ഒറ്റ നോട്ടത്തിൽ ഐശ്വര്യ റായ് തന്നെ; വൈറലായി സോഷ്യൽ മീഡിയ താരം
സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് നടി ഐശ്വര്യ റായിയെ ആരാധകർ കാണുന്നത്. 48 കാരിയായ നടി ഇപ്പോഴും സിനിമാ ലോകത്തെ പകരം വെക്കാനില്ലാത്തെ സൗന്ദര്യ റാണിയാണ്. 90 കളിൽ ലോകസുന്ദരിപ്പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ സിനിമാ ലോകത്തും ഫാഷൻ ലോകത്തും പുത്തൻ തരംഗം സൃഷ്ടിച്ചു.
വിസ്മയിക്കുന്ന രൂപഭംഗിയുള്ള നടി പൊടുന്നനെ മുൻനിര നായിക നടിയായി. മണിരത്നത്തിന്റെ ഇരുവർ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലേക്ക് കുതിച്ച നടി പെട്ടന്ന് തന്നെ സൂപ്പർ ഹിറ്റ് നായികയായി. അഭിനയത്തേക്കാളുപരി സൗന്ദര്യം കൊണ്ട് തന്നെയാണ് ഐശ്വര്യ കൂടുതലും ശ്രദ്ധ നേടിയത്.

നടിയുടെ സൗന്ദര്യത്തെ പറ്റി സിനിമ ലോകത്ത് വലിയ സംസാരം നടന്ന ഒരു കാലവുമുണ്ടായിരുന്നു. ഐശ്വര്യക്ക് പകരം ഐശ്വര്യ എന്ന് മാത്രമായിരുന്നു ആരാധകർ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഐശ്വര്യക്ക് പകരം ഐശ്വര്യയുടെ അതേ ഛായയുള്ള മറ്റൊരു താരം വൈറലായിക്കൊണ്ടിരിക്കുകയാണ്. അഷിത സിംഗ് വഎന്ന സോഷ്യൽ മീഡിയ താരമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നേരത്തെയും ഐശ്വര്യയുടെ രൂപ സാദൃശ്യമുള്ളതിനാൽ അഷിത വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ഐശ്വര്യയുടെ അതേ മുഖഭാവങ്ങളോടെ ചെയ്തിരിക്കുന്ന ഒരു റീൽ വീഡിയോയിലൂടെ വീണ്ടും താരമായിരിക്കുകയാണ് അഷിത. 24 മില്യൺ കാഴ്ചക്കാരാണ് ഇതിനകം അഷിതയുടെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോക്ക് താഴെ ഐശ്വര്യയുടെ അപര എന്ന് കമന്റ് ചെയ്തിരിക്കുന്നത്. ഇത് ഐശ്വര്യ റായ് അല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് ചിലരുടെ കമന്റ്. അതേസമയം ഐശ്വര്യ സിനിമകളുടെ തിരക്കിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്നം ചിത്രം പൊന്നിയിൻ സെൽവത്തിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് താരം. രാഞ്ജിയുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ഐശ്വര്യയുടെ ലുക്ക് ഇതിനകം ചർച്ചയായിട്ടുണ്ട്. ഫന്നി ഖാനാണ് ഐശ്വര്യയുടെ അവസാനം റിലീസ് ചെയ്ത സിനിമ.

സിനിമകളിൽ പഴയ പോലെ സജീവമല്ല ഇപ്പോൾ ഐശ്വര്യ. കുടുംബ ജീവിതത്തിനാണ് പ്രഥമ പരിഗണന എന്ന് നടി തന്നെ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. മകൾ ആരാധ്യ ജനിച്ച ശേഷമാണ് ഐശ്വര്യ സിനിമകളുടെ തിരക്ക് കുറച്ചത്. അതേസമയം ഫാഷൻ ഷോകളിലും റെഡ് കാർപറ്റുകളിലും ഇപ്പോഴും ഐശ്വര്യ സജീവമാണ്.
അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിലെ റെഡ്കാർപറ്റിലും ഐശ്വര്യ തിളങ്ങിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിൽ വർഷങ്ങളായി പങ്കെടുക്കുന്ന താരമാണ് ഐശ്വര്യ. നടിയുടെ ഫാഷൻ പരീക്ഷണങ്ങൾ കാനിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുമുണ്ട്.


Click it and Unblock the Notifications