ഐശ്വര്യ റായ് ഒരു ഭാര്യയും മരുമകളുമാണ്, സൂക്ഷിച്ച് സംസാരിക്ക്; സൽമാനും ഷാരൂഖും തമ്മിലുണ്ടായ വഴക്കിന് പിന്നിൽ
ബോളിവുഡിലെ താര രാജാക്കൻമാരായ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഇന്ന് സുഹൃത്തുക്കളാണെങ്കിലും ഒരു കാലത്ത് ഇവർ ശത്രുക്കളായിരുന്നു. കരിയറിലെ മത്സരത്തിനപ്പുറം വ്യക്തിപരമായി ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് 2008 ൽ ഇരുവരും തമ്മിലുള്ള കയ്യാങ്കളിയാണ്. നടി കത്രീന കെെഫിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഇരുവരും. പാർട്ടിക്കിടെ ഇവർ വഴക്കായി. ചുറ്റുമുള്ളവർ ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു.
മദ്യ ലഹരിയിലായിരുന്നു സൽമാൻ ഖാൻ ഷാരൂഖ് ഖാനെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് അന്ന് വന്ന വാർത്തകൾ. അന്ന് പാർട്ടിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അക്കാലത്ത് വന്ന ഒരു ടാബ്ലോയ്ഡിൽ വന്ന റിപ്പോർട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിൽ പറയുന്നത് പ്രകാരം സൽമാൻ ഖാനാണ് ഷാരൂഖിനെ കത്രീനയുടെ പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചത്. അന്ന് കത്രീന കൈഫിന്റെ ബോയ്ഫ്രണ്ടാണ് സൽമാൻ ഖാൻ. സൽമാൻ ഖാന്റെ ക്ഷണം സ്വീകരിക്കാൻ ഷാരൂഖ് മടിച്ചിരുന്നു. എന്നാൽ ഭാര്യ ഗൗരി ഖാൻ പറഞ്ഞത് പ്രകാരം ഷാരൂഖ് പോകാൻ തയ്യാറായി.

പാർട്ടിയിലെ അതിഥികൾ പറയുന്നത് പ്രകാരം സൽമാൻ ഖാൻ മദ്യ ലഹരിയിലായിരുന്നു. തന്റെ ദസ് കാ ദം എന്ന ഷോയെയും ഷാരൂഖിന്റെ ക്യാ ആപ് പാഞ്ച്വി പാസ് സെ തേസ് ഹെയിൻ എന്ന ഷോയെയും സൽമാൻ ഖാൻ താരതമ്യം ചെയ്യാൻ തുടങ്ങി. താനാണ് യഥാർത്ഥ സൂപ്പർസ്റ്റാറെന്ന് സൽമാൻ ഖാൻ വാദിച്ചു. തന്റെ ഗേൾഫ്രണ്ട്സെല്ലാം ഷാരൂഖ് ഖാനോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിൽ സൽമാൻ ഖാന് നീരസമുണ്ടായിരുന്നു. മുമ്പ് മുൻ കാമുകി ഐശ്വര്യ റായ് സൽമാൻ ഖാനോടൊപ്പം വർക്ക് ചെയ്യണമെന്ന് പറഞ്ഞിരുന്നു.
പിന്നീട് കത്രീന കെെഫിനും ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്നു സൽമാൻ ഖാൻ. ഈ ദേഷ്യത്തിൽ വിഷയം ഐശ്വര്യയിലേക്ക് സൽമാൻ വിഷയം മാറ്റി. എല്ലാ അതിഥികൾക്കും മുമ്പിൽ വെച്ച് ഐശ്വര്യ റായെക്കുറിച്ച് വളരെ മോശം ഭാഷയിൽ സൽമാൻ ഖാൻ സംസാരിച്ചു.

