അച്ഛനും അമ്മയും പിരിഞ്ഞതിന് സ്വയം പഴിച്ചു, സഹപാഠികളുടെ പെരുമാറ്റം മാറി; അൻഷുള കപൂറിന്റെ വാക്കുകൾ
ശ്രീദേവിയും ബോണി കപൂറും ഒരുമിച്ചപ്പോൾ ഏറെ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട മൂന്ന് പേരുണ്ട്. അന്ന് ബോണി കപൂറിന്റെ ഭാര്യയായിരുന്ന മോണ കപൂർ, മക്കളായ അർജുൻ കപൂർ, അൻഷുള കപൂർ എന്നിവർ. ബോണിയുടെ ഭാര്യയായി സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു മോണ കപൂർ. ഇതിനിടെയാണ് ശ്രീദേവിയുടെ കടന്ന് വരവ്. ബോണി നിർമിക്കുന്ന സിനിമകളിൽ ശ്രീദേവി നായികയാകാൻ തുടങ്ങി. അന്ന് മോണയുമായി ശ്രീദേവി സൗഹൃദത്തിലായതാണ്. എന്നാൽ തന്റെ ഭർത്താവ് ഇനി തന്റെ സ്വന്തമല്ലെന്ന് മോണ കപൂർ അറിഞ്ഞപ്പോൾ തകർന്ന് പോയി. ബോണി തന്നെയാണ് ഇക്കാര്യം ശ്രീദേവിയോട് പറയുന്നതും.
മാനസികമായി മോണ തകർന്നു. ബോണി ശ്രീദേവിക്കൊപ്പം പുതിയൊരു ജീവിതവും ആരംഭിച്ചു. ഇതിനിടയിൽ ബാല്യം നഷ്ടപ്പെട്ടത് അർജുൻ കപൂർ, അൻഷുള കപൂർ എന്നിവർക്കാണ്. കുടുംബം കീഴ്മേൽ മറിയുന്നതും അമ്മയുടെ മാനസിക പ്രയാസങ്ങളും ഇവരെ ബാധിച്ചു. അർജുൻ കപൂർ അച്ഛനുമായി ഏറെക്കാലം അകൽച്ചയിലായിരുന്നു.

എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും, കുട്ടിക്കാലത്ത് പോലും പ്രതിരോധ ശക്തി കാണിക്കേണ്ടി വന്നിട്ടില്ലാത്ത നിമിഷം ഓർമയിൽ ഇല്ല. എന്താണ് നടക്കുന്നതെന്ന് ആർക്കുമറിയാത്ത സമയത്ത് അച്ഛനും അമ്മയും വേർപിരിയുന്നത് മനസിലാക്കുക വലിയൊരു ഘട്ടമായിരുന്നു. മുൻവിധിയോടെയുള്ള ആന്റിമാരുടെ നോട്ടങ്ങളും. ഒരു ഗ്രൂപ്പിലേക്ക് ചെല്ലുമ്പോൾ പെട്ടെന്ന് അവർ നിശബ്ദരാകുന്നു. മറ്റുള്ളവർക്ക് എന്നോട് സംസാരിക്കേണ്ട. ഇത് ചില തരത്തിൽ ബാധിക്കും. അച്ഛനും അമ്മയും പിരിഞ്ഞതിന് കാരണമായി ഞാൻ കണ്ടത് എന്നെയാണ്. കുറേക്കാലം ഞാൻ സ്വയം പഴിച്ചെന്ന് അൻഷുള കപൂർ തുറന്ന് പറഞ്ഞിട്ടുണ്ട്.
സഹപാഠികൾ എന്നോട് പെരുമാറുന്ന രീതിയിൽ വലിയ മാറ്റം വന്നു. അവരുടെ കുടുംബത്തിന്റെ പെരുമാറ്റത്തിലും മാറ്റം. സ്കൂൾ കാലഘട്ടത്തിൽ ഇത് തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്നും വെെകാരിക നിമിഷങ്ങളായിരുന്നു അതെന്നും അൻഷുള കപൂർ തുറന്ന് പറഞ്ഞു. 2012 ലാണ് അൻഷുളയുടെയും അർജുന്റെയും അമ്മ മോണ കപൂർ മരിച്ചത്. കാൻസർ ബാധിച്ചായിരുന്നു മരണം. ഈ വിയോഗവും രണ്ട് പേരെയും തളർത്തി. അന്ന് ബോണി കപൂർ ശ്രീദേവിക്കും ശ്രീദേവിയിൽ പിറന്ന മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ്. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നു. എന്നാൽ പിന്നീടിവ കെട്ടടങ്ങി. അച്ഛനുമായുള്ള അകൽച്ച മാറ്റി വെച്ച് അർജുൻ കപൂർ ആശ്വസിപ്പിക്കാനെത്തി.
ബോണിയുടെ നാല് മക്കളിൽ മൂന്ന് പേരും അഭിനേതാക്കാളാണ്. ആദ്യ വിവാഹ ബന്ധത്തിലെ മകൻ അർജുൻ കപൂർ ബോളിവുഡിലെ തിരക്കേറിയ നടനാണ്. ശ്രീദേവിയിൽ പിറന്ന ജാൻവി കപൂർ, ഖുശി കപൂർ എന്നിവരും ബോളിവുഡിലെ അറിയപ്പെടുന്ന യുവ താരങ്ങൾ. അൻഷുള കപൂർ ബിസിനസ് സംരഭകയാണ്. വിവാഹജീവിതത്തിലേക്ക് കടക്കുകയാണ് അൻഷുള.


Click it and Unblock the Notifications
