വീട് മാറില്ല; അഭിഷേകിനെ മനസ്സിലാക്കി ഐശ്വര്യയും; എല്ലാവരും ഒരുമിച്ച് കഴിയുന്ന അമിതാഭ് ബച്ചന്റെ ബംഗ്ലാവ്
ബോളിവുഡിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്ന താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങി ബച്ചൻ കുടുംബാഗങ്ങളിൽ മിക്കവരും വൻ ആരാധക വൃന്ദമുള്ളവരാണ്. ഇന്ത്യൻ സിനിമയുടെ അഭിമാനമായി അറിയപ്പെടുന്ന ബച്ചൻ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. ഏറെ നാളത്തെ ഇടവേള അവസാനിപ്പിച്ച് ഭാര്യ ജയ ബച്ചനും അഭിനയ രംഗത്തേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.
റിലീസ് ചെയ്യാനിരിക്കുന്ന റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ ജയ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. മറുവശത്ത് മരുമകൾ ഐശ്വര്യ റായ് നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ച് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി. കുടുംബത്തിലെ ആഘോഷങ്ങൾക്ക് ബച്ചൻ എന്നും വലിയ പ്രധാന്യം നൽകാറുണ്ട്. അടുത്തിടെയാണ് അമിതാഭ് ബച്ചനും ജയ ബച്ചനും 50ാം വിവാഹ വാർഷിക ദിനം ആഘോഷിച്ചത്.
മുംബൈയിലെ അത്യാഡംബര വസതിയിലാണ് അമിതാഭ് ബച്ചനും കുടുംബവും താമസിക്കുന്നത്. ജൽസ എന്നാണ് ബംഗ്ലാവിന്റെ പേര്. യഥാർത്ഥത്തിൽ ബച്ചന് സമ്മാനമായി ലഭിച്ചതാണ് ഈ ബംഗ്ലാവ്. 1982 ൽ പുറത്തിറങ്ങിയ സട്ടെ പെ സട്ടെ എന്ന ഹിറ്റ് സിനിമയുടെ നിർമാതാവ് എൻസി സിപ്പിയാണ് ഈ വീട് നടന് നൽകിയത്. 120 കോടി രൂപയ്ക്കടുത്താണ് ഈ ബംഗ്ലാവിന്റെ വില. ആദ്യം ഈ ബംഗ്ലാവിനിട്ട പേര് മൻസ എന്നായിരുന്നു. പിന്നീട് ജോത്സ്യന്റെ നിർദ്ദേശ പ്രകാരം പേര് ജൽസ എന്ന് മാറ്റി.

എല്ലാ ഞായറാഴ്ചയും മുടങ്ങാതെ തന്റെ വീടിന് മുന്നിൽ തടിച്ച് കൂടിയ ആരാധകരെ ബച്ചൻ അഭിവാദ്യം ചെയ്യുമായിരുന്നു. കൊവിഡിന്റെ സമയത്ത് മാത്രമാണ് ഈ ശീലം മുടങ്ങിയത്. ചുപ്കെ ചുപ്കെ, ആനന്ദ്, നമക് ഹരം തുടങ്ങിയ സിനിമകളുടെ ഷൂട്ടിംഗ് ഈ ബംഗ്ലാവിൽ വെച്ച് നടന്നിട്ടുണ്ട്. ജൽസയ്ക്ക് ഒരു കിലോ മീറ്റർ അകലെയാണ് ബച്ചൻ തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ച പ്രതീക്ഷ എന്ന ബംഗ്ലാവ്. മകൻ അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള വിവാഹം നടന്നത് പ്രതീക്ഷയിൽ വെച്ചാണ്.
അത്യാഡംബരങ്ങൾ നിറഞ്ഞ ബംഗ്ലാവാണ് ജൽസ. വീട്ടിലെ ഒരു ഭിത്തി മുഴുവൻ കുടുംബ ഫോട്ടോകൾക്കായി മാറ്റി വെച്ചിട്ടുണ്ട്. എംപി സ്ഥാനത്തേക്ക് മത്സരിച്ച ഘട്ടത്തിൽ നോമിനേഷന്റെ ഭാഗമായി ജയ ബച്ചൻ നൽകിയ സത്യവാങ് മൂലത്തിൽ കുടുംബത്തിന്റെ സാമ്പത്തിക വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. അമിതാഭിനും ജയക്കും സംയുക്തമായി 1000 കോടിയുടെ സ്വത്തുക്കൾ ഉണ്ട്. 2018 ലാണ് ഈ വിവരം പുറത്ത് വന്നത്.

വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും അഭിഷേക് ബച്ചനും ഐശ്വര്യയും ജൽസയിൽ നിന്ന് മാറി താമസിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ചാണ് ഈ വീട്ടിൽ കഴിയുന്നത്. മുംബൈയിൽ മറ്റൊരു വീട് വാങ്ങിയിട്ടുണ്ടെങ്കിലും ഇവിടെ ഐശ്വര്യയും അഭിഷേകും സ്ഥിര താമസക്കാരല്ലെന്നാണ് വിവരം. മാതാപിതാക്കളുമായി വലിയ ആത്മബന്ധം അഭിഷേക് ബച്ചനുണ്ട്.
ഇത് ഐശ്വര്യയും മനസ്സിലാക്കുന്നു. ജൽസയിൽ തന്നെ കഴിയാനാണ് അഭിഷേകിന്റെ തീരുമാനമെന്ന് 2018 ൽ ബോളിവുഡ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. കുടുംബ ജീവിതത്തിന് വലിയ പ്രധാന്യം അഭിഷേകിനെ പോലെ ഐശ്വര്യയും നൽകുന്നുണ്ട്. സിനിമകളിൽ നിന്ന് മാറി നിന്ന നാല് വർഷക്കാലം മകൾക്ക് വേണ്ടിയാണ് ഐശ്വര്യ ചെലവഴിച്ചത്.


Click it and Unblock the Notifications