വയർ കാണിച്ചെന്നോ? എന്താണ് അർത്ഥമാക്കുന്നത്? വാർത്തകൾക്കെതിരെ ആലിയ
നടി ആലിയ ഭട്ടിന്റെ വിവാഹവും ഗർഭവും ബോളിവുഡ് മാധ്യമങ്ങളിലെ വമ്പൻ വാർത്തയായിരിക്കുകയാണ്. നടി എപ്പോൾ പുറത്തേക്കിറങ്ങുമ്പോഴും പിന്നാലെ കൂടുന്ന പാപ്പരാസികൾ നടി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും വാർത്തയാക്കുന്നുണ്ട്. വിവാഹം കഴിഞ്ഞത് മുതൽ പാപ്പരാസികൾ നടിയുടെ പിന്നിൽ നിന്ന് മാറിയിട്ടില്ലെന്നാണ് ബി ടൗണിലെ സംസാരം. ആലിയ തടി വെക്കുന്നതും വയറു വെക്കുന്നതുമെല്ലാം വാർത്തയായി. രൺബീറിനും ആലിയക്കും ഇരട്ടക്കുട്ടികളാണെന്ന് വരെ വാർത്ത വന്നു.
നിരന്തരമായി ഇത്തരം വാർത്തകൾ തന്നെ പറ്റി വരുന്നതിനെതിരെ സംസാരിച്ചിരിക്കുകയാണ് ആലിയ ഇപ്പോൾ. 'എനിക്ക് തോന്നുന്നത് അവർക്ക് എന്നെ പറ്റി എഴുതാൻ മാത്രമുള്ള കാര്യങ്ങളില്ലെന്നാണ്. കല്യാണം കഴിഞ്ഞപ്പോൾ വിവാഹിതയായ ആലിയ എന്നായിരുന്നു വാർത്ത. ഇപ്പോൾ ഞാൻ ഗർഭിണിയായപ്പോൾ അമ്മയാവാൻ പോവുന്ന ആലിയ, പ്രെഗ്നൻസി ഗ്ലോ, വയറ് മറച്ച് പിടിക്കുന്ന ആലിയ, വയറ് പ്രദർശിപ്പിച്ച് ആലിയ എന്നിങ്ങനെയാണ് വാർത്തകൾ. അതിൽ ശ്രദ്ധ കൊടുക്കേണ്ട കാര്യം പോലും എനിക്കില്ല,' ആലിയ പറഞ്ഞു.

വയറ് മറയ്ക്കുന്ന വസ്ത്രം, വയർ കാണിക്കുന്ന വസ്ത്രം ധരിച്ചു എന്നിങ്ങനെ വരുന്ന റിപ്പോർട്ടുകൾക്കെതിരെയും ആലിയ പ്രതികരിച്ചു. 'ഇതൊക്കെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്. ഏത് വസ്ത്രവും വസ്ത്രമാണ്. കാണിച്ചു എന്ന് പറയുന്നതിലൂടെ എന്താണ് നിങ്ങൾ അർത്ഥമാക്കുന്നത്. ഇത് ആഴത്തിലുള്ള അഭ്യർത്ഥനായാണ് ദയവായി നിർത്തൂ,' ആലിയ പറഞ്ഞു.
ഈ വർഷം ഏപ്രിലിലാണ് ആലിയ ഭട്ട് നടൻ രൺബീർ കപൂറുമായി വിവാഹിതയായത്. ഏറെനാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ താൻ ഗർഭിണിയാണെന്ന വിവരവും ആലിയ ആരാധകരെ അറിയിച്ചു. പ്രസവ ശേഷവും താൻ അഭിനയം തുടരുമെന്നാണ് ആലിയ ഭട്ട് നേരത്തെ വ്യക്തമാക്കിയത്. വിവാഹം കഴിയുന്നതും അമ്മയാവുന്നതും തന്റെ കരിയറിനെ ബാധിക്കില്ലെന്നും അത്തരം ചിന്താഗതികളുടെ കാലം കഴിഞ്ഞെന്നും ആലിയ പറഞ്ഞു.

ഗർഭിണിയായിരിക്കെ തന്റെ ആദ്യ ഹോളിവുഡ് ചിത്രം ഹേർട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണവും ആലിയ പൂർത്തിയാക്കിയിരുന്നു. നിലവിൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ഡാർലിംഗ്സിന്റെ പ്രൊമോഷണൽ തിരക്കുകളിലാണ് നടി. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആലിയയെക്കൂടാതെ വിജയ് വർമ്മ, ഷെഫാലി ഷാ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Recommended Video
രൺബീർ കപൂറിനൊപ്പം എത്തുന്ന ബ്രഹ്മാസ്ത്ര, രൺവീർ സിംഗിനൊപ്പം അഭിനയിക്കുന്ന റോക്കി ഓർ റാണി കി പ്രേം കഹാനി തുടങ്ങിയവയാണ് ആലിയയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തെവാടി ആണ് നടിയുടെ ഒടുവിലത്തെ തിയറ്റർ റിലീസ്. ചിത്രം വൻ വിജയമായിരുന്നു.


Click it and Unblock the Notifications