വിവാഹമോചനം ഉടനെന്ന് റിപ്പോർട്ടുകൾ, കുടുംബത്തോടൊപ്പം ഷോപ്പിങിനെത്തി നടൻ ഫർദീൻ ഖാൻ, മാധ്യമങ്ങളോടും കയർത്തു!
ബോളിവുഡ് നടൻ ഫർദീൻ ഖാനെ വെള്ളിത്തിരയിൽ നിന്ന് കാണാതായിട്ട് വർഷങ്ങളായി. പക്ഷെ അദ്ദേഹത്തിന്റെ ആരാധകരുടെ കാര്യത്തിൽ ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
ബിഗ് സ്ക്രീനിൽ നിന്നും മിസ്സായ താരങ്ങളെ ആരാധകർ തേടി കണ്ടുപിടിക്കുന്നതും സ്നേഹാന്വേഷണങ്ങൾ നടത്തുന്നതും സോഷ്യൽമീഡിയ വഴിയാണ്. അടുത്തിടെയായി ഫർദീൻ ഖാൻ വീണ്ടും വാർത്തകളിൽ നിറയുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല ഫർദീൻ ഭാര്യ നടാഷയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ പോകുന്നുവെന്നതിന്റെ പേരിലാണ്.
ഇരുവരും അകന്നാണ് കഴിയുന്നതെന്നും വൈകാതെ വേർപിരിയുമെന്നുമാണ് അടുത്തിടെ ബിടൗൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. റൂമറുകൾ കേട്ടപ്പോൾ മുതൽ സുഖത്തിലും ദുഖത്തിലും ഒരുമിച്ച് നിന്നവർ എന്തിന് ഇത്രയും വർഷങ്ങൾക്ക് ശേഷം പിരിയാൻ ഒരുങ്ങുന്നുവെന്ന ചോദ്യമാണ് ആരാധകരുടെ മനസിലേക്ക് ആദ്യം വന്നത്.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വർഷത്തോളമായി. എന്നാൽ വേർപിരിയൽ റിപ്പോർട്ടുകൾക്കിടയിൽ ഫർദീനും നടാഷയും ഒരുമിച്ച് തങ്ങളുടെ കുട്ടികൾക്കൊപ്പം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെ അത്ഭുതപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് മക്കൾക്കൊപ്പം ഷോപ്പിങ് കഴിഞ്ഞ് കാറിൽ കയറാൻ എത്തിയ നടാഷയും ഫർദീനും മാധ്യമങ്ങൾക്ക് മുമ്പിൽപ്പെട്ടത്. കുടുംബത്തോടൊപ്പമുള്ള തന്റെ ചിത്രങ്ങൾ പാപ്പരാസികൾ ക്ലിക്ക് ചെയ്തതിൽ ഫർദീൻ അസ്വസ്ഥത പ്രകടിപ്പിക്കുകയും മാധ്യമപ്രവർത്തകരോട് പരുഷമായി പെരുമാറുകയും ചെയ്തു.
ഫർദീൻ ഖാന്റെയും കുടുംബത്തിന്റെയും ഫോട്ടോയും ചിത്രങ്ങളും പ്രചരിച്ചതോടെ വിവാഹമോചനം വെറും ഗോസിപ്പ് മാത്രമാണെന്നും ആരാധകർ കുറിച്ചു. ഡയാനി, അസേറിയസ് എന്നിങ്ങനെയാണ് ഇരുവരുടെയും മക്കളുടെ പേരുകൾ. 2005ലായിരുന്നു ഇവരുടെ വിവാഹം.
പ്രശസ്ത നടി മുംതാസിന്റെ മകളാണ് നടാഷ. ഒരു വർഷത്തോളമായി ഇവരുടെ താമസം രണ്ടിടത്താണ് എന്നാണ് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പരാമർശിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞ് പിറന്നത്. 2013ൽ മകളും 2017ൽ മകനും പിറന്നു. ഇതിന് മുമ്പ് താരദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു.

ഫർദീൻ കുറച്ചുകാലമായി ബോളിവുഡിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പലപ്പോഴായി വാർത്തകളിൽ ഇടം പിടിക്കുന്നു. റിതേഷ് ദേശ്മുഖ് ചിത്രം വിസ്ഫോട്ടിൽ അദ്ദേഹം അഭിനയിക്കും എന്ന് റിപ്പോർട്ടുണ്ട്. റിതേഷ് ദേശ്മുഖ്, പ്രിയ ബപത്ത്, ക്രിസ്റ്റിൽ ഡിസൂസ എന്നിവരും ചിത്രത്തിൽ അഭിനയിക്കും.
2005ലെ ഹിറ്റായ നോ എൻട്രിയുടെ തുടർച്ചയിലും അദ്ദേഹം അഭിനയിക്കുമെന്ന് റിപ്പോർട്ടുണ്ട്. 2010ൽ പുറത്തിറങ്ങിയ ദുൽഹ മിൽ ഗയേ എന്ന ചിത്രത്തിലാണ് ഫർദീൻ അവസാനമായി അഭിനയിച്ചത്. തന്റെ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ജോലിയിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.
'എന്റെ അച്ഛൻ മരിച്ചതിന് ശേഷം എനിക്ക് കുറച്ച് സമയം ആവശ്യമായി വന്നു. ഞാൻ പ്രയാസകരമായ കാലത്തിലൂടെ കടന്നുപോവുകയായിരുന്നു. 2009ൽ എന്റെ അച്ഛൻ മരിച്ച് ഏതാനും മാസങ്ങൾക്കുശേഷം എനിക്ക് ഒരു ചെറിയ ആരോഗ്യ ഭയം ഉണ്ടായിരുന്നു. പിന്നെ നടാഷയും ഞാനും ഒരു കുടുംബം വേണമെന്ന് വളരെ ആഗ്രഹിച്ചു. കുട്ടികളുണ്ടാകുന്നതിൽ ഞങ്ങൾ വെല്ലുവിളികൾ നേരിട്ടു. അതിനാൽ ഞങ്ങൾക്ക് ഐവിഫ് സ്വീകരിക്കേണ്ടി വന്നു', എന്നാണ് ഫർദീൻ ഖാൻ മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications