റിലിടുകയായിരുന്നു. ഇതറിഞ്ഞപ്പോൾ എല്ലാവരും എന്നെ കുറ്റപ്പെടുത്തി തുടങ്ങി. എല്ലാവരും എന്നെ പോൺ താരമെന്ന് വിളിച്ചു. എന്റെ അച്ഛൻ പോലും എന്നെ അങ്ങനെ കാണാൻ തുടങ്ങി. സത്യം പറയാൻ അനുവദിക്കാതെ എന്നെ ഒരുപാട് തല്ലുകയും ചെയ്തു.

പ്രശ്നം നേരിട്ട എന്നെ എന്തിനാണ് അവർ മർദ്ദിക്കുന്നതെന്ന് പലവട്ടം ഞാൻ ചിന്തിച്ചു. എന്റെ വീട്ടുകാർ എന്നെ വിശ്വസിക്കാൻ തയ്യാറായില്ല. എല്ലാം സഹിച്ച് രണ്ട് വർഷം വീട്ടിൽ പിടിച്ച് നിന്നു. ഒടുവിൽ പതിനേഴാമത്തെ വയസിൽ ഞാൻ വീട് വിട്ടിറങ്ങി. ഞാൻ എന്റെ സഹോദരിമാർക്കൊപ്പമാണ് വീട് വിട്ടിറങ്ങിയത്. ഞാൻ ആദ്യം ലക്നൗവിലേക്കായിരുന്നു പോയത്. അവിടെ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ജീവിതം മുമ്പോട്ട് കൊണ്ടുപോയിരുന്നത്.
പിന്നീട് ഡൽഹിയിൽ പോകുകയും അവിടെ ഒരു സുഹൃത്തിനൊപ്പം താമസിക്കുകയും ചെയ്തു. അവിടെ ഒരു കോൾ സെന്ററിൽ ജോലി ലഭിച്ചെങ്കിലും അത് തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞില്ല. അവിടെ നിന്ന് മുംബൈയിലേക്ക് പോകുകയും ഒഡീഷനുകളിൽ പങ്കെടുക്കാൻ തടങ്ങുകയും ചെയ്തു. അങ്ങനെയാണ് ടെലിവിഷൻ രംഗത്തേക്ക് എത്തുന്നതെന്നാണ് ജീവിത കഥ വെളിപ്പെടുത്തി മുമ്പൊരിക്കൽ ഉർഫി പറഞ്ഞത്.


Click it and Unblock the Notifications