ബന്ധം കളി തമാശയല്ല; രൺവീറുമായി ഞാൻ പ്രണയത്തിലായാൽ സംഭവിക്കുക; അനുഷ്ക ശർമ്മ അന്ന് പറഞ്ഞത്
ബോളിവുഡ് മാധ്യമങ്ങളിലെ ചർച്ചാ വിഷയമായിരിക്കുകയാണ് ദീപിക പദുകോണും രൺവീർ സിംഗും. ബി ടൗണിലെ പ്രിയ താര ദമ്പതികളായ ഇരുവരും ഒരുമിച്ചെത്തിയ കോഫി വിത്ത് കരൺ എന്ന ഷോ കഴിഞ്ഞ ദിവസമാണ് സംപ്രേഷണം ചെയ്തത്. ഷോയിൽ താരങ്ങൾ പങ്കുവെച്ച വിശേഷങ്ങൾ ഇതിനകം ചർച്ചയായിട്ടുണ്ട്. ഇതിൽ രൺവീറിന്റെ പരമാർശം ട്രോളുകൾക്ക് വഴി വെച്ചിട്ടുണ്ട്.
ദീപികയെ ആദ്യമായി കണ്ടുമുട്ടിയ ഓർമ്മ പങ്കുവെച്ചതായിരുന്നു രൺവീർ. എന്നാൽ നടന്റെ മുൻ കാമുകിയെന്ന് പറയപ്പെടുന്ന അനുഷ്ക ശർമ്മയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് സമാന കഥയാണ് രൺവീർ മുമ്പൊരിക്കൽ പറഞ്ഞത്. ഇതാണ് ട്രോളുകൾക്ക് കാരണമായത്. രൺവീർ കള്ളം പറഞ്ഞതാണെന്നാണ് കമന്റുകൾ.

ദീപിക പദുകോണുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രൺവീർ അനുഷ്ക ശർമ്മയുമായി പ്രണയത്തിലായിരുന്നെന്ന് ബോളിവുഡിൽ ഏറെക്കാലമായുള്ള ഗോസിപ്പാണ്. ഇരുവരും ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ രൺവീറുമായി പ്രണയത്തിലായിരുന്നെന്ന് അനുഷ്ക ഒരിക്കലും പറഞ്ഞിട്ടില്ല. രൺവീർ തന്റെ അടുത്ത സുഹൃത്ത് പോലുമല്ലെന്നാണ് അനുഷ്ക ഒരിക്കൽ പറഞ്ഞത്.
രൺവീറും താനും തമ്മിൽ ചേരില്ലെന്ന് വ്യക്തമാക്കിയ അനുഷ്ക ശർമ ഒരിക്കൽ ഇതിന്റെ കാരണവും തുറന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തീർത്തും വ്യത്യസ്തരായ ആളുകളാണെന്ന് എന്നെയും രൺവീറിനെയും അടുത്തറിഞ്ഞാൽ മനസിലാകും. പ്രണയത്തിലായാൽ ആ ബന്ധത്തിൽ നിന്ന് വ്യത്യസ്തമായ കാര്യമാണ് ഞങ്ങൾ തേടുക. ജീവിതം രണ്ട് പേരും നോക്കിക്കാണുന്നത് വ്യത്യസ്തമായാണ്. അവൻ വളരെ പ്രാക്ടിക്കലാണ്. ഞാൻ അങ്ങനെയല്ല.

എനിക്കവനെ ഇഷ്ടമാണ്, അവൻ ആകർഷണുള്ളവനൊക്കെയാണ്. പക്ഷെ ഒരു ബന്ധം ഒരിക്കലും കളിതമാശയാകാൻ പാടില്ല. എനിക്കൊരാളുമായി പ്രണയമുണ്ടാകുകയാണെങ്കിൽ അയാൾ എന്നെ ശാന്തമാക്കണം. അല്ലെങ്കിൽ അതൊരു നല്ല ബന്ധമാകില്ലെന്നും അനുഷ്ക ശർമ്മ ചൂണ്ടിക്കാട്ടി. ക്രിക്കറ്റർ വിരാട് കോലിയെയാണ് അനുഷ്ക വിവാഹം ചെയ്തത്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
2017 ലായിരുന്നു വിവാഹം. വാമിക എന്ന മകളും താര ദമ്പതികൾക്കുണ്ട്. പൊതുവെ ബോളിവുഡിലെ പൊതുവേദികളിൽ നിന്നും മാറി നിൽക്കുന്ന നടിയാണ് അനുഷ്ക ശർമ്മ. വിരാടിനൊപ്പമുള്ള തന്റെ സ്വകാര്യ ജീവിതത്തിനാണ് അനുഷ്ക ഇന്ന് പ്രാധാന്യം നൽകുന്നത്. അഭിനയ രംഗത്തും അനുഷ്ക സജീവമല്ല. അനുഷ്കയെ പോലെ തന്നെ വിരാടും കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്നു. താനും വിരാടും ഒരേ സ്വഭാവക്കാരാണെന്ന് അനുഷ്ക മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
അനുഷ്ക രണ്ടാമതും ഗർഭിണിയാണെന്ന് സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ പരക്കുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് താര ദമ്പതികൾ പ്രതികരിച്ചിട്ടില്ല. അനുഷ്ക-വിരാട് ദമ്പതികളിൽ നിന്നും വ്യത്യസ്തരാണ് ദീപികയും രൺവീറും. രണ്ട് പേരും കരിയറിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. വിവാഹശേഷം അനുഷ്ക സിനിമാ തിരക്കുകൾ കുറച്ചെങ്കിൽ ദീപികയ്ക്ക് തിരക്കേറുകയാണ് ചെയ്തത്.
ദീപികയുടെ സിനിമകൾ തുടരെ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പഥാൻ, ജവാൻ എന്നീ സിനിമകൾക്ക് ശേഷം ഫൈറ്റർ, കൽകി 2989 എന്നിവയാണ് ദീപികയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. അതേസമയം അനുഷ്ക ശർമ്മയുടെ ചക്ഠാ എക്സ്പ്രസ് എന്ന സിനിമ മാത്രമാണ് റിലീസ് ചെയ്യാനുള്ളത്.


Click it and Unblock the Notifications