ശ്രീദേവി നോ പറഞ്ഞു. മാധുരി ദീക്ഷിതാണ് നായികയെന്നറിഞ്ഞ അനിൽ കപൂറിന്റെ പ്രതികരണം; സംവിധായകൻ
ബോളിവുഡ് ആഘോഷിച്ച നടിയാണ് മാധുരി ദീക്ഷിത്. നൃത്തത്തിലെ മികവ് മാധുരിയെ ഉയരങ്ങളിലെത്തിച്ചു. തൊണ്ണൂറുകളിൽ മാധുരി ദീക്ഷിതുണ്ടാക്കിയ തരംഗം ചെറുതല്ല. ആരാധകർ മാധുരിയെ ആഘോഷിച്ചു. സീനിയറായ ശ്രീദേവിക്ക് പകരക്കാരിയായി മാധുരി ഉയരാൻ തുടങ്ങി. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും മാധുരി ദീക്ഷിത് മാറി നിന്നു. ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് മാധുരി പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് തിരിച്ച് വരുന്നത്. ഇന്ന് സിനിമകളും ഷോകളുമായി വീണ്ടും തിരക്കുകളിലാണ് മാധുരി.
1992 ൽ പുറത്തിറങ്ങിയ മാധുരി ദീക്ഷിതിന്റെ സൂപ്പർഹിറ്റ് സിനിമയാണ് ബേട്ട. അനിൽ കപൂറാണ് ചിത്രത്തിൽ നായകനായത്. സിനിമയെക്കുറിച്ച് സംവിധായകൻ ഇന്ദ്ര കുമാർ പങ്കുവെച്ച ഓർമകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബേട്ടയിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് മാധുരി ദീക്ഷിതിനെ അല്ല. ശ്രീദേവിയെയാണ്. അന്ന് ശ്രീദേവി ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയാണ്. ബേട്ടയിലെ നായികാ വേഷം ശ്രീദേവി വേണ്ടെന്ന് വെച്ചു. ഇതോടെയാണ് മാധുരി ദീക്ഷിതിനെ പരിഗണിക്കുന്നത്.

എന്നാൽ അനിൽ കപൂറിന് മാധുരിയെ നായികയാക്കുന്നതിൽ താൽപര്യമില്ലായിരുന്നെന്ന് സംവിധായകൻ ഇന്ദ്രകുമാർ പറയുന്നു. ഇതിന് കാരണവും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മാധുരിയെ കാസ്റ്റ് ചെയ്യുന്നത് സിനിമയുടെ ന്യൂനതയാകുമെന്ന് അനിൽ കപൂർ കരുതി. കുറേക്കൂടി പ്രശസ്തയായ മറ്റൊരു നടിയെ കാസ്റ്റ് ചെയ്യാനാണ് അനിൽ കപൂർ ആഗ്രഹിച്ചത്.
പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യാൻ ശ്രീദേവി തയ്യാറായിരുന്നില്ല. അനിൽ കപൂർ ശ്രീദേവിയെ സിനിമയ്ക്കായി സമീപിച്ചെങ്കിലും നടി നിരസിച്ചു. ആ സമയത്ത് ദിൽ എന്ന സിനിമ ഇന്ദ്ര കുമാർ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷെ റിലീസ് ചെയ്തിട്ടില്ല. മാധുരി ദീക്ഷിതായിരുന്നു ചിത്രത്തിലെ നായിക. മാധുരിയെ ഈ സിനിമയിലും നായികയാക്കാമെന്ന് ഇന്ദ്ര കുമാർ തീരുമാനിച്ചു.

എന്നാൽ മാധുരി അന്ന് താരമായി വളർന്നിട്ടില്ല. ഇത് കൊണ്ടാണ് അനിൽ കപൂർ എതിർപ്പ് പ്രകടിപ്പിച്ചത്. ശ്രീദേവി നോ പറഞ്ഞു, പകരം മറ്റൊരു വലിയ നടിയെ കാസ്റ്റ് ചെയ്യുന്നതിന് പകരം നിങ്ങൾ മാധുരി ദീക്ഷിതിനെ തെരഞ്ഞെടുത്തു. നിങ്ങളുടെ സിനിമയിൽ എല്ലാം മെെനസ് ആണെന്ന് അനിൽ കപൂർ പറഞ്ഞു. എന്നാൽ ഈ കുറവുകളെല്ലാ ബേട്ട എന്ന സിനിമയ്ക്ക് ഗുണമായി മാറിയെന്ന് ഇന്ദ്ര കുമാർ ചൂണ്ടിക്കാട്ടി.
ഇതിനിടെ ദിൽ എന്ന സിനിമ സംവിധാനം ചെയ്തതിനെക്കുറിച്ചും ഇന്ദ്ര കുമാർ സംസാരിക്കുന്നുണ്ട്. അനിൽ കപൂറിന് ബേട്ടയിലേക്ക് ഡേറ്റ് തരാൻ തിരക്കുകൾ കാരണം പറ്റുന്നില്ലായിരുന്നു. സിനിമ വെെകുമെന്നതിനാൽ ഇടയ്ക്ക് മറ്റൊരു ചെറിയ സിനിമ ചെയ്യാൻ അനിൽ കപൂർ സംവിധായകനെ നിർദ്ദേശിച്ചു. അങ്ങനെയാണ് ദിൽ എന്ന സിനിമയുണ്ടാകുന്നത്. ആമിർ ഖാനാണ് മാധുരി ദീക്ഷിതിനൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. സിനിമ വിജയിക്കുമെന്ന് ഇന്ദ്ര കുമാറിന് ഉറപ്പില്ലായിരുന്നു.
ആമിർ ഖാൻ അന്ന് കരിയറിൽ തുടർ പരാജയങ്ങളിലാണ്. നിർമാതാക്കൾ നടനെ കാസ്റ്റ് ചെയ്യാൻ മടിക്കുന്ന സമയം. മാധുരി ദീക്ഷിതും സമാന സാഹചര്യത്തിലായിരുന്നു. നടിയുടെ സിനിമകളിൽ പലതും പരാജയപ്പെട്ടു. പല സിനിമകളും പ്രൊഡക്ഷനിൽ തടസം നേരിട്ടു. ഇതിനിടെയാണ് ദിൽ എന്ന ചിത്രത്തിൽ മാധുരി ദീക്ഷിത് നായികയാകുന്നത്. ബേട്ട, ദിൽ എന്നീ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. മാധുരി പിന്നീട് വലിയ താരവുമായി.


Click it and Unblock the Notifications











