ഐശ്വര്യയുടെ സൗന്ദര്യം കണ്ട് തീരുമാനമെടുത്തവർക്ക് വിദ്യ കൊടുത്ത മറുപടി; ഹിറ്റ് സിനിമയ്ക്ക് പിന്നിൽ
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലെത്തി വിജയം കൈ വരിച്ചവരാണ് വിദ്യ ബാലനും ഐശ്വര്യ റായും. രണ്ട് പേരുടെയും കരിയർ ഗ്രാഫ് പക്ഷെ ഒരേ ഗതിയിലല്ല പോയത്. സിനിമാ രംഗത്തേക്ക് കടക്കുന്നതിന് മുമ്പേ സൗന്ദര്യ മത്സര വേദികളിലൂടെ ഐശ്വര്യ പ്രശസ്തയാണ്. തുടക്ക കാലത്ത് തന്നെ നടിക്ക് കൈ നിറയെ അവസരങ്ങളും ലഭിച്ചു. എന്നാൽ വിദ്യ ബാലന്റെ സ്ഥിതി അതായിരുന്നില്ല.
കരിയറിൽ ഒരു സ്ഥാനം കണ്ടെത്താൻ വിദ്യ വളരെ ബുദ്ധിമുട്ടി. തുടക്ക കാലത്ത് വിദ്യ ഒപ്പുവെച്ച നിരവധി സിനിമകൾ മുടങ്ങി. ഭാഗ്യമില്ലാത്ത നടിയെന്ന പേരും ഇതിനിടെ വിദ്യയെ തേടി വന്നു. മലയാള ചിത്രം ചക്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചത് വിദ്യയാണ്. എന്നാൽ അന്ന് ഈ സിനിമയുടെ ചിത്രീകരണം മുടങ്ങുകയാണുണ്ടായത്.
വിദ്യ കരിയറിൽ ബുദ്ധിമുട്ടുന്ന കാലത്ത് ഐശ്വര്യ റായ് താര റാണിയാണ്. 2005 ൽ പരിനീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. നടിയുടെ ആദ്യ സിനിമയായിരുന്നു ഇത്. അപ്പോഴേക്കും ഐശ്വര്യ ആഗോളതലത്തിൽ അറിയപ്പെടുന്ന താരമായി മാറിയിട്ടുണ്ട്. വിദ്യക്ക് പരിനീതയിലൂടെ വലിയ ജനശ്രദ്ധ ലഭിച്ചു. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യയെ തേടി പിന്നീട് നല്ല അവസരങ്ങളെത്തി.

പ്രദീപ് സർക്കാർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പരിനീത. വിധു വിനോദ് ചോപ്രയാണ് സിനിമ നിർമ്മിച്ചത്. പ്രദീപ് സർക്കാരും വിദ്യയും സിനിമയ്ക്ക് മുമ്പ് ചില മ്യൂസിക് വീഡിയോകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ പരിചയമാണ് നടിയെ പരിനീത എന്ന സിനിമ ലഭിക്കാൻ സഹായിച്ചത്.
എന്നാൽ നിർമാതാവ് വിധു വിനോദ് ചോപ്ര സിനിമയിൽ നായികയാക്കാനാഗ്രഹിച്ചത് ഐശ്വര്യ റായിയെ ആണ്. സുന്ദരിയായ കഥാപാത്രമായതിനാലാണ് ഐശ്വര്യയെ നായികയാക്കാൻ നിർമാതാവ് ആഗ്രഹിച്ചത്.
2012 ൽ നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. രണ്ട് പുരുഷൻമാർ ഈ കഥാപാത്രവുമായി പ്രണയത്തിലാകുന്നുണ്ട്. അതിനാൽ നായികയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്. പരിനീതയെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ഐശ്വര്യ റായുടെ മുഖമാണ്.

പക്ഷെ പ്രദീപ് സർക്കാർ എന്നോട് വിദ്യയുടെ കാര്യം പറഞ്ഞു. സ്ക്രീൻ ടെസ്റ്റിന് ശേഷം വിദ്യ ഈ കഥാപാത്രത്തിന് അനുയോജ്യയാണെന്ന് തോന്നിയെന്നും വിധു വിനോദ് ചോപ്ര തുറന്ന് പറഞ്ഞു. സിനിമയിൽ പ്രധാന വേഷം ചെയ്ത നടൻ സെയ്ഫ് അലി ഖാനും ഐശ്വര്യയാണ് ഈ കഥാപാത്രത്തിന് അനുയോജ്യ എന്നാണ് ആദ്യം കരുതിയത്. എന്നാൽ വിദ്യയുടെ പെർഫോമൻസ് കണ്ട് സെയ്ഫ് അലി ഖാനും അത്ഭുതപ്പെട്ടു.
അതേസമയം പരിനീത എന്ന സിനിമ ലഭിക്കാത്തത് ഐശ്വര്യയുടെ കരിയറിനെ ബാധിച്ചിട്ടില്ല. നിരവധി ഹിറ്റ് സിനിമകൾ നഷ്ടപ്പെട്ടെങ്കിലും ഐശ്വര്യയെ തേടി നല്ല സിനിമകളും കഥാപാത്രങ്ങളും എത്തി. എന്നാൽ വിദ്യയെ പോലെ ശക്തമായ കഥാപാത്രങ്ങൾ ഐശ്വര്യക്ക് തുടരെ ലഭിച്ചില്ല എന്നത് വാസ്തവമാണ്. നീയത് ആണ് വിദ്യ ബാലന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ഐശ്വര്യ റായ്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമയാണ് പൊന്നിയിൻ സെൽവൻ. സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യ അവിസ്മരണീയമാക്കി. മണിരത്നമാണ് സിനിമ സംവിധാനം ചെയ്തത്. നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications