'സ്വരയുടെ പ്രശ്നം സഞ്ജയ് ലീല ബൻസാലിയുമായിട്ടാണ്, അവളെഴുതിയത് വായിച്ചില്ല, എനിക്കതിന് നേരമില്ല;' ഷാഹിദ് കപൂർ!
ബോളിവുഡിൽ നിന്ന് വൻ ജനപ്രീതിയും നിരൂപക പ്രശംസയും ഏറ്റവുമധികം ലഭിച്ച പടമാണ് പദ്മാവത്. ബോളിവുഡിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്ന്. സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540ൽ അവധ് ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് രജപുത്ര രാജാവായിരുന്ന രത്തൻ സിങ്ങിൻറെ ഭാര്യയായ പദ്മാവതിയോട് തോന്നുന്ന പ്രണയവും അതേത്തുടർന്നുണ്ടാകുന്ന ഭീകര യുദ്ധവുമൊക്കെയാണ് സിനിമയുടെ പ്രമേയമായത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സിനിമ റിലീസിന് മുമ്പ് തന്നെ വിവാദങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.

ദീപിക പദുകോണാണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയത്. വില്ലനായി വേഷമിട്ടത് താരത്തിന്റെ ഭർത്താവ് രൺവീർ സിങായിരുന്നു. നായകനായത് നടൻ ഷാഹിദ് കപൂറായിരുന്നു. മാലിക് മുഹമ്മദ് ജയാസിയുടെ പുസ്തകത്തിലെ വിവരങ്ങൾ അനുസരിച്ച് അതീവ സുന്ദരിയായ ഒരു ശ്രീലങ്കൻ രാജകുമാരിയായിരുന്നു പദ്മാവതി അഥവാ പദ്മിനി. അവളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള വാർത്തകൾ നാനാദേശങ്ങളിലും പരന്നിരുന്നു. അങ്ങനെ ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തൻസെൻ അവളെ വിവാഹം കഴിച്ച് ചിറ്റൂരിലേക്ക് കൊണ്ടുവന്നു. അന്നത്തെ ദില്ലി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് പദ്മിനിയോട് ഭ്രമം തോന്നുകയും അവരെ സ്വന്തമാക്കാനായി ചിത്തോർ ആക്രമിക്കുകയും ചെയ്തു. അതേസമയം രാജ്ഞിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച മറ്റൊരു രാജാവായ കുംഭൽനെറിലെ ദേവപാലുമായുണ്ടായ പോരാട്ടത്തിൽ രത്തൻ സെൻ കൊല്ലപ്പെട്ടു.
അലാവുദ്ദീൻ ഖിൽജിയുടെ കൂട്ടർ കോട്ടക്കരികിൽ എത്തും മുന്നേ സ്വന്തം അഭിമാനം കാക്കുന്നതിനായി രാജ്ഞിയും തോഴിമാരും കൂടി തീയിൽ ചാടി ആത്മാഹുതി ചെയ്തു എന്നാണ് കഥ. സിനിമയുടെ റിലീസിന് ശേഷം നടി സ്വര ഭാസ്കർ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു. ചിത്രം സതി ആചാരം പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് സ്വര ഭാസ്കർ ഉന്നയിച്ചത്. സിനിമയെ വിമർശിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കായി ഒരു തുറന്ന കത്തും സ്വര പങ്കുവെച്ചിരുന്നു. ഈ കത്തുമായി ബന്ധപ്പെട്ടുള്ള അഭിപ്രായത്തെ കുറിച്ച് ഒരിക്കൽ ചിത്രത്തിലെ നായകൻ ഷാഹിദ് കപൂറിനോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. നെടുനീളൻ കത്താണ് സ്വര എഴുതിയിരുന്നതെന്നും മറ്റ് ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ അത് വായിക്കാൻ മെനക്കെട്ടില്ലെന്നുമാണ് ഷാഹിദ് മാധ്യമങ്ങളോട് പറഞ്ഞത്.
'സ്വര ഒരു തുറന്ന കത്ത് എഴുതിയിട്ടുണ്ടെന്ന് എനിക്ക് അറിയാം. പക്ഷെ ഞാൻ കത്ത് വായിച്ചിട്ടില്ല. അത് വളരെ നീണ്ടതാണ്. ഞങ്ങൾ എല്ലാവരും തിരക്കിലാണ്. അവളുടെ പ്രശ്‌നം എന്താണെന്ന് എനിക്ക് ഒരു പിടിയുമില്ല. അവളുടെ പ്രശ്‌നങ്ങൾ ബൻസാലി സാറിനോടാണെന്നാണ് ഞാൻ കരുതുന്നത്. അത്തരം കാര്യങ്ങൾക്ക് മറുപടി പറയാൻ ഞാൻ ആളല്ല. പദ്മാവത് സിനിമാ വ്യവസായത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നു. അത് അഭിപ്രായ സ്വാതന്ത്ര്യത്തെയും സംസാര സ്വാതന്ത്ര്യത്തെയും പ്രതിനിധീകരിക്കുന്നു. പ്രേക്ഷകരിലേക്കെത്തുന്ന സിനിമയുടെ യാത്ര വളരെ ദുഷ്‌കരമായിരുന്നു. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അവളുടെ കത്ത് വളരെ നിസ്സാരമാണെന്ന് തോന്നുന്നു. അവൾ അവളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്' ഷാഹിദ് കപൂർ പറഞ്ഞു.


Click it and Unblock the Notifications