അക്ഷയ് തന്നെ വഞ്ചിച്ചുവെന്ന് അമിതാബ് ബച്ചന്‍
ബോളിവുഡിന്റെ എക്കാലത്തെയും സുവര്‍ണ്ണനക്ഷത്രമായി തിളങ്ങുന്നതിനിടയിലും അമിതാഭ് ബച്ചന്റെ വ്യക്തിബന്ധങ്ങള്‍ ശിഥിലമാകുന്നു.
ഷാരൂഖ് ഖാനുമായുള്ള ശീതയുദ്ധത്തിനുശേഷം ഇപ്പോള്‍ അക്ഷയ് കുമാറിനോടാണത്രേ അമിതാഭിന്റെ പോര്. ഇനി അക്ഷയ് കുമാറുമൊത്ത് ഒരു പടം പോലും ചെയ്യില്ലെന്ന ബച്ചന്റെതീരുമാനംവരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.
മലയാളത്തില്‍ വന്‍ വിജയമായിരുന്ന 'മണിച്ചിത്രത്താഴി'ന്റെ ഹിന്ദി പതിപ്പിനെച്ചൊല്ലിയാണ് ബച്ചന്‍ പോര് തുടങ്ങിയിരിക്കുന്നത്. അക്ഷയ് കുമാറും ഭൂഷന്‍ കപൂറും ചേര്‍ന്ന് മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിന്റെ അവകാശം സ്വന്തമാക്കുകയും 'ഭൂല്‍ ഭൂലയ്യ' എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയ്‌ക്കുകയും ചെയ്‌തതാണ് ബച്ചനെ രോഷാകുലനാക്കിയിരിക്കുന്നത്.
ബച്ചനെ നായകനാക്കി മണിച്ചിത്രത്താഴ് ഹിന്ദിയില്‍ നിര്‍മ്മിയ്‌ക്കാന്‍ സംവിധായകന്‍ അഹ്‌സന്‍ തിരക്കഥ തയ്യാറാക്കിയിരുന്നുവത്രേ. 'ദസാതന്‍' എന്ന് ചിത്രത്തിന് പേരിടുകയും ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്‌തു. കാജോളും അജയ് ദേവ്‌ഗണിനെയും താരനിരയിലേയ്‌ക്ക് തീരുമാനിയ്‌ക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ബച്ചന് അസുഖം ബാധിച്ചതിനാല്‍ ചിത്രത്തിന്റെ ജോലികള്‍ നീട്ടിവെയ്‌ക്കുകയാണുണ്ടായതെന്ന് അഹ്‌സന്‍ പറയുന്നു. മാത്രമല്ല അക്ഷയ് തന്റെ പദ്ധതി തട്ടിയെടുക്കുകയാണുണ്ടായതെന്നും ഇദ്ദേഹം ആരോപിയ്‌ക്കുന്നു. എന്നെ മാത്രമല്ല ബച്ചനെയും അക്ഷയ് വഞ്ചിച്ചു. ഇതിനെതിരെ പരാതി നല്‍കാന്‍ ആലോചനയുണ്ട്- അഹ്‌സന്‍ പറഞ്ഞു.
ഏതായാലും അക്ഷയുമൊത്ത് ഇനി അഭിനയമേയില്ലെന്ന് ബച്ചന്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇക്കാരണത്താല്‍ കരാര്‍ ഉറപ്പിച്ച രണ്ടു ചിത്രങ്ങളില്‍(വിപുന്‍ ഷായുടെ നമസ്‌തേ, രോഹന്‍ സിപ്പിയുടെ മെയ്‌ച് ഇന്‍ ചൈന) നിന്നും ബച്ചന്‍ പിന്‍മാറുകയും ചെയ്‌തു.


Click it and Unblock the Notifications