ഭർത്താവിന്റെ കുടുംബവുമായി പ്രശ്നമെങ്കിലും സ്വന്തം വീട്ടിലെ പ്രിയങ്കരി; താരമല്ലാതെ നാത്തൂൻ മാത്രമാകുന്ന ഐശ്വര്യ
ഐശ്വര്യ റായും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യത്തിലെന്ന ഗോസിപ്പ് നാളുകളായി തുടരുകയാണ്. അഭിഷേകിൻറെ മാതാപിതാക്കളുമായും സഹോദരിയുമായും ഐശ്വര്യക്ക് പ്രശ്നങ്ങൾ ഉണ്ടെന്നതിന് നിരവധി തെളിവുകൾ സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്. ഐശ്വര്യ മറ്റൊരു വീട്ടിലേക്ക് താമസം മാറിയതായും അടുത്തിടെ അഭ്യൂഹങ്ങൾ വന്നിരുന്നു. അഭ്യൂഹങ്ങൾ കടുത്തിട്ടും ഇതിൽ വിശദീകരണം തരാൻ ബച്ചൻ കുടുംബം തയ്യാറായില്ല.
മുമ്പ് പൊതുവേദികളിൽ ഒരുമിച്ചെത്തുന്നവരായിരുന്നു ഐശ്വര്യയും വീട്ടുകാരും. എന്നാൽ ഇപ്പോൾ അപൂർവമായി മാത്രമേ താരകുടുംബത്തെ ഒരുമിച്ച് കാണാറുള്ളൂ. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ റായ് സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിട്ടും ഇതേക്കുറിച്ച് ഒരു വാക്ക് പരാമർശിക്കാൻ അഭിഷേകിന്റെ വീട്ടുകാർ തയ്യാറായില്ല.

അതേസമയം അഭിഷേക് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഐശ്വര്യയെ പ്രശംസിച്ചിട്ടുണ്ട്. ഭർത്താവിന്റെ വീട്ടുകാരുമായി അകൽച്ച വന്നെങ്കിലും സ്വന്തം വീട്ടിലെ അംഗങ്ങളോട് ഐശ്വര്യക്കുള്ള സ്നേഹത്തിൽ കുറവ് വന്നിട്ടില്ല. ആദിത്യ റായ് എന്നാണ് ഐശ്വര്യയുടെ സഹോദരന്റെ പേര്. സഹോദരന്റെ ഭാര്യ ശ്രീമ റായിയുമായി നല്ല അടുപ്പം ഐശ്വര്യക്കുണ്ട്. മുമ്പൊരിക്കൽ ഇതേക്കുറിച്ച് ശ്രീമ സംസാരിച്ചിട്ടുണ്ട്.
വീട്ടിൽ ഐശ്വര്യ റായ് ഒരു താരമല്ലെന്നും തന്റെ പ്രിയ നാത്തൂനാണെന്നും ശ്രീമ അന്ന് വ്യക്തമാക്കി. ആഷിനെ ഒരു സൂപ്പർസ്റ്റാറായി അല്ല ഞാൻ കാണുന്നത്. അവർ എന്റെ നാത്തൂനാണ്. പക്ഷെ ആഷിനെയും അഭിഷേകിനെയും ഇടയ്ക്കിടെ കാണാൻ ഞങ്ങൾക്ക് പറ്റാറില്ല. ഐശ്വര്യ വരുമ്പോൾ മിക്കപ്പോഴും താൻ ജോലിയിലായിരിക്കും. അഭിഷേക് ഒരു തമാശക്കാരനാണെന്നും ശ്രീമ അന്ന് വ്യക്തമാക്കി. മോഡലായിരുന്ന ശ്രീമ ഐശ്വര്യയെ പോലെ സൗന്ദര്യ മത്സര വേദികളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മംഗളൂരുവിൽ ജനിച്ച ശ്രിമ അമേരിക്കയിലാണ് വളർന്നത്. രണ്ട് ആൺമക്കളാണ് ആദിത്യക്കും ശ്രീമയ്ക്കുമുള്ളത്. ശിവാൻഷ്, വിഹാൻ എന്നിങ്ങനെയാണ് മക്കളുടെ പേര്. മുമ്പൊരിക്കൽ രക്ഷ ബന്ധൻ ദിനത്തിൽ ഐശ്വര്യയുൾപ്പെടെയുള്ള കുടുംബ ഫോട്ടോ ശ്രിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സഹോദരന്റെ മക്കളുടെ പിറന്നാൾ ദിന ആഘോഷത്തിന് ഐശ്വര്യ എത്താറുണ്ട്.
സഹോദരന്റെ ഭാര്യയുമായി നല്ല അടുപ്പം ഐശ്വര്യക്ക് ഉണ്ടെങ്കിലും അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യ അത്ര സ്വര ചേർച്ചയിൽ അല്ലെന്ന് ഏറെ നാളുകളായി റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്വേത ബച്ചനും ശ്വേതയുടെ മകൾ നവ്യ നവേലിയും. എന്നാൽ ഐശ്വര്യക്കൊപ്പമുള്ള ഫോട്ടോകൾ ഇവരാരും പങ്കുവെക്കാറില്ല.
നവ്യയുടെ പോഡ‍്കാസ്റ്റ് ചർച്ചകളിൽ ശ്വേത ബച്ചനും ജയ ബച്ചനും പങ്കെടുക്കാറുണ്ട്. എന്നാൽ ഐശ്വര്യയെ ഒരിക്കൽ പോലും ഇവർക്കിടയിൽ ചർച്ചകളിൽ കണ്ടിട്ടില്ല. ഒരു വീട്ടിലാണ് അഭിഷേകും ഐശ്വര്യയും ജയ ബച്ചനും അമിതാഭുമെല്ലാം കഴിയുന്നത്. ഒരു വീട്ടിൽ കഴിയുന്നവർ തമ്മിൽ ഇത്രമാത്രം അകന്ന് കഴിയാൻ പറ്റുന്നത് എങ്ങനെയെന്ന ചോദ്യങ്ങളും ആരാധകർക്കുണ്ട്.
പ്രശ്നങ്ങൾ അവസാനിച്ച് താര കുടുംബം ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. അതേസമയം യഥാർത്ഥത്തിൽ ഇവർ തമ്മിൽ പ്രശ്നമുണ്ടോ എന്ന ചോദ്യവുമുണ്ട്. കുടുംബത്തെക്കുറിച്ച് വരുന്ന ഗോസിപ്പുകളോട് വർഷങ്ങളായി ഐശ്വര്യയോ അഭിഷേക് ബച്ചന്റെ കുടുംബമോ പ്രതികരിക്കാറില്ല. ഏവരും കരിയറിൽ അവരുടേതായ തിരക്കുകളിലാണ്.


Click it and Unblock the Notifications