'നാത്തൂന് അസൂയ; ഐശ്യര്യയെയും ആരാധ്യയെയും മാറ്റി നിർത്തി'; ബച്ചൻ കുടുംബത്തിനുള്ളിൽ നടക്കുന്നത്
ബച്ചൻ കുടുംബത്തിലെ മരുമകളായി നടി ഐശ്വര്യ റായ് കടന്ന് വന്നപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാണുണ്ടായത്. ഐശ്വര്യയെ പോലൊരു താര റാണി കുടുംബിനിയായി മാത്രം ഒതുങ്ങുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാൽ വിവാഹശേഷവും നടി അഭിനയരംഗത്ത് തുടർന്നു. സൂപ്പർഹിറ്റ് സിനിമകളിലെ നായികയായി ഐശ്വര്യക്ക് തുടരെ അവസരങ്ങൾ ലഭിച്ചു. ഭർത്താവ് അഭിഷേക് ബച്ചനേക്കാൾ മുകളിലാണ് ഐശ്വര്യ റായുടെ താരമൂല്യം. എന്നാൽ ഇതൊരിക്കലും താര ദമ്പതികൾക്കിടയിൽ പ്രശ്നമായിട്ടില്ല.
കരിയറിനേക്കാളും കുടുംബ ജീവിതത്തിനാണ് ഐശ്വര്യ എന്നും പ്രാധാന്യം നൽകിയത്. മകൾ ജനിച്ച ശേഷം സിനിമകളുടെ എണ്ണം കുറച്ചു. കുടുംബ ബന്ധങ്ങൾക്ക് ഐശ്വര്യയെ പോലെ മൂല്യം നൽകുന്നവരാണ് ഭർത്താവിന്റെ വീട്ടുകാരും. വിവാഹം കഴിഞ്ഞിട്ട് 17 വർഷമായിട്ടും അമിതാഭ് ബച്ചനും ജയ ബച്ചനും ഒപ്പമാണ് ഐശ്വര്യയും അഭിഷേകും കഴിയുന്നത്. അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് അഭിഷേക് നേരത്തെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അഭിഷേകിന്റെ ഇഷ്ടങ്ങൾ മനസിലാക്കി ഐശ്വര്യയും ഒപ്പം നിൽക്കുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും സ്വരചേർച്ചയിൽ അല്ലെന്ന് സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്. സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ അഭിഷേകിന്റെ വീട്ടുകാർ ഐശ്വര്യയെക്കുറിച്ചോ ഐശ്വര്യ അഭിഷേകിന്റെ വീട്ടുകാരെക്കുറിച്ചോ സംസാരിക്കാറില്ല. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി മറ്റാെരു സംഭവം കൂടി നടന്നു.
കഴിഞ്ഞ ദിവസമാണ് ഫാഷൻ ലോകത്തെ പ്രധാന ഇവന്റുകളിലൊന്നായ പാരീസ് ഫാഷൻ വീക്ക് നടന്നത്. ഐശ്വര്യ റായ്ക്ക് പുറമെ അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്റെ മകൾ നവ്യ നവേലിയും ഷോയിൽ പങ്കെടുത്തിരുന്നു. നവ്യ പങ്കെടുക്കുന്ന ആദ്യ ഫാഷൻ ഷോയാണിത്. മകളുടെ റാംപ് വാക്ക് കാണാൻ ശ്വേതയും ഒപ്പം അമ്മ ജയ ബച്ചനും എത്തി. ഷോ കഴിഞ്ഞ ശേഷം മകളെ പുകഴ്ത്തിക്കൊണ്ട് ശ്വേത ബച്ചൻ ഒരു കുറിപ്പ് പങ്കുവെച്ചു. എന്നാൽ കുറിപ്പിൽ എവിടെയും ഇതേ ഷോയിൽ പങ്കെടുത്ത ഐശ്വര്യ റായിയെ പരാമർശിച്ചിട്ടില്ല.

ഷോയിൽ നിന്നുള്ള ചിത്രങ്ങളും ശ്വേത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലും ഐശ്വര്യ ഇല്ല. ഒരു കുടുംബത്തിൽ നിന്നുള്ളവരായിട്ടും എന്തുകൊണ്ട് ശ്വേത ബച്ചൻ ഐശ്വര്യ റായിയെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നാണ് ആരാധകരുടെ ചോദ്യം. ഷോയിലെവിടെയും ഐശ്വര്യയെയും മകൾ ആരാധ്യയെയും ശ്വേതയ്ക്കും ജയ ബച്ചനുമൊപ്പം കണ്ടിട്ടുമില്ല.
കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ അനുമാനം. ഐശ്വര്യയുടെ താരത്തിളക്കത്തിൽ നാത്തൂന് അസൂയയാണെന്നും ചിലർ കമന്റ് ചെയ്തു. ഇതാദ്യമായല്ല ബച്ചൻ കുടുംബം ഐശ്വര്യയുടെ കാര്യത്തിൽ മൗനം പാലിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിട്ടും അമിതാഭ് ബച്ചനോ കുടുംബമോ ഇതേക്കുറിച്ച് യാതൊന്നും പരാമർശിച്ചില്ല.
സോഷ്യൽ മീഡിയയിൽ സജീവമായ ബച്ചൻ പൊതുവെ നല്ല സിനിമകളെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വരാറുണ്ട്. മരുമകളുടെ പ്രശസ്തി അംഗീകരിക്കാൻ ബച്ചനും കുടുംബത്തിനും മടിയുണ്ടോ എന്നാണ് ഐശ്വര്യയുടെ ആരാധകർ അന്ന് ചോദിച്ചത്. നവ്യ നവേലി നന്ദ തന്റെ പോഡ്കാസ്റ്റിൽ ശ്വേത ബച്ചനെയും ജയ ബച്ചനെയും ഇടയ്ക്ക് പങ്കെടുപ്പിക്കാറുണ്ട്.
ചില കുടുംബ കാര്യങ്ങൾ ഇവർ സംസാരിക്കുമെങ്കിലും ഇതിലൊന്നും ഐശ്വര്യയെയോ ആരാധ്യയെയോ പരാമർശിക്കാറില്ല. സോഷ്യൽ മീഡിയയിലും ഇവർ പരസ്പരം ഫോളോ ചെയ്യുന്നില്ല. അഭ്യൂഹങ്ങൾ
നാളുകളായി തുടരുന്നുണ്ടെങ്കിലും താരകുടുംബം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications