അനുഷ്കയുടെ സഹോദരനുമായി പിരിഞ്ഞ് മാസങ്ങൾക്കുള്ളിൽ അടുത്ത പ്രണയം; തൃപ്തിയുടെ കാമുകൻ
അനിമൽ എന്ന സിനിമയിലൂടെ നാഷണൽ ക്രഷ് ആയി സിനിമാ പ്രേക്ഷകർ വാഴ്ത്തുകയാണ് നടി തൃപ്തി ദിംരിയെ. വളരെ കുറച്ച് സമയം മാത്രമേ അനിമലിൽ തൃപ്തിയെ കാണുന്നുള്ളൂ. എന്നാൽ നായികാ വേഷം ചെയ്ത രശ്മിക മന്ദാനയേക്കാൾ ചർച്ചയായത് തൃപ്തിയാണ്. ഒരു സിനിമ കൊണ്ട് തൃപ്തിയുടെ കരിയർ ഗ്രാഫിലുണ്ടായ ചലനം ചെറുതല്ല. അതേസമയം നിരൂപക പ്രശംസ ലഭിച്ച സിനിമകളിൽ തൃപ്തി നേരത്തെയും അഭിനയിക്കുന്നുണ്ട്. ലൈല മജ്നു, ക്വാല, ബുൾബുൾ തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്. എന്നാൽ മുഖ്യധാരയിലേക്ക് വരാൻ തൃപ്തിയെ സഹായിച്ചത് അനിമൽ എന്ന സിനിമയാണ്.
പ്രശസ്തി കൂടിയതോടെ തൃപ്തിയുടെ സ്വകാര്യ ജീവിതവും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. 29 കാരിയായ തൃപ്തി നേരത്തെ നിർമാതാവ് കർണേഷ് ശർമ്മയുമായി പ്രണയത്തിലായിരുന്നു. നടി അനുഷ്ക ശർമ്മയുടെ സഹോദരനാണ് കർണേഷ്. തൃപ്തി പ്രധാന വേഷം ചെയ്ത ക്വാല, ബുൾബുൾ എന്നീ സിനിമകൾ നിർമ്മിച്ചത് കർൺേഷും അനുഷ്കയും ചേർന്നാണ്. ഈ സിനിമകൾക്കിടെയാണ് തൃപ്തിയും കർണേഷും പ്രണയത്തിലാവുന്നത്.

സോഷ്യൽ മീഡിയയിൽ തൃപ്തിക്കൊപ്പമുള്ള ചിത്രങ്ങൾ കർണേഷ് പങ്കുവെക്കാറുമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവർ അകലുകയാണുണ്ടായത്. സോഷ്യൽ മീഡയയിൽ അൺഫോളോ ചെയ്ത ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നീക്കി. ബ്രേക്കപ്പിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല. ഇപ്പോൾ തൃപ്തിയെക്കുറിച്ച് മറ്റൊരു വിവരവും പുറത്ത് വന്നു. കർണേഷ് ശർമ്മയുമായി വേർപിരിഞ്ഞ ശേഷം ബിസിനസുകാരനായ സാം മെർച്ചന്റുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
കർണേഷുമായി അകന്ന് മാസങ്ങൾക്ക് ശേഷമാണ് തൃപ്തി പുതിയ ബന്ധത്തിലേക്ക് കടന്നിരിക്കുന്നത്. സാം മെർച്ചന്റും തൃപ്തിയും ഒരുമിച്ചുള്ള ഫോട്ടോകൾ ആരാധകർ കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മോഡലായിരുന്ന സാം മെർച്ചന്റ് പിന്നീട് ബിസിനസിലേക്ക് തിരിയുകയായിരുന്നു. ഗോവയിൽ ബീച്ച് ക്ലബുകളും ഹോട്ടലുകളും ഇദ്ദേഹം നടത്തുന്നുണ്ട്.

2017 ൽ പോസ്റ്റർ ബോയ്സ് എന്ന സിനിമയിലൂടെയാണ് തൃപ്തി ബോളിവുഡിലേക്ക് കടന്ന് വരുന്നത്. പിന്നീട് ലൈല മജ്നു എന്ന സിനിമയിലും അഭിനയിച്ചു. ഇംതിയാസ് അലിയുടെ സഹോദരൻ സാജിദ് അലിയാണ് ലൈല മജ്നു സംവിധാനം ചെയ്തത്. ഈ രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2020 ൽ ബുൾബുൾ എന്ന സിനിമയാണ് തൃപ്തിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്.
അനിമലിന്റെ വിജയത്തിന് ശേഷം കൈ നിറയെ അവസരങ്ങൾ തൃപ്തിക്ക് ലഭിക്കുന്നുണ്ട്. വിക്കി കൗശലിനെ നായകനാക്കി കരൺ ജോഹർ ചെയ്യാനിരിക്കുന്ന സിനിമയിൽ തൃപ്തിയെയാണ് നായികയായി തെരഞ്ഞെടുത്തിരിക്കുന്നത്.
താരത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടായിട്ടുണ്ട്. നിലവിലെ താരത്തിളക്കം നിലനിർത്തുകയെന്നതാണ് തൃപ്തിക്ക് മുന്നിലുള്ള വെല്ലുവിളി. നേരത്തെ രശ്മിക മന്ദാനയെ നാഷണൽ ക്രഷ് ആയി ആരാധകർ ആഘോഷിച്ചതാണ്. എന്നാൽ പിന്നീട് നടിക്ക് നേരെ വ്യാപക ട്രോളുകളും വന്നു.
തൃപ്തിക്കും ഇതേ സാഹചര്യം വരുമോ എന്ന ചോദ്യമുണ്ട്. പൊതുവെ സിനിമയ്ക്കപ്പുറം ബോളിവുഡിലെ ഇവന്റുകളിലൊന്നും തൃപ്തിയെ കാണാറില്ല. തൃപ്തിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. രൺബീർ കപൂറാണ് അനിമലിൽ നായക വേഷം ചെയ്തത്.


Click it and Unblock the Notifications