ആണുങ്ങളെ വെറുക്കുന്നതാണ് ഫെമിനിസമെന്ന സ്ത്രീകളുടെ ധാരണ തെറ്റാണ്! തുറന്നുപറഞ്ഞ് വിദ്യാ ബാലന്‍
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നടിയായി ഉയര്‍ന്ന താരമാണ് വിദ്യാ ബാലന്‍. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തില്‍ തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച പ്രകടനമായിരുന്നു വിദ്യ കാഴ്ചവെച്ചിരുന്നത്. ഡേര്‍ട്ടി പിക്ചറിന് ശേഷവും ശ്രദ്ധേയ സിനിമകള്‍ വിദ്യാ ബാലന്‍ ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാ ലോകത്തും സജീവമാകുകയാണ് നടി. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഫെമിനിസത്തെക്കുറിച്ചുളള തന്റെ നിലപാട് വിദ്യാ ബാലന്‍ വൃക്തമാക്കിയിരുന്നു.

ആണുങ്ങളെ വെറുക്കുന്നതല്ല ഫെമിനിസമെന്ന് വിദ്യാ ബാലന്‍ തുറന്നുപറയുന്നു. ആണുങ്ങളെ വെറുക്കുന്നതാണ് ഫെമിനിസമെന്ന് പലപ്പോഴും ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. രണ്ടും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഫെമിനിസം എന്നാല്‍ ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങളുടെ തന്നെ മൂല്യം തിരിച്ചറിയുക എന്നാണ്. അല്ലാതെ പുരുഷന്മാരെ വെറുക്കുക എന്നല്ല.അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറഞ്ഞു.

ലിംഗ വിവേചനത്തെക്കുറിച്ചുളള ബോധം എല്ലാവര്‍ക്കുമുണ്ടാകണം എന്ന തോന്നല്‍ ഇപ്പോള്‍ ശക്തമായിട്ടുണ്ടെന്നും വിദ്യാ ബാലന്‍ പറയുന്നു. എങ്കിലും കൃത്യമായി അതേക്കുറിച്ചുളള ബോധവല്‍ക്കരണം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പില്ല. മീ ടൂ പോലുളള മൂവ്‌മെന്റുകളും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചുളള ചര്‍ച്ചകളും നല്ലതാണ്. എന്നാല്‍ ഫെമിനിസം എന്നാല്‍ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല അര്‍ത്ഥം എന്നും നടി കൂട്ടിച്ചേര്‍ത്തു.

നേര്‍കൊണ്ട പാര്‍വൈയില്‍ തല അജിത്തിന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു വിദ്യാ ബാലന്‍ അഭിനയിച്ചിരുന്നത്. സിനിമയില്‍ ചെറിയൊരു വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യകാലത്ത് നേരിട്ട അനുഭവങ്ങള്‍ മൂലം തമിഴ് സിനിമ ചെയ്യാന്‍ തനിക്ക് അത്ര താല്‍പര്യമില്ലായിരുന്നുവെന്നും അഭിമുഖത്തില്‍ വിദ്യാ ബാലന്‍ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ആ അനുഭവങ്ങളാണ് പിന്നീട് എന്നെ ഞാനാക്കിയതെന്ന് മനസിലായി.

ഒരു അനുഭവംകൊണ്ടുമാത്രം ആ ഇന്‍ഡസ്ട്രിയെ വേണ്ടെന്നു വെയ്‌ക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നി. താന്‍ എന്തൊക്കെയായാലും ഒരു തമിഴ് ഗേള്‍ ആണ്. അപ്പോള്‍ എത്ര നാള്‍ തമിഴ് സിനിമ ചെയ്യാതിരിക്കും അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറഞ്ഞു. വിദ്യാ ബാലന്റെ കരിയറിലെ ആദ്യ ചിത്രം ലോഹിതദാസിന്റെ സംവിധാനത്തില്‍ ചെയ്യാനിരുന്ന ചക്രം ആയിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ സിനിമ പിന്നീട് മുടങ്ങുകയായിരുന്നു.

പിന്നീട് ബോളിവുഡിലേക്ക് എത്തിയ നടി പരിണീത എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നായികയായും സഹനടിയായുമൊക്കെ വിദ്യാ ബാലന്‍ ബോളിവുഡില്‍ അഭിനയിച്ചിരുന്നു. ഡേര്‍ട്ടി പിക്‌ചേഴ്‌സിന് ശേഷം നിരവധി അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങള്‍ വിദ്യാ ബാലന് ലഭിച്ചിരുന്നു. നിലവില്‍ അക്ഷയ്കുമാര്‍ നായകനായ മിഷന്‍ മംഗള്‍ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ആഗസ്റ്റ് പതിനഞ്ചിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











