ജോത്സ്യൻ പറഞ്ഞത് സംഭവിച്ചു; അക്ഷയ് കുമാറിന്റെ കഷ്ടകാലം; ആശങ്കയിൽ ആരാധകരും
ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നീ സൂപ്പർസ്റ്റാറുകൾ അടക്കി വാണ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടനാണ് അക്ഷയ് കുമാർ. സിനിമാ സ്വപ്നങ്ങളുമായി അലഞ്ഞ അക്ഷയ് കുമാർ ഏറെ നാളത്തെ അധ്വാനത്തിനൊടുവിലാണ് ബോളിവുഡിൽ വിജയം കൈവരിച്ചത്. മാസ് മസാല സിനിമകളിലൂടെ വൻ ജനപ്രീതി നടൻ നേടി. കോമഡിയും ആക്ഷനുമെല്ലാം അക്ഷയ്ക്ക് ഒരുപോലെ വഴങ്ങി. കരിയറിൽ പിന്നീട് പല പരീക്ഷണങ്ങളും അക്ഷയ് നടത്തി.
സാമൂഹിക പ്രതിബന്ധതയുള്ള സിനിമകളുടെ ഭാഗമാകാൻ തീരുമാനിച്ച താരം പ്രമുഖരുടെ ജീവിതം, യഥാർത്ഥത്തിൽ നടന്ന രാഷ്ട്രീയ സംഭവങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം സിനിമകൾ ചെയ്തു. എന്നാൽ അടുത്ത കാലത്തായി അക്ഷയ് കുമാറിന് ഇത് നല്ല സമയം അല്ല. നടന്റെ നിരവധി സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു.

തെന്നിന്ത്യയിൽ നിന്നും റീമേക്ക് ചെയ്യുന്നത് പതിവായതോടെ അക്ഷയ് കുമാറിന്റെ സിനിമകൾക്ക് സോഷ്യൽ മീഡിയയിൽ ട്രോളുകളും നേരിടേണ്ടി വന്നു. നടന്റെ അടുത്ത കാലത്തിറങ്ങിയ സാമ്രാട്ട് പൃഥിരാജ്, രാമ സേതു, രക്ഷ ബന്ധൻ, സെൽഫി, ഓ മൈ ഗോഡ് 2 എന്നീ സിനിമകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇവയിൽ പല സിനിമകളും ബിഗ് ബജറ്റിൽ നിർമ്മിച്ചവയാണ്.
അക്ഷയ് കുമാറിന്റെ കരിയറിൽ വന്ന പരാജയത്തെക്കുറിച്ച് മുമ്പൊരിക്കൽ ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രാശി പ്രകാരം അക്ഷയ് കുമാറിന് ഇത് നല്ല സമയമല്ലെന്ന് ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ഇങ്ങനെയാരു പ്രവചനം നടത്തിയത്. ഈ വാക്കുകൾ 100 ശതമാനവും സത്യമായെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്.

2022 ഉം 2023 ഉം അക്ഷയ് കുമാറിന് നല്ല സമയം അല്ല, പക്ഷെ അദ്ദേഹം സൂപ്പർതാരമായി തന്നെ ഇക്കാലയളവിൽ നിലനിൽക്കുമെന്നും ജഗന്നാഥ് ഗുരുജി പറഞ്ഞു. സിനിമകളുടെ എണ്ണം കൂട്ടുന്നതിന് പകരം നല്ല സിനിമകൾ തെരഞ്ഞെടുത്താലേ നടന് രക്ഷയുള്ളൂയെന്നും ഗുരുജി അന്ന് വ്യക്തമാക്കി. ഈ വർഷം നടന്റെ ഒരു സിനിമ പോലും വലിയ വിജയം നേടിയിട്ടില്ല. റിലീസിന് മുമ്പ് വലിയ ഹൈപ്പ് ലഭിച്ച സിനിമകൾ ബോക്സ്ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടു.
നിലവിലെ പ്രതിസന്ധികൾ മറികടക്കുകയെന്നതാണ് അക്ഷയ് കുമാറിന് മുന്നിലുള്ള വെല്ലുവിളി. റീമേക്കുകളിൽ നിന്ന് നടൻ മാറി ചിന്തിക്കണമെന്നാണ് ആരാധകർ പറയുന്നത്. ഒടിടിയുടെ കാലത്ത് തെന്നിന്ത്യയിലെ ശ്രദ്ധേയ സിനിമകളെല്ലാം ഹിന്ദി സിനിമാ പ്രേക്ഷകരും കാണുന്നുണ്ട്. ഈ അവസരത്തിൽ റീമേക്കുകൾ പ്രസക്തിയുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം പരാജയങ്ങളിൽ തളർന്നിരിക്കാനില്ലെന്ന് അക്ഷയ് കുമാർ അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിൽ നിന്നും പെട്ടെന്ന് മുന്നോട്ട് പോകാൻ എനിക്ക് പറ്റുന്നു. മുന്നോട്ട് നീങ്ങുകയല്ലാതെ മറ്റ് വഴികളില്ല. ജോലി ചെയ്യുന്നത് തനിക്കിഷ്ടമാണ്. ആർക്കും അത് തന്നിൽ നിന്നും എടുത്ത് മാറ്റാൻ കഴിയില്ലെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.
അക്ഷയ് കുമാറിന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദ ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ ആണ് നടന്റെ വരാനിരിക്കുന്ന സിനിമ. ഒക്ടോബറിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.


Click it and Unblock the Notifications