ശ്രീദേവിയെയും ഐശ്വര്യ റായിയെയും സമീപിച്ചതാണ്; നായികമാരെല്ലാം മുഖം തിരിക്കാൻ കാരണം; സണ്ണി ഡിയോൾ പറഞ്ഞത്
ഗഡ്ഡർ 2 എന്ന സിനിമയിലൂടെ ബോളിവുഡ് ശക്തമായ തിരിച്ച് വരവ് നടത്താൻ സണ്ണി ഡിയോളിന് സാധിച്ചു. വൻ കലക്ഷൻ നേടിയ സിനിമ സണ്ണി ഡിയോളിന്റെ കരിയർ ഗ്രാഫിന് പുതുജീവൻ നൽകിയിട്ടുണ്ട്. ഒരു കാലത്ത് ബി ടൗണിലെ വിലപിടിപ്പുള്ള നായക നടനായിരുന്നു സണ്ണി ഡിയോൾ. പിതാവ് ധർമ്മേന്ദ്രയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വന്ന സണ്ണി ഡിയോളിന് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ആക്ഷൻ സിനിമകളിലാണ് സണ്ണിയെ പ്രേക്ഷകർ കൂടുതലും കണ്ടത്.
മുൻനിര താരമായിട്ടും സണ്ണി ഡിയോളിന്റെ നായികയായി അഭിനയിക്കാൻ പല നടിമാരും തയ്യാറായിരുന്നില്ല. ഇതേക്കുറിച്ച് സണ്ണി ഡിയോൾ തന്നെ മുമ്പൊരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. ശ്രീദേവി, ഐശ്വര്യ റായ് ഉൾപ്പെടെയുള്ള പ്രമുഖ നടിമാർ തന്റെ സിനിമകളിലെ നായികാ വേഷം നിരസിച്ചെന്നാണ് സണ്ണി ഡിയോൾ തുറന്ന് പറഞ്ഞത്. ഗയൽ എന്ന സിനിമയ്ക്കായി ഞാൻ ശ്രീദേവിയെ സമീപിച്ചിരുന്നു. പക്ഷെ അവർ നിരസിച്ചു. മറ്റൊരു സിനിമയുമായി ഐശ്വര്യയെ സമീപിച്ചെങ്കിലും അവരും നിരസിച്ചു.

മുൻനിര നടിമാരെയൊക്കെ താൻ സമീപിച്ചെങ്കിലും അവർ സിനിമകൾ ചെയ്യാൻ തയ്യാറായില്ല. ഒരുപക്ഷെ നായക കേന്ദ്രീകൃതമായ സിനിമകളാണ് താൻ ചെയ്യുന്നത് എന്നതായിരിക്കാം അതിന് കാരണമെന്നും സണ്ണി ഡിയോൾ അഭിപ്രായപ്പെട്ടു. അതേസമയം ശ്രീദേവിക്കും ഐശ്വര്യ റായ്ക്കും ഒപ്പം സണ്ണി ഡിയോൾ അഭിനയിച്ചിട്ടുണ്ട്. ചൽബസ് എന്ന സിനിമയിലാണ് ശ്രീദേവിയും സണ്ണി ഡിയോളും അഭിനയിച്ചത്.
രജിനികാന്തും ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. 2002 ൽ ഷഹീദ് എന്ന സിനിമയിൽ ഐശ്വര്യ റായ്ക്ക് ഒപ്പവും സണ്ണി ഡിയോൾ അഭിനയിച്ചു. എന്നാൽ ഇരുവരും നായികാ നായകൻമാരായല്ല ഈ ചിത്രത്തിൽ അഭിനയിച്ചത്. സൂപ്പർതാര ചിത്രങ്ങളിലെ നായിക ആയിരുന്നെങ്കിലും തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകൾ ശ്രീദേവി നിരസിക്കാറായിരുന്നു പതിവ്.

90 കളിൽ നായക നടനായി തിളങ്ങിയ സണ്ണി ഡിയോളിന് 2004 ന് ശേഷമാണ് കരിയറിൽ വീഴ്ച സംഭവിച്ചത്. നായക നിരയിലുള്ള സ്ഥാനം സണ്ണി ഡിയോളിന് നഷ്ടപ്പെട്ടത് ഇക്കാലഘട്ടത്തിലാണ്. അതേസമയം ഈ വർഷം ഓഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ ഗഡർ 2 പഴയ താരത്തിളക്കം നടന് തിരിച്ച് നൽകിയിട്ടുണ്ട്. ആഗോള തലത്തിൽ 691 കോടി രൂപയാണ് ചിത്രം നേടിയത്. സണ്ണി ഡിയോളിന്റെ സഹോദരൻ ബോബി ഡിയോളിനും ശ്രദ്ധേയ സിനിമ ലഭിച്ച വർഷമാണിത്. അനിമൽ എന്ന സിനിമയിൽ മികച്ച പ്രകടനമാണ് ബോബി ഡിയോൾ കാഴ്ച വെച്ചത്.
നായകൻ രൺബീർ കപൂർ ആണെങ്കിലും ബോബി ഡിയോളിന്റെ പ്രകടനം വലിയ ശ്രദ്ധ നേടി. സൂര്യ, ബാപ് എന്നീ സിനിമകളാണ് സണ്ണി ഡിയോളിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. സണ്ണി ഡയോളിന്റെ പിതാവ് ധർമ്മേന്ദ്രയും അഭിനയ രംഗത്ത് അടുത്തിടെ വീണ്ടും സാന്നിധ്യം അറിയിച്ചു. റോക്കി ഓർ റാമി കി പ്രേം കഹാനി എന്ന സിനിമയിലാണ് ധർമ്മേന്ദ്ര ശ്രദ്ധേയ വേഷം ചെയ്തത്. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറിൽ പിറന്ന മക്കളാണ് ബോബി ഡിയോളും സണ്ണി ഡിയോളും.


Click it and Unblock the Notifications











