പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ ഐശ്വര്യയും അഭിഷേകും ദുബായിൽ?; പ്രശ്നം കുടുംബമെന്ന് ആരാധകർ
ഐശ്വര്യ റായുടെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ ബോളിവുഡിൽ സജീവ ചർച്ചാ വിഷയമാണ്. ലോകം ആരാധിക്കുന്ന താര റാണിയായിട്ടും വിവാഹ ജീവിതത്തിനാണ് ഐശ്വര്യ എന്നും പ്രാധാന്യം നൽകിയത്. അഭിഷേക് ബച്ചനുമായുള്ള വിവാഹ സമയത്ത് നടി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞതാണ്. അമ്മയായ ശേഷം വളരെ കുറച്ച് സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകൾ ആരാധ്യക്കൊപ്പം സമയം ചെലവഴിക്കാനാണ് ഐശ്വര്യ താൽപര്യപ്പെടുന്നത്. മിക്ക ഇവന്റുകളിലും മകളെയും ഐശ്വര്യ ഒപ്പം കൊണ്ട് പോകാറുണ്ട്.
കുടുംബ ജീവിതത്തിന് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ചിട്ടും ഐശ്വര്യക്ക് സന്തോഷകരമായ വിവാഹ ജീവിതം ലഭിച്ചില്ലെന്ന് ആരാധകർ പറയുന്നു. ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിച്ചതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടാൻ കാരണമായത്. എന്താണ് താര കുടുംബത്തിനുള്ളിലെ പ്രശ്നമെന്ന് വ്യക്തമല്ല. റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയുടെ താര പ്രഭയിൽ ഭർത്താവിന്റെ വീട്ടുകാർ അസംതൃപ്തരാണ്.

കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് അഭിഷേക് ബച്ചൻ കടന്ന് പോകുന്നത്. അഭിഷേക് ബച്ചനുമായി ഐശ്വര്യക്ക് പ്രശ്നങ്ങളില്ലെന്നും അഭിഷേകിന്റെ വീട്ടുകാരുമായാണ് പ്രശ്നമെന്നും ആരാധകർക്കിടയിൽ വാദമുണ്ട്. ഇപ്പോഴിതാ ആ വാദത്തിന് ശക്തി പകരുന്ന വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ദുബായ് എയർപോർട്ടിൽ നിന്നുള്ള അഭിഷേകിന്റെയും ആരാധ്യയുടെയും ഐശ്വര്യയുടെയും വീഡിയോയാണ് പുറത്ത് വന്നത്.
പ്രശ്നങ്ങൾ താര ദമ്പതികൾ സംസാരിച്ച് പരിഹരിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം. നേരത്തെ വിവാഹ മോചനത്തെക്കുറിച്ച് നിരവധി കമന്റുകൾ വന്നതോടെ അഭിഷേക് ബച്ചൻ ഇൻസ്റ്റഗ്രാമിൽ കമന്റ് ബോക്സ് ഓഫ് ചെയ്തു. അഭിഷേക് ബച്ചനും ഐശ്വര്യക്കും ഇടയിൽ കല്ലുകടിയാകുന്നത് അഭിഷേകിന്റെ കുടുംബമാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ആരാധകർ. ഇതിന് നിരവധി തെളിവുകളും ഇവർ നിരത്തുന്നുണ്ട്.

അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്റെ മകൾ നവ്യ നവേലി ഒരു പോഡ്കാസ്റ്റ് നടത്തുന്നുണ്ട്. ഈ പോഡ്കാസ്റ്റിൽ ശ്വേതയും ജയ ബച്ചനും സംസാരിക്കാറുണ്ടെങ്കിലും ഐശ്വര്യ വരാറില്ല. കുടുംബത്തിലെ ചില കാര്യങ്ങൾ ഇവർ ഇടയ്ക്ക് പോഡ്കാസ്റ്റിൽ സംസാരിക്കാറുണ്ട്. എന്നാൽ ഐശ്വര്യയെ ഒരിക്കലും പരാമർശിക്കാറില്ല. ഐശ്വര്യയുടെ ആരാധകർ ഇക്കാര്യം നവ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ എപ്പോഴും കമന്റ് ചെയ്യാറുണ്ട്.
ഐശ്വര്യയെക്കുറിച്ച് ജയ ബച്ചനോ അഭിഷേക് ബച്ചനോ പൊതുവിടങ്ങളിൽ സംസാരിക്കാറില്ല. അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിഷേക് ബച്ചന്റെ സിനിമകളെ അഭിനന്ദിച്ച് ഇദ്ദേഹം പോസ്റ്റിടാറുണ്ട്. എന്നാൽ ഐശ്വര്യയുടെ സിനിമകളെ അവഗണിക്കാറാണ് പതിവ്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമയാണിത്. നിരവധി പേർ ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിച്ചെങ്കിലും അമിതാഭ് ബച്ചൻ മൗനം പാലിച്ചു. എന്നാൽ ഇതൊന്നും ഐശ്വര്യയുടെ താര പ്രഭയെ ബാധിക്കുന്നില്ല. ബച്ചൻ കുടുംബത്തിൽ ഏറ്റവും ജനശ്രദ്ധ ലഭിക്കാറുള്ളത് ഐശ്വര്യക്കാണ്.


Click it and Unblock the Notifications