നാലു വര്‍ഷത്തിനുശേഷം ഐശ്വര്യ റായ് വീണ്ടു ക്യാമറയ്ക്ക് മുന്നിലെത്തി
മുംബൈ: ബോളിവുഡിലെ താരറാണിയായി വിലസിവന്ന ഐശ്വര്യ റായ് നീണ്ട നാലുവര്‍ഷത്തിനുശേഷം വീണ്ടും ക്യാമാറയ്ക്കുമുന്നിലെത്തി. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'ജസ്ബ'യിലൂടെയാണ് ആഷിന്റെ മടക്കം. ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചെന്നും ഐശ്വര്യയുടെ സീനുകള്‍ ചിത്രീകരിച്ചതായും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
വിദേശ സിനിമയുടെ റിമേക്കാണ് ജസ്ബ. ആക്ഷന്‍ ത്രില്ലറായ സിനിമയില്‍ ഒരു അഭിഭാഷകയുടെ റോളിലാണ് ഐശ്വര്യ റായ് വീണ്ടും ആരാധകര്‍ക്കു മുന്നിലെത്തുന്നത്. സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരന്റെ വേഷമാണ് ഇര്‍ഫാന്‍ ഖാന്. ശബാന ആസ്മിയും ചിത്രത്തില്‍ പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നു. ജോണ്‍ എബ്രഹാം അതിഥി വേഷത്തില്‍ സിനിമയിലുണ്ട്.

2010ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഗുസാരിഷ്' ആണ് ഐശ്വര്യാ റായ് അവസാനമായി അഭിനയിച്ച ചിത്രം. ഹൃത്വിക് റോഷന്റെ നായികയായശേഷം ഐശ്വര്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ അമ്മയാകുകയും ചെയ്തു. ഇതിനകം തന്നെ അനേകം സിനിമകളില്‍ ഐശ്വര്യ നായികയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, മടങ്ങിവരവ് നിര്‍ണായകമായതുകൊണ്ട് മികച്ച കഥയ്ക്കും കഥാപാത്രത്തിനുമായി ഐശ്വര്യ കാത്തു നില്‍ക്കുകയായിരുന്നു. ദീപികയും മറ്റു നായികമാരും അരങ്ങു തകര്‍ക്കുന്ന ബോളിവുഡില്‍ ഐശ്വര്യയ്ക്ക് തിരിച്ചുവരവ് ചിത്രം നിര്‍ണായകമാണ്. ആദ്യ സിനിമ പരാജയപ്പെടുകയാണെങ്കില്‍ ബോളിവുഡില്‍ തുടര്‍ന്നും മുന്നോട്ടു പോവുക നടിക്ക് ദുഷ്‌കരമാകും.


Click it and Unblock the Notifications