ലോക സുന്ദരിയുടെ വിശ്വസ്തനായ കാവലാൾ, ശമ്പളം അമ്പരപ്പിക്കുന്നത്; ഐശ്വര്യ റായുടെ ബോഡിഗാർഡിന്റെ പ്രതിഫലം
ലോകസുന്ദരി പട്ടം ചൂടിയവരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ചത് ഐശ്വര്യ റായ്ക്കാണ്. ഇന്നും ലോക സുന്ദരിയായാണ് ഐശ്വര്യയെ ആരാധകർ കാണുന്നത്. കണ്ണഞ്ചിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരുടെ മനം കവർന്ന ഐശ്വര്യ ലോക ജനത ഒന്നടങ്കം ഉറ്റുനോക്കിയ താരമായിരുന്നു ഒരു കാലത്ത്. ആഗോള ഫാഷൻ, മേക്കപ്പ് ബ്രാൻഡുകളെല്ലാം ഐശ്വര്യക്ക് പിറകെ നടന്ന കാലം. ഇന്ന് കരിയറിനേക്കാൾ കുടുംബ ജീവിതത്തിനാണ് ഐശ്വര്യ റായ് പ്രാധാന്യം നൽകുന്നത്.
വലിയ സുരക്ഷാ വലയത്തിലാണ് എപ്പോഴും ഐശ്വര്യ റായ്. പാപ്പാരാസികളും ആരാധകരും ഇടിച്ച് കയറുന്നതിനാൽ മിക്കപ്പോഴും ഐശ്വര്യ റായ്ക്കൊപ്പം ബോഡിഗാർഡുകൾ ഉണ്ടാകാറുണ്ട്. വർഷങ്ങളായി ഐശ്വര്യ റായ്ക്കൊപ്പമുള്ള ബോഡിഗാർഡാണ് ശിവരാജ്. ബച്ചൻ കുടുംബത്തിലെ സെക്യൂരിറ്റി ടീമിന്റെ ഭാഗമായ ശിവരാജ് എപ്പോഴും ഐശ്വര്യക്ക് സംരക്ഷണമാെരുക്കി പൊതുവിടങ്ങളിൽ ഒപ്പമുണ്ടാകാറുണ്ട്. സിനിമാ സെറ്റുകൾ, പൊതുപരിപാടികൾ, വിദേശ യാത്രകൾ എന്നിവയ്ക്കെല്ലാം ഐശ്വര്യ റായ്ക്കൊപ്പം ശിവരാജുണ്ട്.

ഇദ്ദേഹമുള്ളത് കാരണമാണ് ഐശ്വര്യ റായ്ക്ക് ആൾക്കൂട്ടത്തെ ഭയക്കാതെ പൊതുവേദികളിൽ എത്താൻ കഴിയുന്നത്. ഐശ്വര്യ റായുടെ വിശ്വസ്തനാണ് ശിവരാജ്. 2015 ൽ ശിവരാജിന്റെ വിവാഹത്തിന് ഐശ്വര്യ എത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 7 ലക്ഷം രൂപയാണ് ശിവരാജിന്റെ മാസ ശമ്പളം. 84 ലക്ഷം രൂപ വാർഷിക വരുമാനം. വലിയ കോർപ്പറേറ്റ് കമ്പനികളിലെ എക്സിക്യൂട്ടീവുകൾക്ക് പോലും ഇത്രയധികം ശമ്പളമില്ല. അതേസമയം താരങ്ങളുടെ ബോഡിഗാർഡ് എന്നത് എളുപ്പമുള്ള ജോലിയല്ല.
ഒരു പോറൽ പോലുമേൽക്കാതെ ഇവരെ സംരക്ഷിക്കണം. ആൾക്കൂട്ടത്തിൽ താരങ്ങൾക്ക് സംരക്ഷണ കവചമായി നിൽക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. താരങ്ങളുടെ വർക്കുകൾ നിശ്ചിത സമയക്രമത്തിൽ അല്ല. ദിവസം മുഴുവൻ ഇവർക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും. ചെറിയൊരു സുരക്ഷാ പിഴവ് പോലും ബോഡിഗാർഡുകളുടെ ജോലിയെ ബാധിക്കും.

കഴിഞ്ഞ ദിവസമാണ് ഐശ്വര്യ റായുടെ കാറിന് ബസ് ഇടിച്ചത്. നടി സംഭവ സമയത്ത് കാറിൽ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ഓഫീസർ ബസ് ഡ്രെെവറെ മർദ്ദിച്ചെന്ന് റിപ്പോർട്ട് വന്നിരുന്നു. പൊലീസ് ഇടപെട്ടതോടെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഡ്രെെവറോട് മാപ്പ് പറഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. സിനിമാ രംഗത്ത് നടി ഇഅന്ന് സജീവമല്ല, അതേസമയം ഫാഷൻ വേദികളിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്.
ഐശ്വര്യയെക്കുറിച്ച് അടുത്ത കാലത്ത് പല ചർച്ചകളും സോഷ്യൽ മീഡിയയിൽ വന്നു. നടിയുടെ പഴയ സൗന്ദര്യം നഷ്ടപ്പെട്ടെന്നായിരുന്നു ചിലരുടെ വാദം. ചിലരാകട്ടെ ഐശ്വര്യയുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളാണെന്ന വാദവും ഉന്നയിച്ചു. അഭിഷേക് ബച്ചനും ഐശ്വര്യ റായും വേർപിരിയുന്നെന്ന വാർത്തകൾ തുടരെ വന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഈ വാദം കെട്ടടങ്ങി. അഭിഷേകും ഐശ്വര്യയും ഇപ്പോഴും പൊതുവേദികളിൽ ഒരുമിച്ചെത്താറുണ്ട്.
അതേസമയം മിക്കപ്പോഴും മകൾ ആരാധ്യയെയാണ് ഐശ്വര്യക്കൊപ്പം കാണാറ്. മകളാണ് ഐശ്വര്യയുടെ ഇന്നത്തെ ലോകം. മകളെ പിരിഞ്ഞിരിക്കാൻ വയ്യാത്തത് കൊണ്ടാണ് നടി സിനിമകൾ കുറച്ചത്. എന്നാൽ പ്രിയ താരത്തെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പൊന്നിയിൻ സെൽവന് ശേഷം നടി പുതിയ സിനിമകളിലൊന്നും ഒപ്പ് വെച്ചിട്ടില്ല.


Click it and Unblock the Notifications