ഇവരെ കണ്ടാല്‍ അതിന് ഒരു നായികയെ പോലുണ്ടോ? കരിയറില്‍ നേരിട്ട മോശം അനുഭവത്തെ കുറിച്ച് വിദ്യാ ബാലന്‍
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി വിദ്യാ ബാലന്‍. നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെയാണ് വിദ്യ ഹിന്ദി സിനിമാ ലോകത്തെ മുന്‍നിര നായികയായി മാറിയത്. വിദ്യാ ബാലന്റെതായി ഇറങ്ങിയ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെയുളള ദേശീയ പുരസ്‌കാര നേട്ടം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. നായികയായും കേന്ദ്രകഥാപാത്രവുമായുളള സിനിമകളിലൂടെയാണ് വിദ്യാ ബാലന്‍ ബോളിവുഡില്‍ ശ്രദ്ധേയയായത്.

അതേസമയം കരിയറിന്റെ ഉന്നതിയിലേക്കുളള നടിയുടെ പ്രയാണം അത്ര എളുപ്പമായിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ നിരവധി തവണ പരിഹാസങ്ങള്‍ക്കും അപമാനങ്ങള്‍ക്കും താന്‍ ഇരയായിരുന്നതായി നടി തുറന്നുപറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് നിര്‍മ്മാതാവ് തന്റെ മുഖത്തുനോക്കി പറഞ്ഞ കാര്യത്തെ കുറിച്ചും വിദ്യ വെളിപ്പെടുത്തി. അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ എന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാമര്‍ശം.
ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി. കണ്ണാടിയില്‍ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല. കാരണം കാണാന്‍ ഭംഗിയില്ലെന്നായിരുന്നു ഞാന്‍ വിശ്വസിച്ചത്. ഒരുപാട് കാലം ആ തോന്നല്‍ ഉണ്ടായിരുന്നതായും നടി പറഞ്ഞു. അന്ന് ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ ഇന്ന് എനിക്ക് സന്തോഷമുണ്ട്., ഞാന്‍ എങ്ങനെയാണോ ആ രീതിയില്‍ എന്നെ ഇഷ്ടപ്പെടാന്‍ പഠിച്ചിരിക്കുന്നു. വിദ്യാ ബാലന്‍ പറഞ്ഞു. മുന്‍പ് ആദ്യകാലത്ത് നേരിട്ട അനുഭവങ്ങള്‍ മൂലം തമിഴ് സിനിമ ചെയ്യാന്‍ തനിക്ക് അത്ര താല്‍പര്യമില്ലായിരുന്നുവെന്ന് വിദ്യാ ബാലന്‍ തുറന്നുപറഞ്ഞിരുന്നു.
എന്നാല്‍ ആ അനുഭവങ്ങളാണ് പിന്നീട് എന്നെ ഞാനാക്കിയതെന്ന് മനസിലായെന്നും നടി പറഞ്ഞു. ഒരു അനുഭവം കൊണ്ടുമാത്രം ആ ഇന്‍ഡസ്ട്രിയെ വേണ്ടെന്നു വെയ്ക്കേണ്ട കാര്യമില്ലെന്ന് പിന്നീട് എനിക്ക് തോന്നി. താന്‍ എന്തൊക്കെയായാലും ഒരു തമിഴ് ഗേള്‍ ആണ്. അപ്പോള്‍ എത്ര നാള്‍ തമിഴ് സിനിമ ചെയ്യാതിരിക്കും മുന്‍പ് ഒരഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറഞ്ഞ വാക്കുകളാണിവ.
അതേസമയം വിവാഹ ശേഷവും ബോളിവുഡില്‍ സജീവ സാന്നിദ്ധ്യമായ താരമാണ് വിദ്യാ ബാലന്‍. സിനിമകള്‍ ധാരാളമായി ചെയ്യാതെ വളരെയധികം സെലക്ടീവായിട്ടാണ് നടി ചിത്രങ്ങള്‍ ചെയ്യാറുളളത്. ശകുന്തള ദേവി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ലോക്ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരുന്നു സിനിമയുടെ റിലീസ്.


Click it and Unblock the Notifications