മകൾക്ക് 50 കോടിയുടെ ബംഗ്ലാവ് കൊടുത്തതില്‍ തെറ്റില്ല! സ്വത്തിന്റെ കാര്യത്തില്‍ മക്കൾ തുല്യരെന്ന് അമിതാഭ് ബച്ചൻ
ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നടനാണ് അമിതാഭ് ബച്ചന്‍. വലിയൊരു താരകുടുംബമാണ് നടന്റേത്. അതുകൊണ്ട് തന്നെ ബച്ചന്‍ കുടുംബത്തെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയാവാറുണ്ട്. ഏറ്റവും പുതിയതായി അമിതാഭ് ബച്ചന്‍ മകള്‍ ശ്വേത ബച്ചന് കോടികള്‍ വിലമതിയ്ക്കുന്ന ബംഗ്ലാവ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.
പ്രതീക്ഷ എന്ന പേരിലുള്ള ബംഗ്ലാവാണ് ബച്ചന്‍ മകള്‍ക്ക് നല്‍കിയത്. ഏകദേശം 50 കോടി വിലമതിക്കുന്ന ബംഗ്ലാവാണിതെന്നാണ് വിവരം. മാത്രമല്ല തന്റെ സ്വത്തിന് അവകാശം മകനും മകള്‍ക്കും ഒരുപോലെയാണെന്ന് മുന്‍പ് നടന്‍ വെളിപ്പെടുത്തിയിരുന്നു. ലിംഗസമത്വത്തെ കുറിച്ചും തന്റെ സ്വത്തില്‍ മക്കളുടെ തുല്യാവകാശത്തെ കുറിച്ചും മുന്‍പൊരിക്കല്‍ അമിതാഭ് തുറന്ന് സംസാരിച്ചതാണ് ഇപ്പോള്‍ വൈറലാവുന്നത്.

മുന്‍പൊരു അഭിമുഖത്തില്‍, സംസാരിക്കുമ്പോഴാണ് താന്‍ വിവേചനത്തില്‍ വിശ്വസിക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍ വ്യക്തമായി പറഞ്ഞത്. മാത്രമല്ല തന്റെ സ്വത്തില്‍ മക്കള്‍ക്ക് തുല്യാവകാശമുണ്ടെന്നും താരം വിശദീകരിച്ചിരുന്നു. മകള്‍ക്ക് ബംഗ്ലാവ് കൊടുത്തതിന് പിന്നാലെ നടന്‍ അന്ന് പറഞ്ഞ കാര്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
'മകനും മകളും തമ്മിലുള്ള വിവേചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ സ്വത്തില്‍ അഭിഷേകിനും ശ്വേതയ്ക്കും തുല്യ അവകാശമാണുള്ളത്.' എന്നുമാണ് താരം പറഞ്ഞത്. അത് മാത്രമല്ല 2017 മാര്‍ച്ച് 2 ന് അമിതാഭ് ബച്ചന്‍ ലിംഗ സമത്വത്തെക്കുറിച്ച് വീണ്ടും തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
തന്റെ ട്വിറ്റര്‍ പേജിലൂടെ ഒരു പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. 'ഞാന്‍ മരിക്കുമ്പോള്‍, ഞാന്‍ ഉപേക്ഷിക്കുന്ന സ്വത്ത് എന്റെ മകള്‍ക്കും മകനും തുല്യമായി പങ്കിടും. ജെന്‍ഡര്‍ ഇക്യൂലാറ്റി, ഞങ്ങളെല്ലാവരും തുല്യരാണ്',.. എന്നിങ്ങനെയായിരുന്നു ആ പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.
മകള്‍ പെണ്ണായത് കൊണ്ടും അവളുടെ വിവാഹം കഴിഞ്ഞതിനാലും സ്വത്തുക്കള്‍ കൊടുക്കേണ്ടതില്ലെന്ന കാഴ്ചപ്പാട് ഇന്നത്തെ സമൂഹത്തിനുണ്ട്. ഇതിനെതിരെ താരം നല്‍കിയ വലിയൊരു സന്ദേശമായി ഇത് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ആസ്തിയെ കുറിച്ചും വീടുകളെ കുറിച്ചുമൊക്കെയുള്ള കഥകളും പ്രചരിച്ചു.
അമിതാഭ് ബച്ചന് മുംബൈയില്‍ ജല്‍സ, പ്രതീക്ഷ, ജനക് തുടങ്ങി നിരവധി വീടുകളും മറ്റ് സ്വത്തുക്കളുമൊക്കെ ഉണ്ട്. ഇതില്‍ നടന്റെ ആദ്യത്തെ വീടായിരുന്നു പ്രതീക്ഷ. ഇതാണ് മകള്‍ക്ക് സമ്മാനമായി കൊടുത്തിരിക്കുന്നത്. അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നതും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വീടുമായിരുന്നു പ്രതീക്ഷ. ഇതാണ് ശ്വേതയ്ക്ക് കൊടുത്തത്.

തങ്ങളുടെ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശം അമിതാഭും ഭാര്യ ജയ ബച്ചനും ശ്വേതയ്ക്ക് കൈമാറിയതായി ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 16,840 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ബംഗ്ലാവ് 2023 നവംബര്‍ 9 ന് ശ്വേതയുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തു. അതിനായി ബച്ചന്‍ കുടുംബം മൊത്തം 2000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
തങ്ങളുടെ വീട് ശ്വേതയുടെ പേരിലേക്ക് മാറ്റാനുള്ള തീരുമാനം താരങ്ങള്‍ വളരെ മുന്‍പ് എടുത്തിരുന്നതാണെന്ന് ബച്ചന്റെ കുടുംബാംഗമായ ഒരാള്‍ വെളിപ്പെടുത്തി. ഏറെ കാലമായി അടഞ്ഞ് കിടന്നിരുന്ന വീടായിരുന്നു ഇത്. 2007-ല്‍ അമിതാഭിന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാവ് പൂട്ടിക്കിടക്കുകയായിരുന്നു. ഇപ്പോള്‍, ശ്വേതയ്ക്കൊപ്പം അവരുടെ മക്കളും നവ്യയും അഗസ്ത്യയും ബംഗ്ലാവിന്റെ സഹ ഉടമകളാണെന്നും പറയപ്പെടുന്നു.
'കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രതീക്ഷ എന്ന വീട് ആളില്ലാതെ പൂട്ടി കിടക്കുകയായിരുന്നു. 2007-ല്‍ അമ്മയുടെ മരണശേഷം ബച്ചന്‍ സാബ് ഇത് പൂട്ടിയിട്ടിരിക്കുകയാണ്. അതിനും മുന്‍പ് അദ്ദേഹം ജല്‍സയിലും (ബച്ചന്മാരുടെ ഇപ്പോഴത്തെ വസതി) തന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്ന പ്രതീക്ഷയിലാണ് ഉണ്ടായിരുന്നത്.
പിന്നീടാണ് ശ്വേതയെയും അവരുടെ രണ്ട് മക്കളായ നവ്യ നവേലിയെയും അഗസ്ത്യയെയും പ്രതീക്ഷയുടെ ഉടമകളാക്കാനുള്ള തീരുമാനം എടുക്കുന്നതെന്നും', താരകുടുംബത്തോട് അടുത്തവൃത്തം വ്യക്തമാക്കുന്നു.


Click it and Unblock the Notifications











