സൂപ്പർതാരങ്ങളേക്കാൾ ആസ്തി; സിനിമ ചെയ്യാത്തപ്പോഴും കോടികൾ; ഐശ്വര്യക്ക് വരുമാനം വരുന്നതിങ്ങനെ
ഇന്ത്യൻ സിനിമ കണ്ട താര റാണിമാരിൽ മുൻ പന്തിയിലാണ് ഐശ്വര്യ റായുടെ സ്ഥാനം. ഐശ്വര്യയുടെ താരത്തിളക്കത്തിന് മറ്റ് നടിമാരേക്കാൾ പ്രത്യേകതയുണ്ട്. നടി എന്നതിനപ്പുറം ലോകം കണ്ട ഏറ്റവും ഭംഗിയുള്ള സ്ത്രീകളിൽ ഒരാളാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യക്ക് സിനിമാ രംഗത്ത് അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിൽ നിന്ന് അവസരം വന്നപ്പോഴും അരങ്ങേറ്റ ചിത്രമായി ഐശ്വര്യ തെരഞ്ഞെടുത്തത് മണിരത്നത്തിന്റെ ഇരുവർ എന്ന തമിഴ് ചിത്രമാണ്.
പിന്നീട് ബോളിവുഡിലേക്കും കടന്ന ഐശ്വര്യയെ തേടി നിരവധി അവസരങ്ങളെത്തി. ഇന്ന് തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ഐശ്വര്യ തയ്യാറല്ല. കഴിഞ്ഞ ദിവസമാണ് നടിക്ക് 50 വയസ് പൂർത്തിയായത്. അമ്മയ്ക്കും മകൾക്കുമൊപ്പം നടി പിറന്നാൾ ആഘോഷമാക്കുകയും ചെയ്തു. ഐശ്വര്യയുടെ സമ്പാദ്യ വിവരങ്ങളാണ് ബോളിവുഡ് മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. 776 കോടി രൂപയുടെ ആസ്തിയാണ് ഐശ്വര്യക്ക് ആകെയുള്ളത്.

സിനിമകളിൽ നിന്നും പരസ്യങ്ങളിൽ നിന്നുമുള്ള വരുമാനം, വിവിധ കമ്പനികളിലെ നിക്ഷേപം തുടങ്ങിയവയാണ് 10 കോടിക്കും 12 കോടിക്കുമിടിയിലാണ് ഒരു സിനിമയ്ക്ക് ഐശ്വര്യ റായ് വാങ്ങുന്ന പ്രതിഫലം. ഒടുവിൽ ചെയ്ത പൊന്നിയിൻ സെൽവൻ എന്ന സിനിമയ്ക്കായി 10 കോടി രൂപയാണ് നടി കൈപ്പറ്റിയത്.
സിനിമകൾ തുടരെ ചെയ്യുന്നില്ലെങ്കിലും പരസ്യങ്ങൾ നടിയുടെ പ്രധാന വരുമാന ശ്രോതസസ്സുകളിലൊന്നാണ്. ഒന്നിലേറെ ബ്രാൻഡുകളുടെ പരസ്യത്തിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. 6 കോടി മുതൽ ഏഴ് കോടി വരെ നടി ഇതിന് പ്രതിഫലമായി വാങ്ങുന്നു. വർഷങ്ങളായി ലോറിയൽ പാരീസിന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാണ് ഐശ്വര്യ റായ്. കഴിഞ്ഞ ദിവസം പാരീസ് ഫാഷൻ വീക്കിൽ ലോറിയലിനെ പ്രതിനിധീകരിച്ച് ഐശ്വര്യയെത്തി.

അന്താരാഷ്ട്ര ബ്രാൻഡുകളുടെ മുഖമായി മാത്രം ഐശ്വര്യയെ കാണാൻ കഴിഞ്ഞ ഒരു കാലവും ഉണ്ടായിരുന്നു. ഒന്നിലേറെ കമ്പനികളിൽ വലിയ നിക്ഷേപവും ഐശ്വര്യക്കുണ്ട്. ഇതിന് പുറമെ ഭർതൃപിതാവ് അമിതാഭ് ബച്ചന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചതും നടിയുടെ സമ്പത്തിന് ശക്തി പകർന്നു. 1994 ലാണ് അമിതാഭ് ബച്ചൻ എബിസിഎൽ ( അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ്) എന്ന കമ്പനിക്ക് തുടക്കമിടുന്നത്.
സിനിമാ നിർമാണവും ഇവന്റ് മാനേജ്മെന്റനുമായാണ് ഇങ്ങനെയാെരു കമ്പനി തുടങ്ങിയത്. 1996 ൽ മിസ് വേൾഡ് മത്സരത്തിന് വേദിയൊരുക്കിയത് ഈ കമ്പനിയാണ്. മേരെ സാബ്, മിത്യുഞ്ജയ തുടങ്ങിയ സിനിമകൾ ഈ കമ്പനി നിർമ്മിച്ചിട്ടുണ്ട്. ബച്ചൻ കുടുംബത്തിലേക്ക് വിവാഹിതയായി എത്തിയ ശേഷം ഈ കമ്പനിയുടെ ഔദ്യോഗിക കാര്യങ്ങളിൽ ഐശ്വര്യയും ഇടപെട്ടു.
റിപ്പോർട്ടുകൾ പ്രകാരം സൂപ്പർതാരങ്ങളായ പല നടൻമാരേക്കാളും വലിയ ആസ്തി ഐശ്വര്യക്കുണ്ട്. 2015 ലാണ് ബാന്ദ്രയയിൽ ആഡംബര വീട് നടി വാങ്ങിയത്. 21 കോടി രൂപയാണ് ഇതിന് ചെലവിട്ടത്. ദുബായിലും താരത്തിന് ഒരു വീടുണ്ട്. സിനിമാ രംഗത്ത് ഐശ്വര്യ സജീവമല്ലെന്ന പരാതി ആരാധകർക്കുണ്ട്. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും നടി ഇതുവരെ ഒപ്പുവെച്ചിട്ടില്ല.


Click it and Unblock the Notifications