ഊ അണ്ടവാ തരംഗം; സമാന്തയുടെ ഡാൻസ് നമ്പറിൽ അഭിനയിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലിയ
ഇന്ത്യയിലൊട്ടാകെ ഹിറ്റായ ഡാൻസ് നമ്പറാണ് തെലുങ്ക് ചിത്രം പുഷ്പയിലെ ഊ അണ്ടവ എന്ന ഗാനം. സമാന്തയുടെ തകർപ്പൻ ഡാൻസും ത്രസിപ്പിക്കുന്ന ഈണവും ഈ ഗാന രംഗത്തിന് വൻ പ്രശസ്തി നേടിക്കൊടുത്തു. പൊതുവെ തെന്നിന്ത്യയിൽ നിന്നുള്ള ഐറ്റം ഡാൻസുകൾ പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടാറില്ല.
ബോളിവുഡിലെ സൂപ്പർഹിറ്റ് നായികമാരുടെ നൃത്തച്ചുവടുകളായിരുന്നു ഇത്തരത്തിൽ വൈറലാവാറ്. എന്നാൽ ഈ പതിവ് സമാന്ത തിരുത്തിക്കുറിച്ചു. 10 വർഷത്തിലേറെയായി സിനിമകളിൽ അഭിനയിച്ച് ലഭിക്കാത്ത പ്രശസ്തി അഞ്ച് മുനുട്ടിൽ കുറവുള്ള ഒരു ഡാൻസ് നമ്പറിലൂടെ സമാന്ത സ്വന്തമാക്കി.
അഞ്ച് കോടി രൂപയാണ് ഈ ഡാൻസിനായി സമാന്ത കൈപറ്റിയ പ്രതിഫലം. അടുത്തിടെ ഓർമാക്സ് മീഡയയുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടി സമാന്ത ആയിരുന്നു. പുഷ്പയിലെ ഗാനം രംഗം നടിയുടെ ഈ കുതിച്ചുയർന്ന പ്രശസ്തിക്ക് കാരണമായിട്ടുണ്ട്. അതേസമയം ഫാമിലി മാൻ സീസൺ 2 വിലെ വില്ലൻ വേഷവും സമാന്തയുടെ പ്രശസ്തി കുത്തനെ ഉയർത്തി.

ഇപ്പോഴിതാ ഊ അണ്ടാവാ ഗാനത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി ആലിയ ഭട്ട്. ഇതുവരെ പുറത്തിറങ്ങിയ ഒരു ഡാൻസ് നമ്പറിൽ തനിക്ക് അഭിനയിക്കണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആലിയ. ഊ അണ്ടാവ ഗാനത്തിൽ എന്നാണ് ആലിയ നൽകിയ മറുപടി.
പക്ഷെ ഗാനത്തിൽ നിന്നും സമാന്തയെയും അല്ലു അർജുനെയും മാറ്റി നിർത്താനാഗ്രഹമില്ലെന്നും തനിക്കിവർക്കിടയിൽ എവിടെയെങ്കിലും നിൽക്കാനാണ് താൽപര്യമെന്നും ആലിയ ഭട്ട് പറഞ്ഞു. ഡാർലിംഗ്സ് ആണ് ആലിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ലിക്സിൽ റിലീസായ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

മറുവശത്ത് സമാന്തയും കരിയറിന്റെ തിരക്കുകളിലാണ്. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് നടി. കരൺ ജോഹർ ചിത്രത്തിലൂടെയാണ് സമാന്തയുടെ ബോളിവുഡിലേക്കുള്ള ചുവടുവെപ്പെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയിലും സമാന്ത അഭിനയിക്കുന്നുണ്ട്. ഇതിന് പുറമെ ഖുശി, യശോദ, ശാകുന്തളം എന്നീ തെലുങ്ക് സിനിമകളിലും സമാന്ത അഭിനയിക്കുന്നുണ്ട്.
സമാന്ത ആദ്യമായി ചെയ്ത ഐറ്റം ഡാൻസ് ആയിരുന്നു പുഷ്പയിലേത്. ഇതിന് ശേഷം നിരവധി ഡാൻസ് നമ്പറുകളിലേക്ക് ഓഫർ വന്നെങ്കിലും സമാന്ത ഒന്നിനും സമ്മതം മൂളിയിട്ടില്ല. പുഷ്പയുടെ രണ്ടാം അണിയറയിൽ ഒരുങ്ങുന്നുണ്ട്. സമാന്തയ്ക്ക് പകരം ഒരു ബോളിവുഡ് നടിയുടെ ഡാൻസ് നമ്പർ സിനിമയിൽ ഉണ്ടാവുമെന്നാണ് വിവരം.


Click it and Unblock the Notifications