ഈ അധിക്ഷേപത്തിൽ ഷാരൂഖ് ഖാൻ പ്രതികരിച്ചു. അവൾ ഒരാളുടെ ഭാര്യയാണ്, മരുമകളാണ്. അവൾ ഒരു സ്ത്രീയാണ്. ഐശ്വര്യയെക്കുറിച്ച് കുറച്ച് ബഹുമാനത്തോടെ സംസാരിക്കണമെന്ന് ഷാരൂഖ് പറഞ്ഞു. എന്നാൽ സൽമാൻ ഐശ്വര്യയെക്കുറിച്ച് വീണ്ടും മോശമായി സംസാരിച്ചു. ഷാരൂഖ് ഖാൻ ഗൗരിക്കൊപ്പം പാർട്ടി വിട്ട് പോകാനൊരുങ്ങി.
പേടിയാണോ എന്ന് സൽമാൻ ഖാൻ ചോദിച്ചു. ഇത് നിന്റെ വീടാണ്. നിന്റെ അതിഥികളും. പക്ഷെ ഇനിയെന്തെങ്കിലും കൂടുതൽ പറഞ്ഞാൽ ഇവർക്ക് മുന്നിൽ വെച്ച് നിന്നെ ഞാൻ അടിക്കും. അത് കൊണ്ട് മര്യാദയ്ക്ക് സംസാരിക്കെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ടാബ്ലോയ്ഡ് റിപ്പോർട്ട് വീണ്ടും റെഡ്ഡിറ്റിൽ ചർച്ചയായിരിക്കെ പല അഭിപ്രായങ്ങളും വരുന്നുണ്ട്. പലരും സൽമാൻ ഖാനെ വിമർശിച്ചു. റിപ്പോർട്ട് വിശ്വാസ്യ യോഗ്യമല്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.1997 ലാണ് ഐശ്വര്യ റായും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രം ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു അടുപ്പം. പിന്നീടിവർ അകന്നു.
.സൽമാന്റെ ശല്യം സഹിക്കാതായതോടെയാണ് ഐശ്വര്യ റായ് ഈ ബന്ധം വേണ്ടെന്ന് വെക്കുന്നത്. കരിയറിൽ വലിയ നഷ്ടങ്ങൾ സൽമാൻ കാരണം ഐശ്വര്യക്കുണ്ടായിട്ടുണ്ട്. സൽമാന്റെ ശല്യം കാരണം തന്റെ അഞ്ച് സിനിമകളിൽ നായികാ സ്ഥാനത്ത് നിന്ന് ഐശ്വര്യയെ ഷാരൂഖ് ഖാൻ മാറ്റി. പിൽക്കാലത്ത് ഇത് തുറന്ന് സമ്മതിക്കാനും ഐശ്വര്യയോട് ക്ഷമ ചോദിക്കാനും ഷാരൂഖ് ഖാൻ തയ്യാറായി. സൽമാന്റെ മദ്യപാനം, സംശയം, പെരുമാറ്റ രീതികൾ എന്നിവയെല്ലാം കാരണമാണ് ഐശ്വര്യ റായ് പ്രണയ ബന്ധ ഉപേക്ഷിച്ചത്.
ഇതോടനുബന്ധിച്ച് അന്ന് പല പ്രശ്നങ്ങളും അക്കാലത്തുണ്ടായി. സൽമാനുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള കാരണം ഐശ്വര്യ റായ് തുറന്ന് പറഞ്ഞു. സൽമാൻ തന്നെ ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവിക്കുകയായിരുന്നെന്നായിരുന്നു ഐശ്വര്യയുടെ ആരോപണം അന്ന് നടനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചു. നിരന്തരം മാനസികമായുള്ള പീഡനം ഉണ്ടായിരുന്നു. ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ബന്ധം അവസാനിപ്പിച്ചെന്ന് ഐശ്വര്യ റായ് വ്യക്തമാക്കി.
