അമ്മയാകാൻ അന്നേ ആഗ്രഹിച്ചവർ; 24 വയസിൽ സുസ്മിതയുടെ തീരുമാനം; ഐശ്വര്യയുടെ ലോകം ഇന്ന് മകൾ
ഇന്ത്യയുടെ അഭിമാനമായി മാറിയ രണ്ട് താരങ്ങളാണ് ഐശ്വര്യ റായും സുസ്മിത സെന്നും. 90 കളുടെ അവസാനത്തിൽ ആഗോള ഫാഷൻ, മോഡലിംഗ് രംഗം ഇന്ത്യയിലേക്ക് ഉറ്റുനോക്കിയത് ഈ രണ്ട് പേർ കാരണമാണ്. 1994 ലെ മിസ് യൂണിവേഴ്സ് ആണ് സുസ്മിത. അതേവർഷം ഐശ്വര്യ മിസ് വേൾഡ് പട്ടം നേടി. വൻ ബ്യൂട്ടി ബ്രാൻഡുകൾ ഇവരുടെ മുഖം പരസ്യത്തിന് ലഭിക്കാൻ വേണ്ടി കോടികൾ മുടക്കി. അക്കാലഘട്ടത്തിൽ ഇരുവരെയും താരതമ്യം ചെയ്ത് കൊണ്ട് ബി ടൗണിൽ ചർച്ചകളുണ്ടാകുമായിരുന്നു.
മിസ് യൂണിവേഴ്സ് പട്ടം നേടുന്നത് വരെ സുസ്മിതയെ ആർക്കും അറിയില്ല. എന്നാൽ അതിന് മുമ്പേ ഐശ്വര്യ ജനശ്രദ്ധ നേടിയിരുന്നു. സൗന്ദര്യ മത്സര വേദികളിൽ ഐശ്വര്യ തന്നെ വിജയിക്കുമെന്നാണ് അന്ന് ഏവരും കരുതിയത്. 1994 ലെ മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ സുസ്മിത ഈ മത്സരത്തിൽ പങ്കെടുക്കാൻ പോലും മടിച്ചതാണ്. അമ്മ ശുഭ്ര സെന്നാണ് സുസ്മിതയ്ക്ക് ധൈര്യം കൊടുത്തത്. പങ്കെടുക്കുക മാത്രമല്ല ഐശ്വര്യയെ പിന്നിലാക്കി ഈ പതിനെട്ടുകാരി മിസ് ഇന്ത്യ കിരീടവും ചൂടി.

അന്ന് ഫസ്റ്റ് റണ്ണർ അപ്പാകാനേ ഐശ്വര്യക്ക് കഴിഞ്ഞുള്ളൂ. പിന്നാലെ സുസ്മിത മിസ് യൂണിവേഴ്സ് കിരീടം ചൂടി. ഐശ്വര്യ മിസ് വേൾഡ് മത്സരത്തിലും വിജയിച്ചു. പിന്നീടിങ്ങോട്ട് ഇവർ ശത്രുതയിലാണെന്ന് ബോളിവുഡിൽ ഗോസിപ്പുകൾ വന്നു. എന്നാൽ സുസ്മിത എപ്പോഴും ഐശ്വര്യയെ പ്രശംസിച്ച് മാത്രമേ പൊതുവേദികളിൽ സംസാരിച്ചിട്ടുള്ളൂ. ബോളിവുഡുമായി പലപ്പോഴും ചേർന്ന് പോകാൻ കഴിഞ്ഞത് സുസ്മിതയേക്കാളും ഐശ്വര്യക്കാണ്. തുടക്ക കാലം മുതൽ വലിയ അവസരങ്ങൾ ഐശ്വര്യക്ക് വന്നു. എന്നാൽ സുസ്മിതയ്ക്ക് വിജയ പരാജയങ്ങൾ നിറഞ്ഞ ഗ്രാഫായിരുന്നു ബോളിവുഡിൽ.
ഒരു ഘട്ടത്തിൽ സുസ്മിത സിനിമാ രംഗത്ത് നിന്നും മാറി നിന്നു. ആവർത്തന വിരസത തോന്നിക്കുന്ന കഥാപാത്രങ്ങൾ വന്നതോടെയൈാണ് നടി ഇടവേളയെടുത്തത്. ഐശ്വര്യക്ക് പക്ഷെ താരപദവിയിൽ തുടരാൻ സാധിച്ചു. ജീവിതത്തിലും ഇവരുടെ തീരുമാനങ്ങൾ വ്യത്യസ്തമായിരുന്നു. അമ്മയാകണമെന്ന് രണ്ട് പേരും ആഗ്രഹിച്ചു. അമ്മയാകാൻ 18 വയസ് മുതൽ താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഒരിക്കൽ സുസ്മിത പറഞ്ഞത്.

എന്നാൽ യാഥാസ്ഥിതിക വിവാഹ ജീവിത സങ്കൽപ്പത്തോട് സുസ്മിതയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. 24ാം വയസിൽ സുസ്മിത ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു. റെനി സെൻ എന്ന് പേരുമിട്ടു. അന്ന് നടി അഭിനയ രംഗത്തുണ്ട്. ഈ പ്രായത്തിൽ ഇങ്ങനെയാെരു തീരുമാനം വേണോ എന്ന് പലരും ചോദിച്ചെങ്കിലും മാതൃത്വത്തോടുള്ള ആഗ്രഹം സുസ്മിതയെ പിന്തിരിപ്പിച്ചില്ല. 2000 ലാണ് സുസ്മിതയുടെ ജീവിതത്തിലേക്ക് റെനി സെൻ കടന്ന് വന്നത്.
2010 ൽ രണ്ടാമത്തെ കുഞ്ഞിനെ താരം ദത്തെടുത്തു. അലിഷ എന്നാണ് ഇളയ മകളുടെ പേര്. 48 കാരിയായ സുസ്മിത ഇന്നും അവിവാഹിതയാണ്. മറുവശത്ത് ഐശ്വര്യ എന്നും പ്രാധാന്യം കൊടുത്തത് വിവാഹിതയായുള്ള കുടുംബ ജീവിതത്തിനാണ്. 2007ൽ അഭിഷേക് ബച്ചനെ വിവാഹം ചെയ്ത നടി ആരാധ്യ എന്ന പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയായ ശേഷം മകളായി ഐശ്വര്യയുടെ ലോകം. അമ്മയായ ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. 50 കാരിയായ ഐശ്വര്യക്ക് ഇന്നും സിനിമാ ലോകത്ത് വലിയ സ്ഥാനമുണ്ട്.


Click it and Unblock the Notifications











