ഞാനവനെ ഒരിക്കല്‍ പോലും ആശുപത്രിയില്‍ സന്ദര്‍ശിച്ചില്ല! ഋഷി കപൂറിനെക്കുറിച്ച് ബച്ചന്റെ ബ്ലോഗ്
ബോളിവുഡ് താരം റിഷി കപൂറിന്റെ മരണം സഹപ്രവര്‍ത്തകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. അടുത്ത സുഹൃത്തും സഹതാരവുമായ അമിതാഭ് ബച്ചനാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. അവന്റെ വിടവാങ്ങലില്‍ ഞാന്‍ തകര്‍ന്നുപോയി എന്നാണ് ബച്ചന്റെ നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നത്. അമിതാഭ് ബച്ചനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് ഋഷി കപൂര്‍. സിനിമയ്ക്ക് പുറത്തും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു ഇരുവരും.

അടുത്ത സുഹൃത്തായിരുന്നിട്ട് പോലും എന്തുകൊണ്ട് ഋഷി കപൂറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചില്ല എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമിതാഭ് ബച്ചന്‍ എത്തിയിരുന്നു. തന്റെ പുതിയ ബ്ലോഗിലൂടെയാണ് സുഹൃത്തിനെക്കുറിച്ച് ബച്ചന്‍ മനസുതുറന്നത്. ശിശുവിന്റെതു പോലുളള നിഷ്‌കളങ്കമായ ആ മുഖത്ത് നിരാശ തങ്ങിനില്‍ക്കുന്നത് കാണാന്‍ എനിക്കാവില്ലായിരുന്നു എന്നാണ് ബ്ലോഗില്‍ ബച്ചന്‍ കുറിച്ചത്. പക്ഷേ തനിക്ക് ഒരു കാര്യം ഉറപ്പാണ്. അന്ത്യയാത്രയിലും കുലീനമായ ഒരു പുഞ്ചിരി അവന്റെ മുഖത്ത് തങ്ങിനിന്നിട്ടുണ്ടായിരിക്കും.
അമിതാഭ് ബച്ചന്‍റെ ബ്ലോഗ്
രാജ് ജിയുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി ചെല്ലാനുളള ഭാഗ്യം ലഭിച്ച അപൂര്‍വ്വമായ നിമിഷങ്ങളില്‍ ചെമ്പൂരിലെ കോട്ടേജില്‍ വെച്ചാണ് ചെറുപ്പക്കാരനായ ഊര്‍ജ്ജസ്വലനായ കണ്ണുകളില്‍ കുസൃതി ഒളിപ്പിച്ച ചിന്റുവിനെ കാണുന്നത്. പിന്നീട് ആര്‍കെ സ്റ്റുഡിയോയില്‍ വെച്ച് പലപ്പോഴും കണ്ടു. ബോബി എന്ന ചിത്രത്തിനായി നടനാവാന്‍ കഠിനമായി, ഉത്സാഹപൂര്‍വ്വം പരിശീലിക്കുന്ന ചെറുപ്പക്കാരനെ... ആത്മവിശ്വാസവും നിശ്ചദാര്‍ഢ്യവും നിഴലിക്കുന്ന നടത്തമായിരുന്നു അവന്.
ചിന്റുവിന്റെ മുത്തച്ഛന്‍ ഇതിഹാസം പൃഥ്വിരാജ് ജിയെ അനുസ്മരിപ്പിക്കുന്ന സ്റ്റൈല്‍. ആ നടത്തം മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തു. അവന്‍ എന്ത് പറഞ്ഞാലും ഓരോ വാക്കും നമ്മള്‍ വിശ്വസിക്കും. അതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാനാകില്ല. പാട്ടുകള്‍ക്ക് അവന്‍ ചുണ്ടനക്കുന്നത് പോലെ കൃത്യമായി മറ്റാര്‍ക്കും ചെയ്യാനാകില്ല.
സെറ്റിലെ അവന്റെ കുസൃതികള്‍ പകര്‍ച്ചവ്യാധി പോലെയായിരുന്നു. എത്ര ഗൗരവകരമായ സാഹചര്യമാണെങ്കിലും അവന്‍ അതില്‍ ഹാസ്യം കണ്ടെത്തും ഞങ്ങളെയെല്ലാം പൊട്ടിച്ചിരിപ്പിക്കും. സെറ്റില്‍ മാത്രമല്ല. അവനൊപ്പം പങ്കെടുക്കുന്ന എത് പരിപാടിയുമാകട്ടെ, രോഗം തിരിച്ചറിഞ്ഞ സമയത്തോ ചികിത്സയ്ക്കിടെയിലോ ഒരിക്കല്‍ പോലും അവന്‍ തന്റെ അവസ്ഥയെക്കുറിച്ചോര്‍ത്ത് വിലപിച്ചിട്ടില്ല. പെട്ടെന്ന് തന്നെ കാണാം. ഇത് വെറുമൊരു സാദാ ആശുപത്രി സന്ദര്‍ശനം മാത്രമാണ്. ഞാന്‍ തിരിച്ചുവരും. ഇതായിരുന്നു നിലപാട്.
ജീവിതം ആസ്വദിക്കുക. അത് അവന് അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ജീനിന്റെ പ്രത്യേകതയാണ്. ഇതിഹാസം രാജ് കപൂറില്‍ നിന്ന്. ഞാനവനെ ഒരിക്കലും ആശുപത്രിയില്‍ സന്ദര്‍ശിച്ചില്ല. ശിശുവിന്റെത് പോലുളള നിഷ്‌കളങ്കമായ ആ മുഖത്ത് നിരാശ തങ്ങിനില്‍ക്കുന്നത് കാണാന്‍ എനിക്കാവില്ലായിരുന്നു. പക്ഷേ ഒരു കാര്യം എനിക്കുറപ്പാണ്. അന്ത്യ യാത്രയിലും കുലീനമായ ഒരു പുഞ്ചിരി അവന്റെ മുഖത്ത് തങ്ങിനിന്നിട്ടുണ്ടാവും, അമിതാഭ് ബച്ചന്‍ കുറിച്ചു.


Click it and Unblock the Notifications