പിന്നീടൊരിക്കലും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഐശ്വര്യ റായ് തയ്യാറായിട്ടില്ല. മാധ്യമങ്ങൾ ഈ വിഷയം തുടർന്നും ചർച്ച ചെയ്യുന്നതിൽ ഐശ്വര്യ റായ്ക്ക് എതിർപ്പുണ്ടായിരുന്നു. അനാവശ്യ പ്രതികരണങ്ങൾ നടത്തി ഇതിന് ആക്കം കൂട്ടാൻ ഐശ്വര്യ റായ് ആഗ്രഹിച്ചില്ല. സൽമാനുമായി പിരിഞ്ഞ് വർഷങ്ങൾക്കിപ്പുറം ഐശ്വര്യ അഭിഷേക് ബച്ചനുമായി വിവാഹിതയായി. 2007 ലായിരുന്നു താര വിവാഹം. ഇരുവർക്കും ആരാധ്യ എന്ന മകളുമുണ്ട്. 59 കാരനായ സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. തന്റെ വിവാഹപ്രായം കഴിഞ്ഞെന്നാണ് സൽമാൻ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം സൽമാനുമായുള്ള ഐശ്വര്യയുടെ ബന്ധത്തിൽ നടിയുടെ മാതാപിതാക്കൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഐശ്വര്യ മറ്റൊരു അപ്പാർട്മെന്റിലേക്ക് താമസം മാറിയെന്ന് ഹാൾ ഓഫ് ഫെയിം ഐശ്വര്യ റായ് എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. 2004 ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.
ഐശ്വര്യ താനുമായുള്ള ബന്ധം ഉപേക്ഷിച്ചത് ഉൾക്കൊള്ളാൻ സൽമാന് കുറച്ച് കാലം വേണ്ടി വന്നു. ഐശ്വര്യ നടൻ വിവേക് ഒബ്റോയിയുമായി സൗഹൃദത്തിലായത് സൽമാനെ ഏറെ ദേഷ്യം പിടിപ്പിച്ചു. ഇത് സൽമാൻ-വിവേക് ഒബ്രോയ് തർക്കത്തിലേക്ക് വഴിമാറി. വിവേക് ഒബ്റോയിയുടെ കരിയർ തകർത്തത് സൽമാൻ ഖാനാണെന്ന് ബോളിവുഡിൽ ഇന്നും സംസാരമുണ്ട്. ഐശ്വര്യക്ക് ശേഷം സൽമാൻ മറ്റ് പ്രണയ ബന്ധങ്ങളിലേക്ക് കടന്നെങ്കിലും ഇവയൊന്നും മുന്നോട്ട് പോയില്ല. കത്രീന കെെഫുമായുള്ള ബന്ധവും തകർന്നു.
അടുത്തിടെ ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഏറെ നാൾ ഇതേക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു. അഭിഷേകിൽ നിന്നും അഭിഷേകിന്റെ വീട്ടുകാരിൽ നിന്നും ഐശ്വര്യ അകലം കാണിക്കുന്നു എന്നാണ് ആരാധകരുടെ വാദം. മകൾ ആരാധ്യ ബച്ചനൊപ്പമേ മിക്കപ്പോഴും ഐശ്വര്യയെ കാണാറുള്ളൂ.
പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. പിന്നീട് നടിയുടെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഐശ്വര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് അഭിഷേക് ബച്ചൻ തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. മകൾ ആരാധ്യ പിറന്ന ശേഷമാണ് ഐശ്വര്യ സിനിമകളുടെ എണ്ണം കുറച്ചത്.
വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അമ്മയായ ശേഷം ഐശ്വര്യ റായ് അഭിനയിച്ചിട്ടുള്ളൂ. മകളെ പിരിഞ്ഞിരിക്കാൻ നടിക്കിഷ്ടമല്ല. എവിടെ പോകുമ്പോഴും ഐശ്വര്യക്കൊപ്പം മകളെയും കാണാം. മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഐശ്വര്യയാണെന്ന് അഭിഷേക് നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











